രചന : ലക്ഷ്മി എൽ ✍
രാവിലെതന്നെ നടുവേദനയുടെ കെട്ട് അവൾ അഴിച്ചിട്ടു.. ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ടു ഒന്നു രണ്ട് വർഷമായതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..
പതിവുപോലെ ഞാനും പറഞ്ഞു, നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്ന്. അതോടെ അവളുടെ വേദന പമ്പകടക്കുമെന്ന് എനിക്കറിയാം. കാരണം എന്‍റെ കയ്യിൽ കാശില്ല എന്നവൾക്ക് നന്നായ് അറിയാം..
മുൻപ് ഒരിക്കൽ വേദന പറയുന്നതു കേട്ടു സഹിക്കാൻ വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടുപോയതാ. അന്ന് ഡോക്ടർ പറഞ്ഞു ഒരു MRI സ്കാൻ വേണമെന്ന്..
ഓ അതിന് ഇനി പത്തായിരം രൂപ വേണം എന്ന് പറഞ്ഞ് അവളാണ് ആദ്യം അവിടുന്നിറങ്ങിയത്..
പിന്നെ നടുവേദനിക്കുന്നേ എന്നു അവളുടെ പതിവ് പല്ലവിയും ഹോസ്പിറ്റലിൽ പോകാം എന്നത് എന്റെ പതിവ് ഉത്തരവുമായി മാറി..
ഇന്ന് എന്തോ അവൾ കേട്ടപാതി കേൾക്കാത്തപാതി പോകാനായി ഒരുങ്ങി. നിവർത്തിയില്ലാതെ ഞാനും ഒരുങ്ങിയിറങ്ങി..
അവിടെ ചെന്നപ്പോൾ ഡോക്ടർ കുറെ ടെസ്റ്റ്കൾക്ക് ഏഴുതിത്തന്നു. അവസാനം റിസൾട്ട് വന്നപ്പോൾ ഒരു പതർച്ചയോടെ ഡോക്ടർ പറഞ്ഞു, അവള്‍ക്ക് നട്ടെല്ലിനുള്ളിൽ ക്യാൻസർ ആണെന്ന്..
എന്താണ് കേട്ടതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ പ്രേത്യേകിച്ചു ഭാവഭേദം ഒന്നും കണ്ടില്ല. അവൾ ഇത് പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി..
അവിടെനിന്നും വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കാലുകൾ നിലത്തു മുട്ടുന്നുണ്ടോ എന്നുപോലും എനിക്ക് അറിയില്ല.
അവൾക്കാണെങ്കിൽ നട്ടെല്ലിന് ക്യാൻസർ മൂന്നാം സ്റ്റേജിൽ ആണെന്നറിഞ്ഞ ഒരു ഭാവവും ഇല്ല. ഒരുവിധമാണ് വീടെത്തിയത്..
ഹൃദയത്തിൽ എവിടെയോ ഒരു സങ്കടക്കടൽ ഇരമ്പുന്നു. കുറ്റബോധം കാരണം അവളുടെ മുഖത്തുനോക്കാൻ കഴിയുന്നില്ല. അവസാനം ഒരു പതർച്ചയോടെ RCC യിൽ പോകുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ..
ഏട്ടന് ഒരു പണിയും ഇല്ലേ.., ഈ സ്റ്റേജിൽ ഇനി ചികിത്സക്ക് ഇറങ്ങി, എല്ലായിടത്തൂന്നു മുഴുവൻ കടവും വാങ്ങി ചികിൽസിക്കാൻ പോയാൽ,
ഞാൻ പോകാനുള്ളത് പോകുകയും ചെയ്യും ഏട്ടന് വീട്ടാൻ കഴിയാത്ത അത്രയും കടവും ആകും. ഞാൻ എങ്ങോട്ടും ഇല്ല എന്ന അവസാന വാചകവും പറഞ്ഞു അവൾ അടുക്കളയിലേക്കുപോയി..
എനിക്കാണെങ്കിൽ നെഞ്ചിൽ ഒരു ഭാരം ഇറക്കിവെച്ചപോലെ.. അവൾ തിരിച്ചുമുറിയിലേക്കു വന്നപ്പോൾ ഞാൻ ചെന്ന് അവളെ ചേർത്തുപിടിച്ചു. ആ കൈ പതിയെ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞു,
ഇന്നെന്താ ഒരു പുതുമ. ഇതുപോലെ എന്നെ ഒന്ന് ചേർത്തുനിർത്തിയിരുന്നേൽ എന്നാഗ്രഹിച്ച എത്രെയോ സമയങ്ങൾ ഉണ്ട്. അന്നൊക്കെ നിനക്കിതെന്തിന്റെ അസുഖമാ എന്നും പറഞ്ഞു മാറ്റിനിർത്തിയ ആളാണോ ഇപ്പൊ ചേർത്തുപിടിക്കാൻ വരുന്നത്.
ഇനി അതിന്റെയൊന്നും ആവശ്യമില്ല. ഞാൻ ആ ആഗ്രഹമൊക്കെ എന്നേ കുഴിച്ചുമൂടി എന്നുപറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ അവിടെനിന്നും പോയി..
എന്നിട്ടും എനിക്ക് അപ്പോൾ പറയാൻ കഴിഞ്ഞില്ല, എനിക്കുവേണ്ടിയാണ് ഞാൻ അവളെ ചേർത്തുപിടിച്ചതെന്ന്. അവളെ എനിക്ക് ഇഷ്ടമൊക്കെയായിരുന്നു, പക്ഷെ അതു പ്രകടിപ്പിക്കാൻ ഞാൻ മിനക്കേടാറില്ലാരുന്നു.
അവൾക്കാണെങ്കിൽ എപ്പോഴും പരാതി അതുകൊണ്ട് ആ ഭാഗത്തേക്ക് തിരിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നെപ്പിന്നെ പരാതി പറയുന്നത് അവളും നിർത്തി.
വീടിന്റെ ഏതൊക്കെയോ മൂലകളിൽ എന്തൊക്കെയോ ചെയ്തുകൊണ്ട് അവളും ഒഴിഞ്ഞുമാറി. ആ ഒഴിഞ്ഞുമാറ്റം എനിക്ക് ഒരു സ്വാതന്ത്ര്യവുംമായി. പക്ഷെ ഇപ്പോൾ ഞാൻ അവളെ ഒരുപാട് അവഗണിച്ചു എന്ന തോന്നൽ എന്നിൽ ശക്തമായി വളരുന്നു..
ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ എന്റെ കട്ടിലിന്റെ അരികു ചേർന്ന് അവൾ ഇല്ല. എല്ലാ പരാതികളും ഉപേക്ഷിച്ചു, അവൾ ഇനി ഒരിക്കലും ഒരുവാക്കുകൊണ്ട് പോലും എന്നെ ശല്യം ചെയ്യാൻ വരാത്തയിടത്തേക്കു പോയി.
ഇന്നെന്തോ ഈ കട്ടിലിൽ ഒരു വലിയ ശൂന്യത എനിക്ക് അനുഭവപ്പെടുന്നു. അവൾ എന്റെ ജീവിതത്തിൽ ഒരു വലിയ ഭാഗമായിരുന്നു എന്നെനിക്കു മനസിലാക്കാൻ അവൾ ഇല്ലാതെയാകേണ്ടി വന്നു..
അവൾ അധികം സംസാരിക്കാതിരിക്കാൻ വേണ്ടി വെറുതേ കണ്ണടച്ചുകിടന്നിരുന്ന എന്റെ കണ്ണിന്റെ വിടവിൽ കൂടി ഇതാ അവളെ ഓർത്തു കണ്ണുനീർ തുള്ളികൾ ഒഴുകുന്നു. ഒന്നുമാത്രം ഇപ്പോൾ എനിക്കറിയാം,അവളെ കുറച്ചുകൂടി സ്നേഹിക്കേണ്ടതായിരുന്നു എന്ന്.
കുറച്ചുകൂടി അവളെ പരിഗണിക്കേണ്ടതായിരുന്നു എന്ന്. കാരണം അവൾ ഇല്ലാതെയായപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ വിടവ് ആ ശൂന്യത അത് എനെ വല്ലാതെ തളർത്തുന്നു..
ഒന്നുമാത്രം ഇപ്പൊ എനിക്കറിയാം, സ്നേഹിക്കുവാനുള്ള അവസരത്തെ ഒരിക്കലും നാളത്തേക്ക് മാറ്റിവെക്കരുത്..
ഇതിൽ പറഞ്ഞ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാവാം. പക്ഷെ, കഥ ഉൾക്കൊണ്ട് തിരിച്ചറിവോടുകൂടി പെരുമാറുക..
ഇന്ന് ഈ മൊബൈൽ ഫോൺ കാരണം രണ്ടു കൂട്ടരുടേയും സ്നേഹം പകുതിയോളം കുറഞ്ഞു പോയിട്ടുണ്ടന്ന് പറയാതെ പറയുന്നുണ്ട് പലരും, അതൊന്നും കൂടുതൽ വിശദീകരിക്കേണ്ട ആവിശ്യമില്ലന്നറിയാം.. ഈ കുറഞ്ഞജീവിതത്തിൽ പരസ്പരം സ്നേഹിച്ചു കഴിയാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു വായിച്ചവർക്ക് ഒത്തിരി നന്ദി…
കടപ്പാട് ❤️