രചന : മുരളി തുമ്മാരുകുടി ✍
2011 ൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ഒരു പാസഞ്ചർ ബസ് ശൃംഖലയാണ് ഫ്ലിക്സ് ബസ്. അഞ്ഞൂറും ആയിരവും കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലേക്ക് സുഖപ്രദമായി യാത്ര ചെയ്യാവുന്ന ബസുകൾ. വിമാന സർവീസുകൾ പോലെ ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം, ബസുകൾ തത്സമയം ട്രാക്ക് ചെയ്യാം. മുൻകൂർ ബുക്ക് ചെയ്താൽ ചാർജ്ജ് വളരെ കുറവ്, ഇതൊക്കെയാണ് ഫ്ലിക്സ് ബസിന്റെ രീതി. ജർമ്മനിയിൽ വളരെ പെട്ടെന്ന് ഇവർ മാർക്കറ്റ് ഉണ്ടാക്കി.
ഇന്നിപ്പോൾ യൂറോപ്പിലെ നാല്പത് രാജ്യങ്ങളിൽ അയ്യായിരം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സർവ്വീസുകൾ നടത്തുന്നു. വർഷത്തിൽ എട്ടു കോടി യാത്രക്കാരും പതിനാറായിരം കോടി രൂപയുടെ വരുമാനവും ഉണ്ട്.
യൂറോപ്പിൽ നഗരത്തിനുള്ളിൽ ബസും ട്രാമും അടുത്ത നഗരത്തിലേക്ക് ട്രെയിൻ, അങ്ങനെ ആയിരുന്നു സഞ്ചാരത്തിന്റെ രീതി. ട്രെയിൻ സർവീസുകൾ നല്ലതാണെങ്കിലും വിമാനത്തിനേക്കാൾ ചിലവ് കൂടുതലാണ് പലപ്പോഴും. ആകർഷകമായ ടിക്കറ്റിങ്ങ് രീതികളിലൂടെ യൂറോപ്പിലെ യാത്രാസംസ്ക്കാരം തന്നെ ഫ്ലിക്സ് ബസ് മാറ്റിമറിച്ചു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും ഫ്ലിക്സ്ബസ് വലിയ സഹായമായി.
തീരെ പ്രൊഫഷണലിസം ഇല്ലായ്മയും അല്പം ഗുണ്ടായിസവും ഒക്കെയാണല്ലോ നമ്മുടെ ദീർഘദൂര ബസുകളുടെ പൊതു രീതി. ഫ്ലിക്സ് ബസിന്റെ വരവ് അത് മാറ്റിമറിക്കും എന്നതിൽ സംശയമില്ല. കുത്തക ബസ് സർവീസുകൾക്കെതിരെ കേരളത്തിൽ സമരം വല്ലതും വരുമോ എന്ന് പേടിച്ച് കേരളത്തെ അവർ റൂട്ടുകളിൽ നിന്നും ഒഴിവാക്കുമോ എന്നാണ് പേടി.
ഫ്ലിക്സ്ബസിന് എല്ലാ ആശംസകളും…!
മുരളി തുമ്മാരുകുടി