ഓണം വീണ്ടും അരികിലെത്തീടുമ്പോൾ
ഓർത്തുപോയി ഓർക്കാതിരുന്നകാര്യം
ഓർത്തപ്പോളൊരുപാട് വേദനയുള്ളത്തിൽ
ഓടിയെത്തി ഇന്നത്തെ ഓണമോർത്ത്

ഓണമായിരുന്നല്ലോ മലനാട്ടിലെന്നെന്നും
മാവേലി വാണൊരാ നല്ലകാലം
വലുതില്ലചെറുതില്ല എല്ലാവരും ചേർന്ന്
സന്തോഷം പങ്കിട്ട സുവർണ്ണകാലം

രാജാവും പ്രജകളും തുല്യരാണെന്നത്
രാജാവുതന്നെ പഠിപ്പിച്ചകാലം
കള്ളത്തരങ്ങളും പൊളിവചനങ്ങളും
ആർക്കുമറിയാത്ത ശ്രേഷ്ഠകാലം

മാവേലിത്തമ്പ്രാന്റെ ഭരണത്തിൽ സഹികെട്ട്
ആൾമാറാട്ടം ചെയ്തതു ദൈവങ്ങളോ ?
മൂന്നടിമണ്ണിന്റെ യാചനയുമായ് വന്ന
ദിവ്യരൂപം ചെയ്തത് വഞ്ചനയോ ?

മാവേലി തലതാഴ്ത്തി പാതാളത്തിൽപ്പോയി
തലയില്ലാതായത് മലനാട്ടിൻ പ്രജകൾക്കല്ലേ ?
അന്നുതൊട്ടിന്നോളം പ്രായശ്ചിത്തമായിതാ
മലയാളമാ കളങ്കം വാരിച്ചാർത്തീടുന്നു…

അതുവരെയുള്ളൊരാ സംസ്കാരം കൈവിട്ടു
അവിടുന്നുനടന്നിന്ന് എവിടെയെത്തി ?
അതു മറച്ചറിയാത്ത ഭാവത്തിൽ നമ്മളും
ആടുന്നുപാടുന്നു തിരുവോണമായി….

ഇന്നില്ലതുല്യത ഇന്നില്ലമാന്യത ചൊല്ലുവാൻ
ഇന്നാസമൂഹം പലതട്ടിലായി
തട്ടിപ്പുംത്തട്ടിപ്പറിയും കലയാക്കി നാമിതാ
സൃഷ്ടിച്ചെടുത്തല്ലോ മേധാവിത്വം മണ്ണിൽ ..!

ഓണമാഘോഷിക്കുന്ന നമ്മളിന്നോർക്കുക
കളവും ചതിയും നാം സ്വന്തമാക്കിയില്ലേ ?
ജാതിയും മതവും കൂടെ ദൈവങ്ങളേയും കൂട്ടി
മതിലുകൾതീർത്തു തമ്മിൽ യുദ്ധമല്ലേ?

ഓണമെന്നുള്ളൊരാ പാവനസ്മരണയെ
ആർഭാടവേളയായ് മാറ്റിയില്ലേ ?
മാതോരുവെയ്ക്കാതെ മാവേലിവേഷത്തിൽ
കോമാളിവേഷം നിറഞ്ഞാടിയില്ലേ?

വയറിലെമദ്യവും മനസിലെ വൈരുദ്ധ്യവും
കണ്ടാൽ മാവേലി വേഗംതിരിച്ചുപോകും.
അഹങ്കാരവും ആർഭാടവും ചേർന്നുള്ള
അഭിനയം കണ്ടാലിനിയീ വഴി വരുമോ ?

എന്തു പറഞ്ഞാലും എന്തൊക്കെ ചെയ്താലും
ഇനിയുമാകാലം വീണ്ടും വന്നെത്തുമോ ?
നമ്മളെ നന്നാക്കാൻ മാവേലിയില്ലെങ്കിലും
തമ്മിലടിയിനിയെങ്കിലും നിർത്തിക്കൂടെ?

മാവേലി വാണൊരാ നല്ലകാലം പുനർ _
ആവിഷ്ക്കരിക്കാൻ നമുക്കാവുകില്ലേ ?
ഇല്ലെന്നുപറയുവാൻ മാത്രമേ കഴിയുള്ളൂ
എങ്കിലും വന്നെങ്കിലെന്നതൊരാശ മാത്രം

ഇന്നുകൊണ്ടാടുന്ന ഓണം തിരുവോണമായ്
എന്നുകൊണ്ടാടും നാം അറിഞ്ഞുകൂടാ….
എങ്കിലും ഓണം അതൊരോളമായെങ്കിലും
ഒരു നാലുദിവസം നാം കൊണ്ടാടുക.

മോഹനൻ താഴത്തേതിൽ

By ivayana