ഓണംവന്നോണം വന്നോണംവന്നേ,
കാണംവിറ്റുമുണ്ണാനോണം വന്നേ
ഈണത്തിൽ പാടാനു,മാടിടാനും
പാണൻ്റെ പാട്ടൊന്നു കേട്ടിടാനും
മാമലനാട്ടിലായോണം വന്നേ
മാമക നാട്ടിലായോണംവന്നേ!
നാട്ടുമാങ്കൊമ്പത്തായൂഞ്ഞാൽ കെട്ടാൻ,
ആട്ടവിളക്കിൽ തിരിതെളിക്കാൻ
നാട്ടിലെ പിള്ളേരുമൊത്തുകൂടി,
ഏറ്റംമതിമറന്നുല്ലസിക്കാൻ
ഓണംവന്നോണംവന്നോണം വന്നേ,
ചേണുറ്റോരെൻ ദേശത്തോണം വന്നേ
അത്തക്കളങ്ങളുമിട്ടു ചേലിൽ
മുത്തശ്ശിതൻകഥ കേട്ടിരിക്കാൻ
പുത്തൻ കസവുടയാടചുറ്റി,
സദ്യകൾ ഹാ പലമട്ടിലുണ്ണാൻ,
മാവേലി മന്നനണഞ്ഞിടുമ്പോൾ
ആവേശമോടൊട്ടെതിരേറ്റിടാൻ
ഓണംവന്നോണംവന്നോണം വന്നേ,
കാണാക്കരയിൽ നിന്നോണംവന്നേ
പുഞ്ചനെൽ കൊയ്തുമെതിച്ചിടാനായ്
പഞ്ചാരിമേളങ്ങൾ കൊട്ടിടാനായ്
തഞ്ചത്തിൽ തോണിതുഴഞ്ഞുനീങ്ങി,
പഞ്ചാരവാക്കുകൾ ചൊല്ലിടാനായ്
കണ്ണനായപ്പമടയവിലും,
വെണ്ണയുമൊപ്പം നിവേദിക്കാനായ്
അത്തിരുവോണത്തലേന്നു രാവിൽ,
അത്താഴ,മുറ്റവരോടൊത്തുണ്ണാൻ
ഓണംവന്നോണംവന്നോണം വന്നേ,
മാനുഷരൊന്നാകാനോണം വന്നേ
മാവേലി നാടുഭരിച്ച കാലം,
ആവോ,നമുക്കോർക്കാനോണംവന്നേ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana