രചന : ജ്യോതിശ്രീ. പി✍️
ആവണിത്താലവുമേന്തിവരും
മാമണിപ്പൂക്കാലമിങ്ങെത്തിയോ?
പൂവണിച്ചിങ്ങത്തിലാടിപ്പാടും
പൊണ്മണിപ്പാടം കസവണിഞ്ഞോ?
പൈമ്പാൽ നിറമാർന്ന തുമ്പപ്പെണ്ണേ,
ചെമ്പനിനീർപ്പൂവേ കണ്ടതില്ലേ?
തുമ്പികളെത്തുന്ന നേരമല്ലേ
തംബുരു മീട്ടുവാനെത്തുകില്ലേ?
മുക്കുറ്റിപ്പൂവേ കാക്കപ്പൂവേ
ചെമ്പരത്തിപ്പെണ്ണേ
ആമ്പൽക്കുഞ്ഞെ
ഓണപ്പാട്ടുകൾ പാടിടുമോ
ഓണപ്പൂക്കളമെഴുതിടുമോ?
ഓണവെയിലിന്റെ തോളിൽചായും
കിങ്ങിണിപ്പൂവേ
പൂക്കണിയേ
ഓണക്കിനാവുകൾക്കുമ്മനൽകി
അണിവിരൽതൊട്ടൊന്നുണർത്തിടുമോ?
അമ്മവിളമ്പിടും നന്മധുരം
ഉണ്മനിറഞ്ഞിടും പൊൻമധുരം
പമ്മിനടക്കുന്ന പൂച്ചമ്മയും
ചെമ്മേ നുണഞ്ഞിടുമോണക്കാലം..
പുളിമാവിലൂഞ്ഞാലു കെട്ടിയാടി
കിളിമകൾ പാറുന്നപോലെപ്പാറും
കളിചിരിനേരവും നീയറിഞ്ഞോ
കുളിരാർന്നൊരോണത്തിൻ നേരറിഞ്ഞോ?
ഓണത്തിൻ മോടിയോ മാഞ്ഞു പോയി
ഓണപ്പാട്ടെങ്ങോ മറഞ്ഞുപോയി
ഓണപ്പൂവിന്നിതളിലിരിക്കാതെ
ഓമനപ്പൂങ്കിളി പാറിപ്പോയി..
പാടത്തു മുക്കുറ്റിച്ചിരിയെവിടെ
തൊടിയിലോ
ചിറ്റാടമലരെവിടെ
കൊച്ചിളം കൈകളിൽ
മഴവില്ലു ചാർത്തുന്ന
തെച്ചിയും പിച്ചകപ്പൂവുമെന്തേ
ഓർമയിൽ മിന്നുന്ന ഓണക്കാലം,
വാർമയിൽപ്പീലിപോൽ
നാണമാർന്നു
നാലുമണിപ്പൂവേ
നല്ലിതളേ
നല്ലോണം നല്ലൊരു
ഓണമുണ്ണാം..
ആയിരംപൂക്കാലമെത്തിയാലും
ഋതുഭേദമേറേറേയായീടിലും
ആത്മാവിന്നിടനാഴിയിലെന്നെന്നുമീ
പൊന്നോണക്കാലം വിരിഞ്ഞു നിൽക്കും
മങ്ങാതെ
മിന്നിത്തെളിഞ്ഞു നിൽക്കും
✍🏻