ഭൂതകാലത്തിൻ്റെ മുറ്റത്തു പാറുന്നൂ
മൂകമായ് തുമ്പികൾ വട്ടത്തിലായ്
പീതവും ശ്യാമവുമൊന്നിച്ചു ചേർന്നുള്ള
കുഞ്ഞിച്ചിറകുകൾക്കെന്തുഭംഗി

മുക്കുറ്റി വെമ്പുന്നു പൂക്കൂവാൻ നന്നായി
മുറ്റത്തെയത്തക്കളത്തിലേറാൻ
ചെറ്റെഴുമായിരം വർണ്ണം വിരിക്കുന്നു
പുഷ്പങ്ങളോണം വിളിച്ചുചൊല്ലാൻ

ചെറ്റപ്പുരകളിൽ ചാണകം തേക്കുന്നു
മുറ്റങ്ങൾ ചെത്തി വെടിപ്പാക്കുന്നു
ഊഞ്ഞാലുകെട്ടുവാനായത്തിലാടുവാൻ
കുതൂഹലത്തോടെ ശൈശവങ്ങൾ

കർക്കടകത്തിൻ്റെ പട്ടിണിപ്പാട്ടുകൾ,
ചേട്ടയോടൊപ്പം പടിയിറക്കി
പൊൻവെയിലെത്തുന്നു, മിന്നിത്തിളങ്ങു-
ന്നൊരുത്സവംവന്നെന്നു ചൊന്നിടുന്നു

കാറൊളിതുള്ളിക്കളിച്ചതാം മാനത്തു
വാരൊളിമെല്ലെയുദിച്ചിടുമ്പോൾ
സൂര്യബിംബത്തെ മറച്ചതാം മേഘങ്ങൾ
പെയ്തൊഴിഞ്ഞീമണ്ണ് കന്യകയായ്

വേനലിൽ വറ്റിക്കിടന്ന നദികളിൽ
വാരിയായ് വാരിജം പൂക്കയായി
തെച്ചി,മന്ദാരവും ചേമന്തിപ്പൂക്കളും
തുഷ്ടിയാൽ കൺമിഴിച്ചാനന്ദമായ്

എങ്ങുമൊരുത്സാഹമേറിവരുന്നുണ്ട്
ചിങ്ങമായെന്നതിൻ ചിഹ്നമായി!
ഓണമിങ്ങെത്തിടാനോർമ്മ പുതുക്കിടാൻ
മാവേലിപ്പാട്ടുകൾ നാവിലെത്തി

കെട്ടതാംകാലത്തു കെട്ടിടാത്തോർമ്മകൾ
നർത്തനമാടുന്നു നെഞ്ചകത്ത്
ഓർമ്മകൾ നാക്കില മെല്ലെനിരത്തുന്നു
സ്വാദുള്ളൊരക്കാലം തന്നുപോകാൻ

ഒന്നിച്ചുകൂടുവാൻ കൈകൊട്ടിപ്പാടിടാ-
നെന്നിനിയൊത്തിടും ഖിന്നനായ് ഞാൻ
ചിങ്ങം പിറക്കട്ടെ, ദുഷ്ക്കാലം പോകട്ടെ
നന്മ ഞാൻ നേരുന്നെൻ കൂട്ടുകാരേ

എൻ.കെ.അജിത്ത് ആനാരി

By ivayana