ചേലങ്കര നാട്ടിലെ പുരോഗമനവാദികൾ പതിറ്റാണ്ടുകളായി ഈ അസമത്വത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ചു നീചവും മനുഷ്യത്വരഹിതവുമായ ഇത്തരമൊരു വ്യവസ്ഥിതിയ്ക്കെതിരെ പോരാടേണ്ടത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് അധികാരിവർഗ്ഗത്തിന്റെ കണ്ണുതുറപ്പിയ്ക്കാൻവേണ്ടി വിപ്ളവാത്മകമായ ജനമുന്നേറ്റം ഉണ്ടായത്. സമരവും പ്രക്ഷോഭജാഥയുമൊക്കെയായി ചേലങ്കര നാടിന്റെ നിരത്തുകൾ സജീവമായ കാലം. ജന്മിത്വവ്യവസ്ഥിതി തകർന്നടിഞ്ഞു പോയതിനുശേഷം ജനാധിപത്യത്തിന്റെ സുവർണ്ണകാലഘട്ടത്തിലും നിലനിൽക്കുന്ന ഇത്തരം അനീതികൾ പഴയ തമ്പുരാൻഭരണത്തിന്റെ തിരുശേഷിപ്പുകളാണെന്ന് ചേലങ്കരനാട്ടിലെ സാധാരണക്കാരായ പുതുതലമുറയ്ക്കറിയാം. അതുകൊണ്ടുതന്നെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായത് കൂടുതലും കർഷകത്തൊഴിലാളികളും ബീഡിതെറുപ്പുകാരും തെങ്ങേക്കയറ്റക്കാരും ചെത്തുത്തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരാണ്.
മെത്തവ്യാപാരിയായ ധർമ്മരാജനാണ് സമരത്തിന്റെ മുഖ്യസംഘാടകൻ. ചെറുപ്പം മുതലേ ധർമ്മരാജനിൽ വിപ്ളവാവേശം നുരഞ്ഞുപതഞ്ഞൊഴുകുന്നു. ദേശത്തിന്റെ ചിന്തകനും വാഗ്മിയും ഉല്പതിഷ്ണുവുമായിരുന്നു ധർമ്മരാജൻ . അയാളുടെ പിന്നിൽ അണിചേർന്നവർ നിരവധിയാണ്. കൈക്കുളങ്ങര രവി , കൊച്ചുമാടത്തിൽ ജയദേവൻ , ശ്രീനിലയം വിജയൻ , കാവിന്റെ വീട്ടിൽ ജാനകി , മംഗലപ്പറമ്പിൽ രമണി, കുന്നുംപറമ്പേൽ അജയൻ അയാളുടെ ഭാര്യ സുകന്യ എന്നിവരുൾപ്പെടുന്ന ഒരു സംഘാടകസമതി ധർമ്മരാജൻ പ്രസിഡണ്ടായും കൈക്കുളങ്ങര അജയൻ സെക്രട്ടറിയായും വളരെ നേരത്തെ രൂപീകരിച്ചിരുന്നു. കൂടാതെ നാട്ടിലെ സാധാരണജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സംഘടനയ്ക്കു ലഭിച്ചിരുന്നു.
മുഴുവൻസമയ പ്രവർത്തനമാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്., എന്നാൽ സംഘാടകരിൽ പെട്ടവരും മറ്റ് സമരാനുകൂലികളും കർഷകത്തൊഴിലാളികളും മറ്റു ചെറുകിട തൊഴിൽ ചെയ്യുന്നവരുമായതുകൊണ്ട് വൈകുന്നേരമുള്ള അഞ്ചുമണിയോടെ എല്ലാവരും പൊതു കവലയിൽ സംഘടിപ്പക്കണമെന്ന നിർദ്ദേശം വച്ചിട്ടുണ്ട്. സംഘടന ഏറ്റെടുത്തിരിയ്ക്കുന്നത് നാടിന്റെ മാറ്റത്തിനുള്ള വല്യ ഉദ്യമമാകയാൽ സാധാരണ ജനങ്ങൾ സമരത്തിന് അനുകൂലമായി നിന്നു.അങ്ങനെ ഒരു മാസക്കാലമായി സമരവും പ്രക്ഷോഭവും നടന്നുപോകുന്നു. വൈകുന്നേരത്ത് തെരുവിൽ ഉയർത്തിക്കെട്ടിയ ചെറിയ സമരപ്പന്തലിൽ മറ്റു പ്രവർത്തകർക്കൊപ്പം ഇരുന്നുകൊണ്ട് ധർമ്മരാജൻ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കും..
“പ്രിയപ്പെട്ടവരെ , ജന്മിത്വവ്യവസ്ഥിതി അടിച്ചേൽപ്പിച്ച ഒരു ദുരന്തമുനമ്പിലാണ് നമ്മുടെ നാടിന്ന്. ഈ ജനാധിപത്യയുഗത്തിലും കാലാകാലങ്ങളായി നമ്മളിൽ അടിച്ചേൽപ്പിച്ച മുറിവ് നാം പേറേണ്ടിവരുന്നു.” ചുമൽ അല്പം കുലുക്കി ആവേശത്തോടെ ധർമ്മരാജൻ പ്രഭാഷണം തുടരും.. ” കാലം മാറി.. ലോകം മാറി.. നമ്മുടെ ചേലങ്കരയും നാമും മാറുന്നില്ല … എന്തുകൊണ്ട് ? നമുക്ക് സമത്വം വേണം … മോചനം വേണം…. അങ്ങനെ ധർമ്മരാജന്റെ പ്രസംഗം നീണ്ടുപോകും.. പുതിയ ലോകത്തെ സ്വീകരിക്കാനുള്ള ആവേശത്തോടെ ജനങ്ങളതു കേട്ടുനിൽക്കും.
ഇനി ചേലങ്കരനാടിനെ നടുക്കിക്കൊണ്ടിരിയ്ക്കുന്ന പ്രധാന ധാർമ്മിക പ്രശ്നത്തിലേക്ക് നമുക്കൊന്നു കണ്ണോടിയ്ക്കാം. മുമ്പ് ജന്മിത്വവ്യവസ്ഥിതി നിലനിന്നുപോന്ന കാലംമുതൽ പിന്തുടർന്നുപോന്ന ഒരു പ്രാദേശികമായ കീഴ്വഴക്കം അവിടെയുണ്ട്. സ്ത്രീകളെല്ലാം വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന ചേലങ്കരനാട്ടിൽ ചോലൊത്ത പെൺമണികളുണ്ടായിരുന്നു. അന്യദേശത്തുനിന്നും സ്വദേശത്തുനിന്നുമെത്തുന്ന ശൃംഗാരക്കുഴമ്പൻമാരായ വിടൻമാർക്ക് അവർ കിടക്കവിരിച്ചുകൊടുത്തു. കൃഷിയ്ക്കും കന്നുകാലിവളർത്തലിനുമൊപ്പം വ്യഭിചാരവൃത്തിയും ചേലങ്കരനാട്ടിൽ കൊഴുത്തുവളർന്നുവന്നു. നാടിന്റെ പ്രധാന ധനാഗമ മാർഗ്ഗമായി വ്യഭിചാരവൃത്തി വളർന്നു. പണ്ടു ജന്മിത്വവ്യവസ്ഥിതി നിലനിന്ന കാലംമുതൽ തുടർന്നുപോന്ന ഈ വ്യഭിചാരസേവയുടെ ഉത്ഭവത്തെക്കുറിച്ചു ചേലങ്കരനാട്ടിലെ ചരിത്രവിദ്യാർത്ഥികൾക്കു പോലും അറിവുള്ളതല്ല. മഹാരാജാക്കൻമാർവരെ ഒരുകാലത്ത് ചേലങ്കരനാട്ടിലെ നിത്യവിസ്മയമായ വനിതാരത്നങ്ങളിൽ ഭ്രമിച്ചു കുതിരപ്പുറമേറി അകമ്പടിയോടെ എഴുന്നെള്ളിയിട്ടുണ്ട്. തടിച്ച മുലകളും കൊഴുത്ത തുടകളും വശീകരണമിഴിയുമുള്ള ചേലങ്കരനാട്ടിന്റെ സൗന്ദര്യധാമങ്ങൾ നാടിന്റെ യശസ്വിനെ അന്യദേശങ്ങളിൽവരെയെത്തിച്ച് മന്മഥക്രീഡയിലാറാടിയ കാലംമുതൽ ജന്മിവർഗ്ഗത്തിന്റെ അധികാരചിഹ്നംപോലെ ഒരു വ്യവസ്ഥിതി നിലനിന്നുപോന്നു. സമൂഹത്തിലെ മൂന്നാക്ക സമുദായമായിരുന്ന തമ്പ്രാളർവർഗ്ഗത്തിൽപ്പെട്ട വെളുത്തുതുടുത്ത സുന്ദരീമണികൾക്കാണ് വ്യഭിചാരവൃത്തിയിൽ ഉന്നതരെ സേവിക്കാനും കൂടുതൽ പണം കൈപ്പറ്റാനും അവകാശമുണ്ടായിരുന്നത്. പണ്ട് പൊൻനാണയത്തുട്ടുകളാണ് അവരുടെ മൂല്യം നിശ്ചയിച്ചിരുന്നത്. ജാതിശ്രേണിയനുസ്സരിച്ചു ഈ തട്ടു താണുതാണു വന്നു. തമ്പ്രാളർ കഴിഞ്ഞാൽ ജാതിശ്രേണിയിൽ തൊട്ടടുത്ത വർഗ്ഗം ക്ഷത്രാളർ ആയിരുന്നു. ക്ഷത്രാളർപെൺകിടാങ്ങൾക്ക് തമ്പ്രാളർ വാങ്ങിക്കുന്നതുപോലെ വ്യഭിചാരപ്രതിഫലത്തുകയ്ക്കു അവകാശമില്ല. അവരുടെ വേതനം അല്പം താണുനിന്നു. അന്ന് ” കളിപ്പണം ” എന്നായിരുന്നു ഈ വേതനത്തിന്റെ പേര്. തൊട്ടുതാഴെയുള്ള വൈശ്യാളർക്കും ശൂദ്രാളർക്കും അതിൽത്താഴെയായിരുന്നു ”കളിപ്പണം ” കിട്ടിയിരുന്നത്. ശൂദ്രാളരിൽ തന്നെ താഴേക്കിടയിലുള്ള പലതട്ടുകൾ ഉള്ളതുകൊണ്ട് ആ അടിസ്ഥാനത്തിൽ അവർക്കുള്ള ” കളിപ്പണം ” കുറഞ്ഞുവന്നു. സമൂഹത്തിൽ ഏറ്റവും താഴ്ന്ന പ്രതിഫലം കിട്ടിയിരുന്നത് ശൂദ്രാ ളരിൽത്തന്നെ താഴേത്തട്ടിലുള്ള ചെറിയാളർ സ്ത്രീകൾക്കായിരുന്നു. ജന്മിത്വവ്യവസ്ഥയുടെ അധികാരവാഴ്ചക്കാലത്ത് എന്നോ തുടങ്ങിവച്ച ഈ രീതി ജനാധിപത്യഭരണം വന്നിട്ടും ചേലങ്കരനാട്ടിൽ തുടർന്നുപോന്നു. അതിനെതിരെയാണ് ധീരമായ ഈ പ്രക്ഷോപസമരപരിപാടികൾ .സമരാനുകൂലികളായ സാധാരണജനത അവകാശത്തിനുവേണ്ടി നടത്തുന്ന ധാർമ്മികയഞ്ജം. ഉയർന്ന ജാതിയിൽപ്പെട്ട കുലീനസ്ത്രീകൾ വാങ്ങിക്കുന്ന അതേ വ്യഭിചാരത്തുക കീഴാളസ്ത്രീകൾക്കും കിട്ടണം .. അതായിരുന്നു വിപ്ളവകാരികളുടെ ആവശ്യം. മാറിമറിയുന്ന ലോകക്രമത്തിൽ തങ്ങളുടെ ആവശ്യം സ്ഥാപിച്ചെടുക്കേണ്ടത് അനിവാര്യമാണല്ലോ ! ലോകമെങ്ങും മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് സമരാനുകൂലികൾ വിശ്വസിച്ചു.
മാസങ്ങളോളം പ്രക്ഷോഭം നീണ്ടുപോയി. നവയുഗത്തിന്റെ സൂര്യൻ ഉദിച്ചുയരുന്നതുകാണാൻ ഒരുനാട് വെമ്പലോടെ കാത്തുനിന്നു. പുരുഷൻമാർക്കൊപ്പം സ്ത്രീകളുടെയും വമ്പിച്ച മുന്നേറ്റമുണ്ടായിരുന്നു.
ധർമ്മരാജനൊപ്പം തോളുരുമ്മിനിന്ന് കുന്നുംപറമ്പേൽ അജയന്റെ ഭാര്യ സുകന്യ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു… ” അവൾ നാട്ടിലെ ഗണികാരത്നമായിരുന്നു. ധാരാളം ആരാധകർക്കിടയിൽ അവളുടെ പേര് ഉയർന്നുനിന്നു. എങ്കിലും പിന്നാക്കശ്രേണിയിലുള്ള ഗണികമാർ അനുഭവിച്ചുവന്നിരുന്ന കയ്പേറിയ അനുഭവങ്ങൾ അവൾക്കുണ്ടായിരുന്നു. അതിനാൽ അവളുടെ ശബ്ദം വൈകാരികമായിരുന്നു …! സഹോദരിമാരെ ..! ഉന്നതവർഗ്ഗത്തിൽപ്പെട്ട ഗണികവനിതകൾ ചെയ്യുന്ന തൊഴിലുതന്നെയാണു നമ്മളും ചെയ്യുന്നത്. അവരോടൊപ്പം ഒരുപക്ഷേ, അവരെക്കാൾ പ്രഗല്ഭകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ നീതി ഒരു പോലെയല്ല.. ! തമ്പ്രാളർക്കും ക്ഷത്രാളർക്കും നമ്മെ പുച്ഛമാണ്. നമ്മൾ എന്തിനു ഈ നെറികേടു അനുഭവിക്കുന്നു .. ഇതു ജനാധിപത്യയുഗമാണ് .. മനുഷ്യൻ ആകാശപഥങ്ങളെ കീഴടക്കുമ്പോഴും നമ്മൾ ചവുട്ടിമെതിയ്ക്കപ്പെടുന്നു…! സുകന്യയുടെ പ്രസംഗം അങ്ങനെ നീണ്ടുപോയി. ചേലങ്കരക്കാർ സമത്വസ്വപ്നത്തിന്റെ ദിവ്യാകാശങ്ങളിലൂടെ സഞ്ചരിച്ചു ..! കെട്ടിപ്പൊക്കിയ മേടകളിലിരുന്നു ഉന്നതവർഗ്ഗം അമർഷംകൊണ്ട് പല്ലിറുമ്മി . അവർക്കൊരിക്കലും ഈ ബഹുജനമുന്നേറ്റത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല .. അവർ കൂടുതൽ കൂടുതൽ അസ്വസ്ഥരായി. സമരപ്പന്തലുകൾ അനുകൂലികളെക്കൊണ്ടു നിറഞ്ഞു. വമ്പിച്ച പ്രകടനങ്ങൾ ,പ്രസംഗങ്ങൾ എവിടെയും ആർത്തലച്ചു പെയ്തു.നിരത്തുകളിൽ സമരാവേശത്തിന്റെ ഉത്സവലഹരി നിറഞ്ഞു. ബീഡിതെറുപ്പുപേക്ഷിച്ചു ,കള്ളുചെത്തുപേക്ഷിച്ചു ,കൃഷിപ്പണി ഉപേക്ഷിച്ചു ബഹുജനം സമരമുഖത്ത് ഒറ്റക്കെട്ടായിനിന്നു കാലാകാലങ്ങളായി നടമാടിയിരുന്ന ഉപരിവർഗ്ഗമേധാവിത്വത്തിനെതിരെ പോരാടി. ചേലങ്കരനാട്ടിൽ സൂര്യൻ ഉദിക്കുകയും അസ്തമിയ്ക്കുകയും ചെയ്തു. ദിവസങ്ങൾ കടന്നുപോകുന്തോറും സമരത്തിന്റെ മട്ടുമാറി .. ദിഗന്തങ്ങൾ ഭേദിക്കുമാറ് മുദ്രാവാക്യമുയർന്നു..!
തീപ്പന്തങ്ങൾ ആകാശത്തിലേക്ക് നാവുനീട്ടി. ഒടുവിൽ അധികാരികൾ രംഗത്തെത്തി. പോലീസുസേന സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല ..! ആളിപ്പടർന്ന സൂര്യനെപ്പോലെ അത് ചൂട് വിതറി അധികാരവർഗ്ഗത്തെ പൊള്ളിച്ചു .ഒടുവിൽ അധികാരികൾ ചേലങ്കര നാട്ടിലെ സാധാരണക്കാരന്റ ആവശ്യം പഠിക്കാൻ വിദഗ്ധസമതിയെ നിയോഗിച്ചു. അവർ പഠിച്ചു റിപ്പോർട്ടുസമർപ്പിച്ചു. ചേലങ്കരനാട് ന്യായമായ വിധിയ്ക്കുവേണ്ടി കാത്തിരുന്നു. ഒടുവിൽ പഴയ ഉടയോർവർഗ്ഗത്തെ വിറപ്പിച്ചുകൊണ്ട് ചേലങ്കരനാട്ടിലെ സാമാന്യജനത്തിനനുകൂലമായി നീതിന്യായകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി വന്നു.
വിനോദ്.വി.ദേവ്.