രചന : എം.എ.ഹസീബ് പൊന്നാനി✍
സൈകതഭൂമിയിൽ അശ്വക്കുളമ്പുകളാൽ ധൂളിപരത്തിയ വിജിഗീഷുക്കളുടെ ജയാരവഹർഷങ്ങളോ പ്രിയപ്പെട്ടവരുടെ വിയോഗനഷ്ടങ്ങളാലുള്ള മൂകതാമനസ്സുകളോ ഇല്ലാത്ത നിസ്വനനിർവ്വികാരതയുടെ ആ യാത്രയിലും ഇരുപതുകാരനായ ജാബിറിന്റെ ഹൃദയാന്തരാളം തൊട്ടുമുമ്പുള്ള ഉഹ്‌ദിന്റെ രണഭൂമിയിൽ വീരമൃത്യുപ്രാപിച്ച പിതാവ് അബ്ദുള്ളയുക്കുറിച്ചുള്ള ഓർമ്മവേദനകളിൽ എരിഞ്ഞുനിന്നു
ആറുസഹോദരിമാർക്കുള്ള ഏക സഹോദരനായ ജാബിറിനെ പിതാവ് അബ്ദുള്ളാഹിബ്നു ഹറാം താൻ രക്തസാക്ഷിയാകുമെന്ന ഉൾവിളിയിൽ യുദ്ധത്തിനിറങ്ങുന്നത് തടയുകയായിരുന്നു.
പക്ഷേ…
രണ്ടാംബദറിന്റെ കാഹളം മുഴങ്ങിയപ്പോൾ മറുത്തൊന്നാലോചിക്കാതെ പ്രവാചകനോട് അനുവാദം വാങ്ങി ജാബിറും പടയങ്കി അണിയുകയായിരുന്നു.
ഖുറൈശിമനസ്സുകളിൽ മുന്നേ നടന്ന രണ്ടു യുദ്ധങ്ങളുടെ തിക്തോർമ്മകളായിരിക്കണം ‘രണ്ടാം ബദ്ർ’ എന്ന വിശേഷണത്താൽ ചരിത്രത്തിൽ വിഖ്യാതമാകേണ്ടിയിരുന്ന ധീരസമരം നടക്കാതെ പോയത്.
ആദ്യപരാജയത്തിന്റെ കണക്കുതീർക്കുവാൻ പടയുംകോപ്പും അധികരിപ്പിച്ചു വന്നവരെ തങ്ങളുടെ മണ്ണിനേയും പെണ്ണിനേയും അതിക്രമിച്ചു കയറുവാൻ അനുവദിക്കാതെ തിരിച്ചോടിച്ചതിന്റെ ഒടുങ്ങാക്കലിയിൽ ശത്രുനിരയിലെ പ്രമാണിയായ അബൂസുഫ് യാന്റെ പ്രതിജ്ഞയായിരുന്നു പകരംവീട്ടലിനുള്ള ഈ യുദ്ധപ്പുറപ്പാട്.
“യുദ്ധം ജയിച്ചെന്ന തോന്നലിലങ്ങനെ ഞെളിയേണ്ട..ഞങ്ങൾവരും!
വർദ്ധിതവീര്യത്തോടെ ഈ മണ്ണിലേക്കുതന്നെ!
അന്നുകണക്കുകൾ തീർക്കാം “
അബൂസുഫ് യാന്റെ വീമ്പ് സത്യസൈന്യത്തിന്റെ മുൻനിരപ്രഭാവരിലൊരാളായ ഉമറുൽ ഫാറൂഖി(റ)നോടായിരുന്നു!
അതനുസരിച്ച് ഉഹ്‌ദ് കഴിഞ്ഞ് ഏതാണ്ട് എട്ട്-ഒൻപത് മാസങ്ങൾ കഴിഞ്ഞപ്പോൾ രണ്ടായിരത്തിലധികം സൈനികശക്തിയോടെ അവർ മക്കയിൽനിന്നും പുറപ്പെട്ടു പകുതിയിലധികം വഴിദൂരം പിന്നിട്ടതുമാണ്..
പക്ഷേ..
രണ്ടാമതൊരിക്കൽകൂടി കൊട്ടുഘോഷങ്ങളും ആർപ്പുവിളികളുമായി ‘ബദ്റി’നോടടുത്തുകൊണ്ടിരുന്ന വേളയിൽ..
മുമ്പ് ഒന്നാംയുദ്ധത്തിൽ ആ മണ്ണിൽവെച്ചുണ്ടായ സമ്പൂർണ്ണ പരാജയവും എതിർമുഖത്ത് നാശങ്ങൾ വിതച്ചിട്ടും ‘ഉഹ്ദി’ൽ ലക്ഷ്യംനേടാനാകാതെ പിൻവലിയേണ്ടവന്നതിന്റെ ഓർമ്മകളും വേട്ടയാടിയപ്പോൾ വീര്യവും ധൈര്യവും ആദ്യം ചോർന്നത് അബൂസുഫ്യാന്റെതു തന്നെയായിരുന്നു..
അനുയായികളോട് കാലാവസ്ഥാവ്യതിയാനത്താൽ ഇക്കുറി വരാനിരിക്കുന്ന വറുതിയെ ഓർമ്മിപ്പിച്ച് ഇനിയുമൊരു യുദ്ധത്തെ അഭിമുഖീകരിച്ചാൽ മക്കക്കതു താങ്ങാനാകില്ല എന്നയാൾ ന്യായംപറഞ്ഞു താൻ യുദ്ധത്തിൽനിന്നും പിൻവാങ്ങുകയാണ് എന്നു പറഞ്ഞു.
അയാളുടെ അനുചരന്മാർക്കും മറുത്തൊരു അഭിപ്രായമില്ലായിരുന്നു.
“രോഗി ഇച്ഛിച്ചതുപോലെയായി വൈദ്യന്റെ കല്പന”യെന്ന പഴമൊഴിപോലെയായി കാര്യങ്ങൾ..
അങ്ങനെ അബൂസുഫ്യാനും അനുചാരന്മാരും മക്കയിലേക്ക് പിൻവലിയുകയായിരുന്നു.
എട്ടുദിവസമാണ് ശത്രുപക്ഷത്തെക്കാത്ത് മുത്തുനബി(സ)യും സംഘവും ബദ്റിൽ തങ്ങിയത്. ഖുറൈശികൾ പരാജയഭീതിയാൽ പിൻവാങ്ങിയത് മനസ്സിലാക്കിയ മുസ്ലിംസംഘം മദീനയിലേക്ക് തിരികെ യാത്രപുറപ്പെടുകയായിരുന്നു..
തിരികെയാത്രയിലും ഭവനങ്ങളിലേക്കെത്തുവാനുള്ള വ്യഗ്രതയിൽ എല്ലാവരുടേയും ഒട്ടകങ്ങൾ വേഗത്തിലാണ് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ജാബിർ(റ)ന്റെ ക്ഷീണം ബാധിച്ച വാഹനത്തിന് വേഗതകുറവായതിനാൽ മുന്നിൽ പോകുന്നവരിൽനിന്നും ഏറ്റവും പിറകിലായിരുന്നു.
“ജാബിറേ… നിങ്ങളെന്തുകൊണ്ടാണ് എല്ലാവരുടേയും പിറകിലായിപ്പോയത് ..?”
പകലർക്കൻ മറഞ്ഞുപോകുന്ന നേരത്തായതിനാൽ കാഴ്ചമങ്ങിയതാണെങ്കിലും പുണ്യനബിയുടെ മധുരനിനദമാണതെന്ന് ജാബിർ പെട്ടന്നു തിരിച്ചറിഞ്ഞു.
“എന്റെ ഒട്ടകം അവശനാണു നബിയേ..ഇതിനെക്കൊണ്ട് ഇങ്ങനെയേ ആകൂ..”
ഉടൻ നബി(സ) ജാബിറിന്റെ ഒട്ടകത്തിന്റെ പിറകിൽവന്നു അല്ലാഹുവിനോട് പ്രാർത്ഥിച്ചതിന്നുശേഷം വടികൊണ്ട് ചെറുതായി അതിനെ അടിച്ചുതെളിക്കുകയും ചെയ്തു.
അത്ഭുതംകരമാംവിധം ഒട്ടകം വർദ്ധിതവേഗതയിലാണ് പിന്നീട് സഞ്ചരിച്ചത്!
ഏറ്റവും പിറകിൽ ഏന്തിമുടന്തി നടന്നിരുന്ന ഒട്ടകം ഇപ്പോൾ ഏറ്റവും മുന്നിലാണ് സഞ്ചരിക്കുന്നത്!
നബി (സ)യുടെ ഒട്ടകമായ ‘കസ് വ’ ക്കുപോലും അതിന്റെ അടുത്തെത്താൻ പാടുപെടേണ്ടിവന്നു.
“നിങ്ങളീ ഒട്ടകത്തെ എനിക്ക് വിൽക്കുമോ ജാബിർ “
പുണ്യനബി(സ)യിൽ നിന്നും ഓർക്കാപ്പുറത്തുവന്ന ഈ ചോദ്യംകേട്ട് ജാബിർ ഒരുവേള സ്തബ്ധനായി!
തന്റെ ജീവിതോപാദികൾക്കായുള്ള എല്ലാചലനങ്ങൾക്കുമുള്ള ഏകാവലംബത്തെയാണ് തന്റെ സർവ്വസ്വമായ നായകൻ ചോദിക്കുന്നത്!
പക്ഷേ ഹബീബിന് ഒരു വിൽപ്പന അചിന്തനീയവുമാണ്.
“അങ്ങേക്ക് എന്റെ ഒട്ടകത്തെ ഞാൻ വിൽക്കുന്നില്ല അല്ലാഹുവിന്റെ ദൂതരേ.. ഞാൻ വെറുതെ തരുന്നു അങ്ങു സ്വീകരിച്ചാലും.. “
ജാബിർ(റ)തീരുമാനം പുണ്യനബിയെ അറിയിച്ചു.
“താങ്കൾക്ക് അല്ലാഹു പൊറുത്തുതരട്ടെ അങ്ങനെ എനിക്കുവേണ്ട. താങ്കളൊരു വില പറയുകയാണെങ്കിൽ ഞാൻ വാങ്ങാം” എന്നായി പ്രവാചകൻ (സ)
എന്നാൽ തന്റെ ഹൃദയത്തിൽ ഉന്നതസ്ഥാനമുള്ള നേതാവിന് തന്റെതായ ഒന്ന് വിൽക്കുക എന്നത് ആലോചിക്കുവാൻ പോലും കഴിയാത്ത ജാബിർ(റ)വീണ്ടും “ഞാനിതങ്ങേക്ക് വെറുതെ തരാം എനിക്കതിന്റെ വിലവേണ്ട അല്ലാഹുവിന്റെ ദൂതരേ..” എന്ന് ആവർത്തിച്ചു.
നബിയുടെ മറുപടി അപ്പോഴും അതേ വാക്കുകളായിരുന്നു.
“താങ്കൾക്ക് അല്ലാഹു പൊറുത്തുതരട്ടെ അങ്ങനെ എനിക്കുവേണ്ട. താങ്കളൊരു വില പറയുകയാണെങ്കിൽ ഞാൻ വാങ്ങാം”
ചരിത്രരചയിതാക്കൾ ജാബിർ(റ)നെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെ ഇരുപത്തിയഞ്ചു പ്രാവശ്യമാണ് നബി(സ) ന്റെ പ്രാർത്ഥനയും ജാബിറിന്റെ മറുപടിയും ആവർത്തിച്ചത് എന്നാണ്.
ഇത്രയേറെത്തവണ നബി(സ)ഒരാൾക്കുവേണ്ടിയും ഒരുസമയം പ്രാർത്ഥിച്ചിട്ടുണ്ടാകില്ല എന്നാണ് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത്.
“അങ്ങനെയാണെങ്കിൽ അങ്ങ് എത്രയാണ് ഒട്ടകത്തിന് വില കണക്കാക്കുന്നത് നബിയേ..? “
ഒടുവിൽ ജാബിറിനു വഴങ്ങേണ്ടിവന്നു.
“ഞാൻ ഒരു ദിർഹം തരാം” നബി (സ)
ജാബിർ(റ) “അതു തീരെ കുറവായല്ലോ “
അതുവരെ വെറുതെ തരാം എന്നുപറഞ്ഞിരുന്നതിൽ നിന്നും വിൽക്കുകയാണെങ്കിൽ അത് ന്യായവിലക്കാകണമെന്ന നിലപാടിലായി ജാബിർ(റ).
“എങ്കിൽ രണ്ടുദിർഹം തരാം ” എന്നു റസൂലുള്ള പറഞ്ഞപ്പോഴും “അതും തീരേകുറവാണല്ലോ” എന്ന് ജാബിർ(റ) ആവർത്തിച്ചു.
വിലപറഞ്ഞുവിലപറഞ്ഞു അവസാനം ആ ഒട്ടകത്തിന് അക്കാലത്ത് ലഭിക്കാവുന്ന ന്യായവിലയിൽ എത്തിയപ്പോൾ കച്ചവടം തീരുമാനമാവുകയായിരുന്നു.
“താങ്കൾ പൂർണ്ണതൃപ്തനല്ലേ ജാബിർ “
നബി(സ) ചോദിച്ചു
“തൃപ്തനാണ് നബിയേ..”
വിൽപ്പന നടന്നു കഴിഞ്ഞ സ്ഥിതിക്ക് ഒട്ടകത്തിന്റെ ഉടമസ്താവകാശം വാങ്ങിയ ആളുടേതായി മാറിയതിനാൽ ജാബിർ (റ) മദീനയിലെ വീട്ടിലെത്തുന്നതുവരെ താൻ ഒട്ടകത്തെ ഉപയോഗിക്കട്ടെ എന്ന് നബി(സ) യോട് അനുവാദം ചോദിച്ചു.
വിൽക്കൽ വാങ്ങലിന്റെ ഘടനയും രീതിയും മര്യാദയും ഈ സംഭവത്തിലൂടെ മാനവരാശിക്ക് പാഠമാവുകയായിരുന്നു!
പക്ഷേ കഥ ഇവിടെ അവസാനിക്കുന്നില്ലകെട്ടോ..
ഇനിയാണ് കഥ..!
വീട്ടിലെത്തിയ ജാബിർ (റ)തന്റെ കുടുംബിനിയോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. സാത്വികയായ ആ മഹിളയും നബി(സ) യുടെ ഇംഗിതമെന്തോ അതിനനുസൃതം മതി എന്തും എന്നുള്ള നിലപാടിലായിരുന്നു.
ജാബിർ(റ) ഒട്ടകത്തെ മസ്ജിദുന്നബവിയുടെ പുറത്തുകെട്ടി നബി(സ) യുടെ സന്നിധിയിൽ എത്തി.
അഭിവാദ്യത്തിന് ശേഷം “എന്റെ ഒട്ടകമെവിടെ ജാബിറേ..?”എന്നു നബി (സ)ചോദിച്ചു.
“പുറത്തു കെട്ടിയിട്ടുണ്ട് അല്ലാഹുവിന്റെ ദൂതരേ..” എന്ന് ജാബിർ(റ) പറഞ്ഞപ്പോൾ നബി(സ) തൊട്ടടുത്തുണ്ടായിരുന്ന ബിലാൽ ഇബ്നു റബാഹ(റ) യോട് നേരത്തെ തീർപ്പാക്കിയ തുകയും അതിൽനിന്ന് കുറച്ചു കൂടുതലും ജാബിറിനു കൊടുക്കാൻ കല്പിച്ചു.
മുമ്പും കടം വാങ്ങിയത് തിരിച്ചുകൊടുക്കുമ്പോൾ നബി (സ) ഇങ്ങനെ കൂടുതലായി കൊടുക്കാറുണ്ടായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മനസ്സറിഞ്ഞുകൊണ്ട് സന്തോഷപൂർവ്വം എന്തും അധികരിപ്പിച്ചുകൊടുക്കുന്ന മാതൃകയും ഇവിടെ ദർശിക്കാം..
ഇനിയാണ് ക്ളൈമാക്സ്!
വർഷങ്ങളോളമായി തന്നോടൊപ്പമുണ്ടായിരുന്ന ആ മൂകസഹചാരിയെ അവസാനമായി ദുഃഖഭരിതം ജാബിർ (റ) ഒന്നുനോക്കി..ശേഷം മുന്നോട്ടു നടന്നു..
അപ്പോഴാണ് പിറകിൽ നിന്നും “ജാബിറേ..”
എന്നുള്ള നബി(സ)യുടെ വിളി വരുന്നത്.
ജാബിർ(റ)നബിയുടെ അടുത്തേക്ക് വന്നു
“നിങ്ങൾ ഒട്ടകത്തെ കൊണ്ടുപോകുന്നില്ലേ..”
ജാബിർ (റ) “ഞാനത് അങ്ങേക്കു തന്നതല്ലേ..”
“എന്റെ സഹോദരാ.. ഞാൻ നിങ്ങളോട് ഇങ്ങനെ ഒരു കച്ചവടം നടത്തുമെന്ന് താങ്കൾ കരുതിയോ..”
തിരുമൊഴികൾ സ്നേഹമസൃണം തുടർന്നു..
“ഈ ഒട്ടകവും ഈ തുകയും നിങ്ങൾക്കുള്ളതാണ് ജാബിർ “
തന്റെ അനുചരന്റെ വിഷമാവസ്ഥകൾ മനസ്സിലാക്കി ഔദാര്യം എന്നു തോന്നിപ്പിക്കാതെയുള്ള സ്നേഹക്കരുതൽ സമ്മാനമായി നൽകിയ പ്രവാചകപ്രഭുവിന്റെ സുകൃതപാഠം മാനവരാശിക്കു വെളിച്ചമാകട്ടെ..
നബിദിനാശംസകൾ ❤️
✍🏻