കൊല്ല (കൊന്ന) വർഷം 1200 ചിങ്ങം
കൊല്ലവർഷാരംഭമായ് ചിങ്ങവുമുണർന്നതിന്
മുന്നിലെ വസന്തത്തിന്നോർമ്മകൾ വിളയിക്കാൻ !
വന്നുനിൽക്കയാണിതാ
ചുണ്ടിലെ സ്മിതങ്ങളിൽ
മാഞ്ഞ് പോയ കാലത്തിന്നു ൺമയെത്തെളിച്ചിട്ട്…
കേരളത്തിൻ്റെ സംസ്കാരഗോപുര
ച്ചാരുചിത്രമായ് നിൽക്കുന്നൊരുൽസവം
ഓണനാളുകൾ! ഓർമ്മയിൽക്കോറിയ
വർണ്ണമേലാപ്പുകൾക്കുമങ്ങപ്പുറം
മങ്ങിനിൽക്കും തിരശ്ശീല മാറ്റുക
കണ്ട് പോവുക, ആരോ മറച്ചിട്ട
ആണ്ടു പോയൊരെൻ നാടിൻ്റെ സംസ്കൃതി,
ആര്യവംശക്കൊടുംചതിയേടുകൾ…
അഞ്ച് നാടുകൾ ചേരസാമ്രാജ്യമായ്
സഞ്ചയിപ്പിച്ച ചേരളം; സൈന്ധവർ
നട്ട സംസ്കാരസമ്പന്നതയ്ക്കുമേൽ
നമ്മൾ നന്നായ് പണിഞ്ഞിട്ട സംസ്കൃതി,
നന്മ നന്മേനി കൊയ്തവർ, നാടിനെ
തിന്മ തീണ്ടാതെ കാത്ത നൂറ്റാണ്ടുകൾ…
മന്നിലെ സ്വർഗ്ഗമിങ്ങനെ പോരവേ,
വന്നു വൈദേശനാടോടിവാസികൾ,
നഗ്നരായവർ; അന്നവസ്ത്രാദിയും
ഭൂമിയും നൽകി സ്വാഗതം ചെയ്തു നാം….
ഭൂമിയിൽ തിന്മ തീണ്ടാത്ത നാടിൻ്റെ
നാഡിയിൽ താഴ്ന്ന വേരായ് വളർന്നവർ
ആണ്ടുകൾ നീണ്ടുപോകെ വിഷം മുറ്റി
ആണ്ടിറങ്ങിയീ മണ്ണിൽപ്പടർന്നവർ;
തന്ന കയ്യുകൾ വെട്ടിനിക്കാൻ പോന്ന
വൻമഴു കയ്യിലേന്തിയ ഭാർഗ്ഗവ
നാമധാരികൾ; സംഘമായ് വന്നവർ;
കൊന്നുതള്ളി
യൊരേത്രപേർ , നാടിൻ്റെ
ഉൺമയെ വെട്ടി മാറ്റിപ്പണിഞ്ഞവർ*…
തീർച്ച , മാഞ്ഞറ്റുപോകാത്ത നാടിൻ്റെ
വാഴ്ചയാണോണമോർത്തെടുത്തീടണം
വീഴ്ചകൾക്കുമേൽ കാലം പുലർത്തുന്ന
കാഴ്ച, കാക്കും ചരിത്രവേഗങ്ങളെ…
ചേരളത്തിൻ്റെ അന്ത്യം കുറിക്കുവാൻ
ചോര ചീന്തിക്കൊലക്കളം തീർത്തവർ
ചേരനാടിൻ്റെ മന്നനെ ,
പത്തുനാൾ
നീണ്ടപോരിനാൽ മണ്ണിലേക്കാഴ്ത്തിപോൽ …
അക്കൊലക്കിട്ട പേരാം മഹാബലി…
ഓർക്കണം കാലചിത്രപഥങ്ങളെ…
പോർക്കളങ്ങളങ്ങൾക്ക് മേൽ നമ്മൾ തീർക്കുന്ന
പൂക്കളങ്ങൾ ഹാ! ഓണം മഹോന്നതം…!!

പരശു രാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്ന് വെറുതേ കഥയുണ്ടാക്കിയതല്ല! മഴുകൊണ്ട് തന്നെയാണ് കേരളം വെട്ടിപ്പിടിച്ചത്, പരശുരാമന്മാർ…
അവസാന ചേര രാജാവ് ചേരൻ മഹിഷപ്പെരുമാൾ കേരളത്തിലെ 5 നാടുകളും 64 ഊ രുകളുടെയും അധിപൻ.
അദ്ദേഹത്തെ കൊന്നതോടെ കേരളം പൂർണമായും ആര്യാധിപത്യത്തിൽ ആയി.

ഷാജി നായരമ്പലം

By ivayana