പ്രിയപ്പെട്ട കൂട്ടുകാരാ…
അരങ്ങ് നിശ്ചലമായതിൻ്റെ വേദനയിൽ
മനം നൊന്താണോ നീ യാത്രയായത്.
നിൻ്റെ ജീവിതം
നിൻ്റെ മനസ്സ്
നാടകം നാടകമെന്ന് എത്ര വിങ്ങിയിരുന്നു എന്ന്
ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നു.

യാത്രാമൊഴി പ്രിയപ്പെട്ടവനേ…

(കോട്ടയം പ്രസാദിൻ്റ പോസ്റ്റ് )

എൻെറ നാടകമെന്നത് എൻെറ ജീവിതമായിരുന്നു, പതിനാലാം വയസ്സുമുതൽ എൻെറ ചിന്തയിലും രക്തത്തിലും അലിഞ്ഞുചേർന്ന വികാരം. എൻെറ പല ഉറക്കങ്ങളിലും സ്വപ്നങ്ങളിലും നാടകമെന്ന സമസ്യയുടെ പൊരുൾതേടി അലഞ്ഞിട്ടു‍ണ്ട്, അവ ചെന്നെത്തിയതോ ഞാനെന്ന നടനിലേക്കും.

സ്റ്റേജുകളിൽനിന്നും സ്റ്റേജുകളിലേക്കുള്ള പ്രയാണത്തിൽ എൻെറ ജിവവായുവിനേക്കാളും ഓജസ്സുറ്റത് എനിക്ക് നാടകമായിരുന്നു.
അതുകൊണ്ടുതന്നെ ഒരുപാട് കഴിവുള്ള കലാകാരൻമ്മാരെ, സുഹൃത്തുക്കളെ നാടകം എനിക്കു സമ്മാനിച്ചു,

ഓണംതുരുത്ത് രാജശേഖരൻ മാഷ്, മുഹമ്മദ് പുഴക്കര മാഷ്, ജയൻ തിരുമന മാഷ്…….അങ്ങിനെ ഒരുപാട് ഹൃദയത്തോട് ചേർത്തുവച്ച ഗുരുക്കൻമ്മാർ, എൻെറ നാടകപ്രേമംകണ്ട് എന്നെ ചേർത്തുപിടിച്ച ഒരായിരം കൂട്ടുകാർ.., ഗിരീഷ് കുമാർ, ശ്രീജിത്ത്മാവേലി പ്രതാപൻ കൊമ്പനാൽ അങ്ങനെ ഒരുപാടൊരുപാട് കലാകാരൻമ്മാർ, ഇവരുടെയൊക്ക സ്റ്റേജ് ഒരുമിച്ചു ഷെയർ ചെയ്യുമ്പോഴും മനസ്സ് ആനന്ദത്തിൽ ആറാടുകയായിരുന്നു, എനിക്കീ ഭാഗ്യം തന്ന ജഗദീശ്വവനോട് നന്ദി പറയുകയായിരുന്നു, ഈ ജീവിതം എനിക്കിങ്ങനെ വിചിത്രമായി വരച്ചു തന്നതിന്, എൻെറ തലയിൽ തൊട്ടനുഗ്രഹിച്ചതിന്..

ഈ തിരക്കുള്ള ജീവിതത്തുലും ഊണിലും ഉറക്കത്തിലും എൻെറ മനസ്സിൽ നാടകം മാത്രേയുള്ളൂ, നൂറു സിനിമയും ഒരു നാടകവും ഒരുപോലാണെന്ന് ഒരു മഹാൻ പറഞ്ഞത് എത്ര അർത്ഥവത്താണെന്ന് ഞാൻ ഓർക്കുന്നു, അദ്ദേഹത്തെ നമിക്കുന്നു.

അന്നും ഇന്നും എന്നും നാടകം ഓടുന്നു അതിൻെറ പിറകിൽ, അല്ല മുന്നിൽ ഞാനും ഓടുന്നു, എൻെറ നിലയ്ക്കാത്ത പ്രയാണം. അതാ ഫസ്റ്റ് ബെൽ മുഴങ്ങിക്കഴിഞ്ഞു ഞാൻ ചെല്ലട്ടെ നാടകത്തിലേക്ക്, അതിൻെറ ലോകത്തേക്ക് ഇനിയും താമസിച്ചാൽ…..!!!!

കോട്ടയം പ്രസാദ്.

By ivayana