വിളറിയ കവിളുകൾ ജന്നൽ‐
ക്കമ്പികളിലമർത്തി
വിറങ്ങലിച്ച വിജനവീഥികളി‐
ലുടക്കിനിന്നൂ കണ്ണുകൾ!

ഷോപ്പിങ്ങ് നേരമ്പോക്കാക്കി
ക്രഡിറ്റ്കാർഡുരപ്പിച്ച്
കറൻസികൾ വീശിയെറിഞ്ഞ്
ട്രോളികൾ തള്ളിനീങ്ങിയ
സായാഹ്നമാളുകളിൽ ശ്മശാനമൂകത!
കമിതാക്കൾ സയാമീസുകൾ പോൽ മേഞ്ഞ
കടലോരപാർക്കുകൾ ശൂന്യം
ചുഴലിചുഴറ്റിയെറിഞ്ഞ വാഴത്തോപ്പുപോൽ
ചിതറിച്ചത്തുമലച്ചെത്ര ജീവിതങ്ങൾ!

സാമ്രാജ്യത്ത്വ രാജനീതികളിലെന്നും
മാനവികത യാന്ത്രികമെന്നറിഞ്ഞു നാം
കൂട്ടമരണങ്ങളെ ചാകരക്കാലമാക്കി
കൊള്ളവിപണികൾ കൊഴുക്കവേ,
മൂലധനമുഖംമ്മൂടികളൂർന്നു വീണു.
കരകൗശലപുഷ്പദളങ്ങളിലെന്നെങ്കിലും
കിനിഞ്ഞൂറുമോ മധുകണം,സുഗന്ധവും!
പ്രാർത്ഥനകൾതൻ വ്യർഥതതയ്ക്ക്
നിദർശനമീ ദുരിത ദശകമെന്നറിക!

അതിജീവനമനുശാസിപ്പൂ
അകലം പാലിച്ചിടാം കൂട്ടരേ!
ഒരു മേൽക്കൂരക്കുടചൂടി
ഒറ്റക്കൂട്ടുകുടുംബമായിരുന്ന നാം
ഒറ്റയാൻ തുരുത്തുകളായ്
ചിതറിയകന്നിരിക്കാം!

പലമെയ്യായിരുന്നപ്പോഴും
ഒരുമെയ്യായ് ചങ്ങലതീർത്ത നാം
നൂറ്റിമുപ്പതുകോടിച്ചിതൽ‐
പ്പുറ്റുകളായ്ച്ചിതറി

ഗാർഹസ്ഥ്യമേകാന്ത‐
വാനപ്രസ്ഥമാക്കിടാം.

ദാമ്പത്യചര്യകൾ മറക്കുക
ക്രൗഞ്ചമിഥുനങ്ങൾ പോൽ
കൊക്കുരുമ്മിപ്പുണരും രതി‐
ക്രീഡകൾക്കേകുക വിരാമം!
യാമിനികൾ വിരുന്നൂട്ടിയ
ശ്യാമസുന്ദരപുളകക്കാലം മറക്കുക!

പ്രണയതന്ത്രികളിലള്ളിപ്പിടിച്ച്
സൗഹൃദം സഞ്ചാരപഥമാക്കി
വിദ്യുത്പ്രവാഹവേഗമാർന്നു
വ്യാപിക്കുംമാരകവ്യാധിതൻ
നീരാളിപ്പിടിയറുക്കുവാൻ
പൊരുതുക വർദ്ധിതവീര്യരായ്
അന്തകമഹാമാരിക്കന്ത്യം കുറിക്കുക!!!

By ivayana