പത്തനംതിട്ട ജില്ലയിലെ റാന്നിയിലുള്ള മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു മൃതദേഹം കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി സംസ്‌കരിക്കാതെ കിടക്കുകയാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കര്‍ഷകന്‍ പി.പി മത്തായിയുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന് പ്രഖ്യാപിച്ചത്.
പത്തനംതിട്ടയിലെ കുടപന്നക്കുളം സ്വദേശിയായ പി.പി മത്തായിയെ നിയമവിരുദ്ധമായാണ് വനപാലകര്‍ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ വനംവകുപ്പിന് പങ്കുണ്ടെന്നുമുള്ള ഗുരുതരആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.
ജൂലൈ 28ന് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം പത്തനംതിട്ട റാന്നി മാര്‍ത്തോമ ആശുപത്രി മോര്‍ച്ചറിയിലാണ് നിലവിലുള്ളത്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു മത്തായിയുടെ ഭാര്യ ഷീബയും മറ്റ് കുടുംബാംഗങ്ങളും.
വനംവകുപ്പിന്റെ സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് മത്തായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്.ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ ഒരു കര്‍ഷകന്റെ മരണശേഷം ഉത്തരവാദികളുടെ അറസ്റ്റിനുവേണ്ടി ദിവസങ്ങളോളം ഒരു കുടുംബം നിരാഹാരമിരിക്കേണ്ടി വരുന്ന അവസ്ഥ കേരളത്തിന് അപമാനമാണെന്നാണ് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍.