സങ്കര വിളകൾ വളക്കൂറ്
ഊറ്റിയ പൊടി മണ്ണിൽ
മുള പൊട്ടുന്നതൊക്കെയും പതിരായി വളരും നാളുകൾ.
പ്രളയം നക്കിയ വാക്കുവരമ്പത്ത്
ഞണ്ടിന് മാളങ്ങളിൽ മൗനങ്ങൾ
പതിയിരിക്കുന്നു
മട വീണ പാടത്തു മിഴിച്ചാലിലൂടെ
പായുന്നു കോരികെട്ടിയ
പ്രളയ നോവുകൾ
വെയിൽ ചൂട് തേടി
തലപൊക്കാനാവാതെ കതിരുകൾക്കും കദനം.
മൂത്തുവിളയാതെ മണ്ണിനെ പുൽകി നെൽച്ചെടികൾ ദയാവധം കാത്തു കിടപ്പ്.
കടം തീരും കിനാവിൻ
തലപ്പുകളിൽ കണ്ണും നട്ട് കർഷക മനസ്സുകൾ. മകരകൊയ്ത്തിൽ ഇനി നൂറായിരം ആശകൾ നട്ട്
തനിയാവർത്തനം
അറം പറ്റിയൊരു മറവിക്കിണറിൽ
ഇത്തിരി ഓർമ്മനനവിനായി
എത്രയാഴത്തിൽ കുഴിച്ചാലും
കിനിയുന്നതെല്ലാം നിരാശകൾ .
വരിയിൽ ഒതുക്കാനാകാതെ പോയ വികാരങ്ങളൊക്കയും
ചുടുമണൽക്കാറ്റായ്
ആഞ്ഞു വീശിയാൽ അതും
ജലരേഖകൾ.

മോഹപ്പക്ഷി കുറുകുന്നു.
കാത്തിരിക്കാതെ വയ്യ. ദയാവധത്തിന്
നാല് നാൾ അകാലമിട്ട്.
പെരുമഴ കമ്പളം മൂടിയ
മണ്ണിൻ മുറിപ്പാടിൽ
ഇളംചൂടിന് കിരണങ്ങളോടെ
വെള്ളിവെളിച്ചവുമായി
അരുണ ഗമനം..
ചോദനകളുടെ വസന്തം..

By ivayana