രാവിലെ തന്നെ പത്രം വായിക്കുവാൻ കിട്ടണം, അതൊരു നിർബന്ധമുള്ള കാര്യമാണ്. പലപ്പോഴും വൈകി പത്രമിടുന്ന പയ്യനോട് കലഹിക്കാറുമുണ്ട്, അവനൊരു വിരുതൻ, ഒരു കള്ളച്ചിരികൊണ്ട് പറ്റിച്ചിട്ട് മിണ്ടാതെ സൈക്കിൾ ചവുട്ടി പൊയ്ക്കളയും. അവൻ പോയിക്കഴിയുമ്പോൾ എനിക്കും അറിയാതൊരു ചിരിവരും.
പത്രം പകുതി വായിച്ചുകഴിയുമ്പോഴാകും വീട്ടുകാരി ചായയുമായി രംഗപ്രവേശം ചെയ്യുന്നത്.
കല്യാണം, പുലകുളി, ഗൃഹപ്രേവേശം, അങ്ങനെ ആളുകൾ വന്ന് ക്ഷണിച്ചിട്ട് പോയ കഥകൾ അവൾ പറഞ്ഞു തുടങ്ങുമ്പോൾ പത്രത്തിലെ അക്ഷരങ്ങളിൽ വെറുതെ കണ്ണ് കുരുങ്ങികിടക്കും.
“ചേച്ചിയെ… ചേച്ചിയെ “വിളിയോടെ മീൻക്കാരി മേരിക്കുട്ടി ഗേറ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്തോടെ അവൾ എഴുന്നേറ്റു അങ്ങോട്ട് പോയി. ഞാൻ വീണ്ടും പത്രത്തിലെ അക്ഷരങ്ങളെ ശ്രദ്ധിച്ചു. ചില വരികൾക്ക് മഞ്ഞനിറം പോലെ തോന്നി. അതിപ്പോൾ തോന്നി തുടങ്ങിയിട്ട് ഒരാഴ്ചയായി.വില്ലന്മാരെക്കാൾ,നായകന്മാർ വില്ലന്മാരായ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് കോളം നിറയ്ക്കുമ്പോൾ വായിക്കാനും എന്തോ ഒരു… ഒരു സുഖം.
പ്രഭാതസവാരികഴിഞ്ഞ് വരുന്ന വഴി വീട്ടിലേക്ക് കയറി വന്ന പട്ടാളം ചന്ദ്രൻ ഒരു കുശലാന്വേഷണം പോലെ ആരാഞ്ഞു.
“എന്താ മുരളിസാറെ പത്രത്തിൽ, പ്രത്യേകിച്ച് വല്ലതും ഉണ്ടോ?”.
അപ്പോൾ ‘മീശമാധവൻ ‘സിനിമയിലെ “കൃഷ്ണവിലാസം ഭഗീരഥൻ പിള്ള
വലിയവെടി നാല് , ചെറിയ വെടി നാല് “. എന്ന സീനാണ് ഓർമ്മവന്നതെങ്കിലും പട്ടാളത്തിന്റെ കൂടെയായതിനാൽ അത് മിണ്ടിയില്ല.ഒന്നുമില്ലെന്ന് വെറുതെ കൈമുദ്ര കാണിച്ചതെ ഉള്ളൂ. പട്ടാളം ഏത് പക്ഷത്ത് നിലയുറപ്പിക്കുമെന്ന് ഒരു നിശ്ചയവുമില്ല.
“ചൂടൻ വാർത്ത വന്നപ്പോൾ വയനാടിന്റെ കണ്ണീർ വാർത്തകൾ വറ്റി വരണ്ട് പത്രത്തിന്റ ഒരു മൂലയ്ക്കൊതുങ്ങി പോയി. അല്ലെ സാറെ?”.
“അല്ലെങ്കിലും നമ്മൾ പൊതുവെ അങ്ങനെയാണ് ചന്ദ്രാ..ഒന്നിനെ മറ്റൊന്ന് കൊണ്ട് മറയ്ക്കുകയും, മറക്കുകയും ചെയ്യുന്ന ശീലം നമുക്ക് പണ്ടെ ഉണ്ട്‌!”.
“അത് സാറ് പറഞ്ഞത് വളരെ ശരിയാണ് “. ചന്ദ്രൻ തലകുലുക്കി സമ്മതിച്ചു.
“ഞാൻ വന്നത് വേറൊരു കാര്യം പറയാനാ.. നമ്മുടെ ഡോക്ടർ ഈ വരുന്ന തിങ്കളാഴ്ച മുതൽ യോഗാക്ലാസ്സ്‌ തുടങ്ങുന്നെന്ന് ഇന്നലെ കണ്ടപ്പോൾ പറഞ്ഞു.അറിയാവുന്നവരെ കൂടി വിവരം അറിയിക്കാൻ എന്നെ ചട്ടം കെട്ടിയിരിക്കയാ “.
കയ്യിലിരിക്കുന്ന പാത്രത്തിലെ മീൻ തിരിച്ചും മറിച്ചുമിട്ട് പരിശോധന നടത്തുന്ന നേരത്താണ് ഒന്നല്ലാതെ യോഗയുടെ കാര്യം വസുമതി ടീച്ചറുടെ കാതുകളിൽ പതിഞ്ഞത്.
“അതൊരു നല്ലകാര്യമാണല്ലോ ചന്ദ്രാ.. ഈ വെളുപ്പാൻ കാലത്ത് റോഡിലൂടെ പേടിച്ച്, പേടിച്ച് നടക്കുന്നതിലും എത്രയോ ഭേദം.വല്ല വണ്ടിയ്ക്കടിയിലും പെടാതെ രക്ഷപ്പെടാല്ലോ!ചന്ദ്രൻ പൊയ്ക്കോ സാറിനെയും കൂട്ടി ഞാൻ വന്നോളാം”.
വിധി വന്നാൽ അനുസരിക്കുകയല്ലാതെ ,
സമാധാനത്തിന്‌ വേറെ വഴിയൊന്നുമില്ലെന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഒന്നും മിണ്ടിയില്ല.
ചന്ദ്രൻ എന്നെ തന്നെ നോക്കി നില്കുകയാണ്.
“ഞങ്ങളും ഉണ്ടെന്ന് ഡോക്ടറോട് പറഞ്ഞേക്ക്!”. എന്റെ വക എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറഞ്ഞതാണ്.
ചന്ദ്രൻ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ പറഞ്ഞു.
“സാറ് റോഡിൽ പോയിവരുമ്പോൾ രണ്ട് യോഗാമാറ്റ് കൂടി വാങ്ങിച്ചോളൂ “.
പത്രം മടക്കിവെച്ച് അകത്തേക്ക് പോകുമ്പോൾ അവൾ പിന്നിൽ നിന്നും വീണ്ടും ഓർമ്മിപ്പിച്ചു.
“യോഗാ മാറ്റ് വാങ്ങാൻ മറക്കണ്ടാ “.
“എങ്ങനെ മറക്കാൻ, എനിക്ക് ജീവനിൽ കൊതിയുണ്ട് ടീച്ചറെ “. എന്ന് ആത്മഗതം ചെയ്തതെയുള്ളൂ.

By ivayana