ഒരു സുഹൃത്തുണ്ടായിരുന്നു .. ആത്മാര്‍ത്ഥ സുഹൃത്ത് . അഞ്ചാം ക്ലാസ്സുമുതല്‍ ഒന്നിച്ചു പഠിച്ചവന്‍
പഠിക്കാന്‍ അതി സമര്‍ത്ഥന്‍ … അച്ഛനും അമ്മയും പ്രേമ വിവാഹം ആയിരുന്നു . വ്യത്യസ്ഥ മത വിശ്വാസികള്‍ … പക്ഷെ പ്രണയത്തിനു എന്ത് മതം

അവര്‍ക്ക് ഞാനും പ്രിയപ്പെട്ടവന്‍ … ആ വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു ഞാനും … എല്ലാ ശനിയാഴ്ചകകളിലും രാവിലെ ടുഷന്‍ കഴിഞ്ഞു നേരെ അവന്‍റെ വീട്ടിലേക്ക് … അല്ലെങ്കില്‍ എന്‍റെ വീട്ടിലേക്ക് … ഉച്ചയൂണും കഴിഞ്ഞു വൈകിട്ടത്തെ കാപ്പിയും കഴിഞ്ഞേ വീടുകളിലേക്ക് മടങ്ങൂ

ആ അമ്മയ്ക്ക് ഞാനും ഒരു മകനെ പോലെ .. അവന്‍റെ അനുജന് ഞാന്‍ മറ്റൊരു ചേട്ടനും…. അവനോടുള്ളതിനേക്കാള്‍ സ്നേഹവും പേടിയും അനിയന് എന്നോടുണ്ടായിരുന്നു.

കാലം കടന്നു ഞങ്ങള്‍ രണ്ടു കോളേജുകളില്‍ ചേര്‍ന്നു … ദൂരെ ആയിരുന്നതിനാല്‍ ഒരുമിച്ചു കാണുന്നതും കുറഞ്ഞു … എങ്കിലും സമയം കിട്ടുമ്പോള്‍ വീടുകളില്‍ പോകും

ആ അച്ഛനും സ്നേഹം ഉള്ള ഒരു വലിയ മനുഷ്യന്‍ ….. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്തും എന്‍റെ തോളില്‍ കൈ ഇട്ടു അദ്ദേഹം സംസാരിക്കും … അങ്ങനെ തന്നെ നടക്കും രണ്ടാളും കുറെ ദൂരം … അടുത്തുള്ള ബെക്കറിയിലേക്ക് എന്നെയും കൊണ്ട് കയറും .. പിന്നെ വയര്‍ നിറയെ രണ്ടാളും കേക്കും ഐസ് ക്രീമും ഒക്കെ കഴിക്കും…. പൈസ കൊടുക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു . അത് അദ്ദേഹത്തിന്‍റെ അവകാശം അല്ലെങ്കില്‍ അധികാരം ആയിരുന്നു ..

അദ്ദേഹത്തിന്‍റെ ഒരു കുഴപ്പം … നന്നായി മദ്യപിക്കും പക്ഷെ ശല്യമില്ല ….. പതിയെ പതിയെ അദ്ദേഹം മദ്യത്തില്‍ മുങ്ങി താഴുന്നോ എന്നെനിക്കു പലപ്പോഴും സംശയം തോന്നി … പറയാന്‍ അധികാരം ഉണ്ടങ്കിലും ധൈര്യം ഇല്ലായിരുന്നു

ഒരു ദിവസം അദ്ദേഹം ഓഫിസില്‍ കുഴഞ്ഞു വീണു മരിച്ചു …… അച്ഛന്റെ മരണം അവനെ ആകെ തകര്‍ത്തു … അധികം മിണ്ടാട്ടം ഇല്ല …. വെറുതെ മുറിയില്‍ അടച്ചിരിക്കും

പഠിത്തം കഴിഞ്ഞു അവനു ഭെല്ലില്‍(BHEL) ജോലി കിട്ടി … ഞാന്‍ വിദേശത്തും ….. … കാലം രണ്ടു പേരെയും അകറ്റി … ഒരു വിവരങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കുറെ നാള്‍ അറിഞ്ഞില്ല എങ്കിലും മനസ്സുകള്‍ മാത്രം അകന്നില്ല …

വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോള്‍ കതകു തുറന്നത് അമ്മ …. അമ്മയുടെ പിറകില്‍ അവനും …. ജോലിയൊക്കെ രാജി വച്ച് വന്നിരിക്കുകയാണ് ….. കാരണം മറ്റൊന്നുമല്ല … ചെറിയ മാനസിക പിരിമുറുക്കം … ചിന്തിക്കുന്നതുംപറയുന്നതും തമ്മിലുള്ള പൊരുത്തക്കേട് …. അവന്‍ തന്നെ സംസാരിക്കുന്നു … അമ്മ ഒന്നും മിണ്ടുന്നില്ല ….

ആ അമ്മയുടെ കരുത്തില്‍ വീണ്ടും അവന്‍ ടെസ്റ്റ്‌ എഴുതി ടെലികോം എഞ്ചിനീയര്‍ പോസ്റ്റില്‍ നാട്ടില്‍ തന്നെ ജോയിന്‍ ചെയ്തു ….
എല്ലാം ശരിയായി എന്ന് കരുതി ഇരിക്കുമ്പോള്‍ ഒരു ദിവസം അമ്മച്ചി വിളിച്ചു പറഞ്ഞു അവന്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയെന്ന് …
ആ അമ്മയെ ഞാന്‍ വിളിച്ചില്ല … വിളിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു അത് തന്നെ കാരണം ……..

അനുജനെ ഒരിക്കല്‍ ബിഷപ്‌ ജെറോം നഗറില്‍ ബാങ്കില്‍ വച്ച് കണ്ടു .. നല്ല ജോലി ഒക്കെ ആയി … വിവാഹം കഴിഞ്ഞു …… കൈ കൊടുത്തപ്പോള്‍ അവന്‍റെ കൈയ്ക്ക് ചെറിയ വിറയല്‍ …. തണുപ്പും … കാര്യം മനസ്സിലായി ….. അച്ഛന്‍റെ വഴിയെ അവന്‍ നടന്നു തുടങ്ങിയിരിക്കുന്നു

അന്ന് അച്ഛന്റെ മറ്റൊരു വേഷം ഞാനും എടുത്തണിഞ്ഞു … അവന്‍റെ തോളില്‍ കൈയിട്ടു ജെറോം നഗര്‍ മുതല്‍ ബീച്ചിലേക്ക് നടന്നു… രണ്ടാളും ഒന്നും മിണ്ടിയില്ല … പ്രശാന്തിയില്‍ നിന്നും മസാല ദോശ വാങ്ങി കഴിച്ചു… ഐസ് ക്രീമും … പൈസ ഞാന്‍ തന്നെ കൊടുത്തു കാരണം അവനതിനു ധൈര്യം കാണില്ലെന്നെനിക്കറിയാം … പിരിയാന്‍ നേരം അവന്‍റെ വിറയ്ക്കുന്ന കൈകള്‍ ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു “അമ്മയെ ചോദിച്ചതായി പറയണം “
തല കുലുക്കി സമ്മതിക്കുമ്പോള്‍ കണ്ണുകളില്‍ നീര്‍മണികള്‍ ആടി നില്‍ക്കുന്നു

തൊട്ടടുത്ത വര്‍ഷം ഒരു മനോരമ പത്രത്തിന്‍റെ ചരമ പേജില്‍ അവനെ ഞാന്‍ കണ്ടു….. കണ്ണില്‍ ഇരുട്ട് കയറിക്കൂടുന്നതിനു മുന്നേ ഒന്നു കൂടി നോക്കി….. അവന്‍ തന്നെ … കുമരകത്ത് ബോട്ടില്‍ നിന്നും വീണു മരിച്ചു …..

എന്നിട്ടും ഞാന്‍ അമ്മയെ വിളിച്ചില്ല …. .. വിളിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു അത് തന്നെ കാരണം ……..

അടുത്ത തവണ അവധിക്കു വന്നപ്പോള്‍ ഭാര്യ എന്നെ നിര്‍ബന്ധിച്ചു അവിടേക്ക് കൊണ്ട് പോയി ….. വാതില്‍ തുറന്നത് അമ്മ .. അല്ല ഒരു മനുഷ്യക്കോലം … ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല …… പക്ഷെ എനിക്ക് മനസ്സിലായി …..

എന്നെ കണ്ട ഞെട്ടലില്‍ ഒരു നിമിഷം അമ്മ നിന്നു … പെട്ടെന്ന് ഓടി വന്നു എന്‍റെ മകനെ വാരിയെടുത്ത് മാറോട് ചേര്‍ത്ത് അകത്തേക്ക് പോയി ….. പിറകെ നടക്കാന്‍ തുടങ്ങിയ എന്നെ ഭാര്യ തടഞ്ഞു … “വേണ്ട … അമ്മ കൊണ്ട് പോകട്ടെ …….”

ഞങ്ങള്‍ രണ്ടാളും മുറ്റത്തേക്കിറങ്ങി .. മൂന്നുപേരുറങ്ങുന്ന മണ്ണിലൂടെ വെറുതെ നടന്നു … അകത്തു മകന്റെ പൊട്ടിച്ചിരികള്‍ കേള്‍ക്കാം …. പുറത്ത് മഴയുടെ തുടക്കം …… ചെറിയ മഴ നഞ്ഞു കൊണ്ട് തന്നെ കുറെ നേരം അവിടെ നിന്നു …..

തിരിച്ചു വീട്ടിലേക്കു കയറി …. മേശപ്പുരത്ത് പഴയ സ്റ്റീല്‍ ഗ്ലാസില്‍ .. കട്ടന്‍ കാപ്പി ഒഴിച്ച് വച്ചിരിക്കുന്നു .. അനുവാദം ചോദിക്കാതെ എടുത്തു കുടിച്ചു …. ഭാര്യ അടുക്കളയിലേക്ക് പോയി …..

മുറിയൊക്കെ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു …. മൂന്നു പേരുടെയും ഫോട്ടോകളില്‍ വാടിത്തുടങ്ങിയ മുല്ലപ്പൂമാല …… അച്ഛന്റെ ചാര് കസേരയില്‍ അന്നത്തെ പത്രം കിടക്കുന്നു….. സകല ധൈര്യവും സംഭരിച്ചു ഞാന്‍ ചാര് കസേരയില്‍ ഇരുന്നു ….. അധികാരത്തോടെ അവകാശത്തോടെ ….

മകനെയും ഒക്കെത്തെടുത്ത് അമ്മയും കൂടെ ഭാര്യയും മുറിയിലേക്ക് വന്നു …. ഭാര്യയുടെ കണ്ണുകള്‍ ഉപ്പന്‍റെ കണ്ണുകള്‍ പോലെ ചുവന്നു കിടക്കുന്നു … അമ്മ തിരക്കിലാണ് … ഒരു പാത്രത്തില്‍ നിന്നും ഏതോ കറി ഒഴിച്ച ചോറ് മകന് വാരിക്കൊടുക്കുകയാണ് …… അവന്‍ ആസ്വദിച്ചു കഴിക്കുന്നു ….

ഇറങ്ങാന്‍ നേരം ചേര്‍ത്തൊന്നു പിടിച്ചു …. അത്രമാത്രം…….. ഒരു ഏങ്ങല്‍ ഞാന്‍ കേട്ടു ……. ശബ്ദമടച്ച ഒരു ഏങ്ങല്‍ …..

ഇറങ്ങി നടക്കുമ്പോള്‍ എന്തോ നഷ്ടപ്പെട്ട പോലെ ….. തിരിച്ചുകിട്ടാത്ത ചില നഷ്ടപ്പെടലുകള്‍ …..

എന്നിട്ടും ഞാന്‍ അമ്മയോട് സംസാരിച്ചില്ല …. .. സംസാരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു അത് തന്നെ കാരണം ……..
——————————————
കഥയല്ലിത് ….. അനുഭവം മാത്രം

By ivayana