സൂര്യൻ കെട്ട ദിനങ്ങൾ, മലയുടെ-
യങ്ങേക്കോണിലുരുണ്ടു വരും മഴ,
തട്ടിയുടച്ചു കുതിച്ചൊഴുകിപ്പാ-
ഞ്ഞെത്തിയതാരുമറിഞ്ഞെങ്കിലു-
മൊട്ടുകുരച്ചു കുതിച്ചവൾ നീ കുവി,
പൊട്ടിയൊലിച്ചു വരും മലവെള്ളം
പാഞ്ഞൊഴുകും വഴി വീണുടയുന്നവ-
രാരെന്നറിയാതോടി നടന്നു.

ദൈവം വൻ മല വെട്ടിയൊരുക്കി-
പ്പാർപ്പിച്ചവരാ,ണവരുടെ പുർവ്വികർ
നട്ടു നനച്ചു വളർത്തിയ പച്ച-
പ്പിൻ്റെയിളം കിളിർ നുള്ളിയപോലെ,
പെയ്ത ദയാശ്രയദൃക്കാൽ സൂക്ഷ്മം
കിള്ളിയെടുക്കുകയാവാം; കണ്ണിൽ
കാളിമ തിമിരം ബാധിച്ചവനേ
കളിയിൽ നീ കളിവീടു തകർത്തോ?

കുവി നീ വായൊഴിയാതെ കരഞ്ഞു,
പാഞ്ഞൊഴുകും പുഴയോളമറിഞ്ഞോ?
മണ്ണിലമർന്നു പുതഞ്ഞ കുരുന്നിൻ
കൈവള,കാൽത്തളിർ, കുഞ്ഞുകരങ്ങൾ
തന്നെത്തൊട്ടുതലോടിയ സ്നേഹം
എങ്ങു മറഞ്ഞോ ? മുങ്ങിയെണീറ്റ
മലഞ്ചെരിവാകെയരിച്ചു മണത്തു-
മലഞ്ഞു നടന്നു കിതച്ചൂ നീ കുവി.

ആരുടെ ഭൂമിയിലോ മണിസൗധ-
ക്കാടുപണിഞ്ഞു മടുത്തൂ നമ്മൾ,
ആരുടെ മണ്ണും മലയുമൊഴി-
പ്പിച്ചാരയെകറ്റിക്കുറ്റിയടിച്ചോ?
ചേതനയറ്റ കുരുന്നു കിടന്നോ-
രിടവും നമ്മുടെ മറമതിലുകളും
ആരുടെ?യാരുടെ പൂർവ്വപുരാതന-
യൗസ്യത്തായ്പണിതാരോയിവിടെ?

ഏതാ ചോദന? നീ ഒഴിയാതെ
കരഞ്ഞു വിളിച്ചു തനുഷ്കയെ! ഏതോ
ചേതന തട്ടിയുണർത്തിയ ചോലയി-
ലാകെ നനഞ്ഞു കുളിക്കുക നമ്മൾ….

By ivayana