2020,കോവിഡും മനുഷ്യരുമായി ട്വൻ്റി ട്വൻ്റി കളിച്ച വർഷം!

മനുഷ്യമാരെറിഞ്ഞ ബോളെല്ലാം കോവിഡണ്ണൻ സിക്സർ പറത്തി കത്തി നിന്ന ജൂൺ ജൂലൈ മാസത്തിൽ രമേശൻ എറണാകുളത്തായിരുന്നു. എന്തോ ആവശ്യം പ്രമാണിച്ച് കൂടും കുടുക്കയുമെടുത്ത് പോയതാണ്.

അക്കാലത്ത് അന്നാട്ടിൽ മനുഷ്യർ ,കോവിഡിനെ പേടിച്ചല്ല മനുഷ്യനെ പേടിച്ച് ഓടി മാറി നടക്കുകയാണ് .തനിക്ക് കോവിഡ് പരത്താൻ വരുന്ന ഭീകര ജീവി ആയിട്ടാണ് മനുഷ്യൻ മറ്റു മനുഷ്യൻമാരെ കണ്ടു കൊണ്ടിരുനത്.ഒരാളെ തൊട്ടാൽ കൈ ഏഴ് വെള്ളത്തിൽ കഴുകും.സാനിറ്റൈസർ എടുത്ത് മൂക്കിലും വായിലും പുരട്ടും. ചിലർ മനുഷ്യരെ കണ്ടാൽ ഓടിപ്പോയി കുളിക്കും. ചിലർ കുളിമുറിയിൽ തന്നെ കുളിച്ചുണ്ട് കാലം കഴിച്ചു.വീട്ടിൽ റീഡിങ് എടുക്കാൻ വന്നKSEB ക്കാരൻ അബദ്ധവശാൽ ഒന്ന് ചുമച്ചപ്പോൾ അടുത്തു നിന്ന ഒരുവൻ പേടിച്ച് അറ്റാക്ക് വന്ന് മരിച്ചു പോലും! തുമ്മുന്നവനും ചുമക്കുന്നവനും ഭീകരൻമാരായി മുദ്രകുത്തപ്പെട്ടു.പൊതു സ്ഥലത്ത് നിന്ന് ഒന്ന് തുമ്മിയാൽ അവന് ആൾക്കൂട്ടാക്രമണം ഉറപ്പ്. അകത്ത് നിന്നും പുറത്തേക്ക് വരാൻ വാശി പിടിച്ച ഒരു തുമ്മലിനെ മരണവെപ്രാളത്തോടെ അകത്തേക്ക് പിടിച്ചു തള്ളാൻ പരിശ്രമിച്ച ഒരു യുവാവ് ശ്വാസം മുട്ടി മരിക്കുന്നിടം വരെയെത്തി കാര്യങ്ങൾ !

അങ്ങനെ വിരണ്ട പോത്തിനെപ്പോലെ മനുഷ്യർ അക്രമങ്ങളും നാശനഷ്ടങ്ങളും പരത്തി പാഞ്ഞ് നടക്കുന്നത് കണ്ട രമേശന് എത്രയും വേഗം നാട്ടിലെത്തിയാ മതിയെന്നായി. എൻ്റെ മണ്ടൻ കുന്ന് .. ഹാ .. എത്ര നല്ല മനുഷ്യരാണവിടെ. എനിക്കവിടേക്ക് പോണം.. കോവിഡ് വരുന്നെങ്കിൽ മണ്ടൻ കുന്നുകാരുടെ മടിയിൽ തല വെച്ച് കിടന്ന് മരിക്കണം .. എൻ്റെ മണ്ടൻ കുന്നേ ഞാനിതാ വർർന്നൂ… മണ്ടൻ കുന്നണയാൻ രമേശൻ്റെ മനസു കിടന്ന് തുടിച്ചു.അങ്ങനെ ഒരു ദിവസം കൂടും കുടുക്കയുമൊക്കെ എടുത്ത് ഒരു അരിവണ്ടിയിൽ കയറി രമേശൻ മണ്ടൻ കുന്നിലേക്ക് തിരിച്ചു.

ഒരു ഓട്ടോയിൽ മണ്ടൻ കുന്നിൽ വന്നിറങ്ങിയ രമേശനെ അന്നാട്ടിലെ പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ പുഞ്ചിരിയും അഭിവാദ്യങ്ങളും നൽകിയാണ് സ്വീകരിച്ചത്.ചിലർ ഫ്ലയിങ് കിസു വരെ അർപ്പിച്ചു.

എത്ര നല്ല മനുഷ്യർ.. എന്ത് നല്ല നാട്… എന്നൊക്കെ ചിന്തിച്ച് വീട്ടിൽ ചെന്ന് കയറിയതും രമേശൻ കോവിഡ് ബാധിതനായി മാറി. അത് രമേശനറിഞ്ഞില്ല പക്ഷേ നാട്ടിലെല്ലാവരും അറിഞ്ഞു.

രമേശൻ കുളിച്ച് കുറിതൊട്ട് ഊണ് കഴിക്കാൻ ചെന്നിരുന്നപ്പോൾ ഭാര്യ പാമ്പിനെ കണ്ടതുപോലെ പേടിച്ച് വിറച്ച് നില്ക്കുന്നു.

അപ്പോ ഭാര്യക്ക് തന്നെ പേടിയൊക്കെയുണ്ട്.. രമേശന് അഭിമാനം തോന്നി.

ങ്ഹാ.. പേടിക്കണ്ട.. ഞാനൊന്നും ചെയ്യില്ല ..രമേശൻ മുരണ്ടു.

ങ്ഹും…പേടി.. അതും നിങ്ങളെ .. നിങ്ങളെയല്ല നിങ്ങള് കൊണ്ട് വന്നിരിക്കുന്ന സാധനത്തിനെയാണ് എനിക്ക് പേടി…ഭാര്യ ആറടി മാറി നിന്ന് അലറി.

ഞാൻ കൊണ്ടുവന്ന സാധനമോ …? അതെന്തെര്?

കോവിഡ്..!

കോവിഡോ … രമേശൻ പകച്ചു.

ശ്രീജ ചേച്ചി വിളിച്ചു പറഞ്ഞല്ലോ നിങ്ങള് കോവിഡും കൊണ്ടാണ് വന്നതെന്ന് .. നിങ്ങളെ വീട്ടിൽ കയറ്റിയതിന് ചേച്ചി എന്നെ ഒരു പാട് വഴക്ക് പറഞ്ഞു…

ശ്രീജ… ആ പോത്തിന് വട്ടാണ്. അവൾടെ കെട്ട്യോനാണ് കോവിഡ്! അവനല്ലേ രാത്രി ചെറ്റ പൊക്കാൻ നാട് തെണ്ടണത്… രമേശൻ ദേഷ്യാധിക്യത്താൽ കിതയ്ക്കുകയും വിറക്കുകയും ചെയ്തു.

കണ്ടോ.. വിറയലും ശ്വാസം മുട്ടലും തുടങ്ങി…. ഭാര്യ അതും പറഞ്ഞ് രണ്ടടി പുറകിലേക്ക് ചാടി.

എടീ എനിക്ക് കോവിഡില്ല… ഒന്ന് വിശ്വസിക്കൂ .. നിൻ്റെ ചേട്ടൻ എങ്ങനെ ഇവിടെ നിന്ന് പോയോ അങ്ങനെ തന്നെയാണ് ഇവിടെ തിരിച്ചു വന്നിരിക്കുന്നത് … രമേശൻ കരയും പോലെയായി.രമേശനെ സംബന്ധിച്ചടുത്തോളം ,പെണ്ണ് പിടിച്ചു എന്ന് പറയുന്നതിനേക്കാൾ അപമാനകരമായിരുന്നു കോവിഡ് പിടിച്ചു എന്ന് പറഞ്ഞു കേൾക്കുന്നത്.

രമേശൻ ശ്വാസം ഉള്ളിലേക്ക് വലിച്ച് അഞ്ച് മിനിട്ട് നിന്ന് തനിക്ക് കോവിഡില്ലെന്ന് പ്രൂവ് ചെയ്ത് കാണിച്ചു. അപ്പോൾ ഭാര്യയുടെ പേടി പകുതി മാറി.

കോവിഡുള്ളവർക്ക് ഇങ്ങനെ ശ്വാസം പിടിച്ച് നിക്കാൻ പറ്റില്ല… എനിക്ക് കോവിഡില്ല.. രമേശൻ നെഞ്ചത്തടിച്ച് നിലവിളിച്ചു.

നിങ്ങള് ജംഗ്ഷനിൽ വച്ച് തുമ്മിയില്ലേ… ഭാര്യയുടെ സംശയം മാറുന്നില്ല.

മൂക്കിലെന്തെങ്കിലും കയറിപ്പോയാൽ ആരായാലും തുമ്മിപ്പോകില്ലേ … കോവിഡുള്ളവരല്ല മൂക്കുള്ളവരാണ് തുമ്മുന്നത്..!

പതുക്കെ സംഗതികളുടെ കിടപ്പുവശം രമേശന് മനസിലായി. ജംഗ്ഷനിൽ ഓട്ടോയിറങ്ങിയപ്പോൾ അഭിവാദ്യങ്ങളർപ്പിച്ച ആണുങ്ങളും പെണ്ണുങ്ങളും, രമേശൻ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ഒത്തുകൂടി, രമേശനെ മണ്ടൻ കുന്നിലെ ആദ്യ കോവിഡ് രോഗിയായി പ്രഖ്യാപിച്ചു.രമേശൻ ഒന്ന് തുമ്മി, അങ്ങനെയാണ് രമേശൻ കോവിഡ് പോസിറ്റീവായത്.

ഇപ്പോ മണ്ടൻ കുന്നില് എല്ലാ അലവലാതികളുടെ കൈയിലും മൊഫൈൽ ഫോണുണ്ട്.വീട്ടിലിരുന്ന് തന്നെ നാട് കുട്ടിച്ചോറാക്കാം എന്നതാണ് ഈ ഉപകരണം കൊണ്ടു ഇവർക്കുള്ള നേട്ടം. നാട്ടിലെ ആസ്ഥാന പുളുവൻമാരും പുളുവത്തികളും മൊഫീലിലൂടെ ,രമേശന് കോവിഡാണെന്ന വിവരം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സ്പ്രെഡ് ചെയ്തു.

ഇവിടെ രമേശൻ എന്ന ആളിന് കോവിഡാണ് .. എത്രയും വേഗം അയാളെ അറസ്റ്റ് ചെയ്ത് ഏതെങ്കിലും തടങ്കൽ പാളയത്തിലേക്ക് മാറ്റണം.. ഒരുത്തൻ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതാണ്.

ചിലർ മെമ്പറെ വിളിച്ചു. ചിലർ ഹെൽത്തിലേക്ക് വിളിച്ചു. ചില മന്ദബുദ്ധി പെണ്ണുങ്ങൾ ആറ് മണിക്ക് മുഖ്യമന്ത്രി ടീവിയിൽ വന്നപ്പോൾ അദേഹത്തോട് പരാതി പറഞ്ഞു. ചിലർ അമ്പലത്തിൽ പോയി കോ വിഡ് രോഗിയായ രമേശൻ ചാകാൻ കാണിക്കയിട്ടു. തങ്ങൾക്കും തങ്ങളുടെ മക്കൾക്കും രക്ഷപ്പെടണമല്ലോ. ദൈവം സഹായിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.

പിറ്റേന്ന് ഹെൽത്തിൽ നിന്ന് ആള് വന്നു.രണ്ട് പെണ്ണുങ്ങൾ. അവർ ആറടി മാറി പുറം തിരിഞ്ഞ് നിന്നാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.രമേശന് തോന്നിയത് അവരുടെ നിതംബങ്ങളാണ് തന്നോട് ചോദ്യങ്ങൾ ചോദിക്കുന്നതെന്നാണ്.

രമേശൻ ചോദിച്ചു: നിങ്ങളുടെ മുഖങ്ങൾ കൊണ്ടുവന്നിട്ടില്ലേ…?

അവർ അതിന് മറുപടി പറഞ്ഞില്ല. പുറത്തിറങ്ങിയാൽ തല്ലിക്കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ട് അവർ പടിഞ്ഞാറോട്ട് ഓടി മറഞ്ഞു.

പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു. മെമ്പർ വിളിച്ചു. തനിക്ക് കോവിഡില്ലെന്ന് പറഞ്ഞ് രമേശൻ കരഞ്ഞ് കണ്ണീർവാർത്തു. ആരും വിശ്വസിച്ചില്ല.

രമേശന് എറണാകുളത്ത് വച്ച് കോവിഡ് വന്നു.അതിൽ കുപിതനായ രമേശൻ തൻ്റെ ഭാര്യയെയും മകനെയും മരണത്തിലേക്ക് ഒപ്പം കൊണ്ടു പോകാൻ മനപൂർവം മണ്ടൻ കുന്നിലെത്തിയതാണ് എന്നു ഒരുത്തി വാട്സാപ്പിലെഴുതി പ്രചരിപ്പിച്ചു.നല്ല രചന .നാലുപേർക്ക് ഗുണം വരുന്ന വല്ലതും എഴുതിയെങ്കിൽ അവൾ മാധവിക്കുട്ടി ആയേനെ. എന്തു ചെയ്യാം പരദൂഷണം പറയാനാണ് പല പെണ്ണുങ്ങളും സ്വന്തം കഴിവുകളെ ദുരുപയോഗം ചെയ്യുന്നത്.

ഡോക്ടർ വന്നു, ആംബുലൻസുമൊക്കെയായിട്ട്. ചൂട് പിടിക്കുന്ന മെഷീനും ഉണ്ടാരുന്നു. രമേശൻ്റെ ശരീരത്തിൽ ചൂട് അല്പം കൂടിയിരുന്നെങ്കിൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് തടങ്കൽ പാളയത്തിലേക്ക് മാറ്റിയേനെ.

ഡോക്ടർ ആറടി ദൂരത്ത് നിന്ന് ചൈനീസ് മെഷീൻ വച്ച് ചൂട് അളന്നു. ഇല്ല ചൂടില്ല.രമേശൻ ഒരു ചൂടനല്ല.പാവമാണ്. ചൂടനായിരുന്നെങ്കിൽ ആൾക്കാർ ഇങ്ങനെ വന്ന് തലയിൽ കേറുമോ?

ഡോക്ടറും ആംബുലൻസും രമേശനില്ലാതെ തിരിച്ചു പോയി.

രമേശൻ്റെ വീടിന് മുന്നിലൂടെ പഞ്ചായത്ത് വഹ തടം അങ്ങനെ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞ് പുളഞ്ഞ് പോകുന്നുണ്ട്. അതിലൂടെ മണ്ടൻ കുന്നുകാർ തേരാ പാരാ നടക്കും. പക്ഷേ ഇപ്പോൾ അപൂർവമായേ ആൾക്കാർ പോകാറുള്ളൂ. പഞ്ചായത്ത് വഹ തടം വരുന്നതിന് മുമ്പ് പഴമക്കാർ ഉപയോഗിച്ചിരുന്ന കുറുക്കുവഴികൾ തെളിച്ചെടുത്ത് നടന്ന് മിക്കവരും ജംഗ്ഷനെ പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. കാരണം രമേശന് കോവിഡാണ്! പഴമയെ പുൽകുന്നത് നല്ലത് തന്നെ. അത് പക്ഷേ മറ്റുള്ളവരെ ഇങ്ങനെ ഊം…..ച്ചു കൊണ്ടായിരിക്കരുതേ എന്ന് രമേശൻ വീട്ടിലിരുന്ന് തേങ്ങി.

അപൂർവമായി ചിലർ ഇപ്പോൾ പഞ്ചായത്ത് തടത്തിലൂടെ പോകാറുണ്ട്. അവർ രമേശൻ്റെ വീടെത്തുമ്പോൾ PT ഉഷയെപ്പോലെ ഓടും. ചിലർ മൂക്ക് പൊത്തി എതിർ ഭാഗത്തേക്ക് നോക്കി സ്പീഡിൽ നടക്കും. ഒരുത്തി രമേശനെ നോക്കി: തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ എന്ന് ശപിച്ച് ഓടി മറയുന്നതിനിടയിൽ തട്ടിയടിച്ചു വീണ് കാലൊടിഞ്ഞു.ഓരോ കാലത്തും അധ:കൃതരുടെ നിർവചനം മാറി വരും എന്ന് ആ പെണ്ണുമ്പിള്ള രമേശനെ ഓർമ്മിപ്പിച്ചു.

പതിയെ പതിയെ തനിക്ക് കോവിഡ് ഉണ്ടോ എന്ന സംശയം രമേശൻ്റെ മനസിലേക്ക് കേറി വന്നു. ഞാൻ മരണവ്യാപാരിയാണോ? ഭാര്യയെയും മകനെയും ഞാൻ കൊലക്ക് കൊടുത്തോ? ഞാൻ നാട്ടിലേക്ക് വന്നത് തെറ്റായോ? ചോദ്യങ്ങൾ രമേശനെ അലട്ടിക്കൊണ്ടിരുന്നു. അവൻ്റ രാവുകൾ നിദ്രാവിഹീനങ്ങളായി. ഇനി കോവിഡാണെങ്കിൽ തൂങ്ങി മരിക്കണം.ഈ സമുഹത്തെ നേരിടാൻ വയ്യ! രമേശൻ മനസിലുറപ്പിച്ചു .

കുറേ ദിവസങ്ങൾ കഴിഞ്ഞിട്ടും രമേശന് ഒരു കുഴപ്പവുമില്ല.തനിക്കൊരു കുഴപ്പവുമില്ല എന്ന് രമേശന് മനസിലായി. ഒരു ജലദോഷം പോലുമില്ല.

കോവിഡില്ലാത്ത തനിക്ക് കോവിഡുണ്ടെന്ന് പറഞ്ഞ് പരത്തിയ സമൂഹത്തിനെ താനെന്തിന് ഇനി ബഹുമാനിക്കണം..? സമൂഹത്തിന് മെരുങ്ങി സമൂഹത്തിൻ്റെ അടിമയായി കഴിഞ്ഞിരുന്ന രമേശൻ, സമൂഹത്തിൻ്റെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്ന് വെളിയിൽ ചാടാൻ ഉറച്ചു.കാര്യം കിട്ടാൻ കാത്തിരിക്കുകയാണ് ബഹിഷ്കരിക്കാൻ.. ഇവറ്റകൾക്ക് വേണ്ടി എന്തിനാണ് ബഹുമാനം എന്ന സംഗതി ഉത്പാദിച്ച് പാഴിക്കളയുന്നത്? ഒരു മില്ലി ബഹുമാനം ഉത്പാദിപ്പിക്കാൻ ശരീരം എത്രമാത്രം അധ്വാനിക്കണം? എന്തിനാ ആ പാഴ് വേല! രമേശൻ ഫീസ് വാങ്ങാതെ പഠിപ്പിച്ച പയ്യൻ വരെ, രമേശൻ്റെ ക്വാറൻ്റെൻ കാലത്ത് വിളിച്ചാൽ ഫോണെടുക്കാത്ത പിതൃശൂന്യത കാണിച്ചു.ബന്ധുക്കളുടെ കാര്യം പറയണ്ട;സുഹൃത്തുക്കൾ മാത്രമേ ശത്രുക്കളാകുന്നുള്ളൂ.ബന്ധുക്കൾ പണ്ടേ അങ്ങനെയാണ് എന്നാരോപറഞ്ഞിട്ടുണ്ടല്ലോ.

രമേശൻ വീടിനു മുന്നിലിരുന്ന് മദ്യപാനം തുടങ്ങി. പണ്ട് പേടിച്ചും കണ്ടും രഹസ്യമായിരുന്ന് ചെയ്തിരുന്നതാണ്.ഇപ്പോ പരസ്യമായി ചെയ്യുന്നു.രമേശന് ആരെയും പേടിക്കാനില്ല. വഴിയേ പോകുന്നവരെ രമേശൻ ചീത്ത വിളിക്കും. തനിക്ക് കോവിഡാണെന്ന് പറഞ്ഞ് പരത്തിയ പ്രധാന പുളുവൻ വഴിയേ നടന്നു പോയപ്പോൾ രമേശൻ ഓടി ചെന്ന് അവൻ്റെ മുഖത്തേക്ക്, തൻ്റെ മൂക്കിൽ കമ്പിട്ട് തുമ്മി .എന്നിട്ട് ആ കാര്യം നുണയൻമാരുടെ വാട്സ് ആപ് ഗ്രൂപ്പിലിട്ടു – പുളുവൻ തത്ക്ഷണം ക്വാറൻ്റെനിലായി.തൻ്റെ വീടിന് മുന്നിൽ കൂടെ ആര് പോയാലും രമേശൻ പിന്നാലെ ഓടിച്ചെന്ന് തുമ്മും ചീത്ത വിളിക്കും..

ഒറ്റ ദിവസം കൊണ്ട് രമേശൻ്റെ വീട്ടിന് മുന്നിലുള്ള പഞ്ചായത്ത് തടം മനുഷ്യ ശൂന്യമായി.അവിടെ ടീപ്പോ പിടിച്ചിട്ട് രമേശൻ മദ്യപിക്കും.. നാട്ടുകാരെ തെറി വിളിക്കും…

പാവം.. നല്ലൊരു മനുഷ്യനെ ഇങ്ങനെ ആക്കിയപ്പോൾ സമാധാനമായോ സമൂഹമേ ?

സമൂഹത്തിന് മെരുങ്ങി മാന്വമായി കഴിയുന്നവരെ സമൂഹത്തിന് വെളിയിൽ ചാടിച്ച് സമൂഹത്തെ തകർക്കാൻ വെമ്പുന്ന അലവലാതികളാക്കുന്നത് ഈ സമൂഹം തന്നെയാണ്.

ഒരു ചോദ്യം: ബാധിക്കുന്ന 80 ശതമാനം പേർക്കും യാതൊരു കേടുപാടും വരുത്താത്ത ഈ നിസാര രോഗത്തെ ഇത്ര പർവതീകരിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണയും ഭീതിയും പരത്തി അവരെ ഭിന്നിപ്പിച്ച് ശത്രുക്കളാക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണ്?

🖌️ശിവൻ മണ്ണയം.

By ivayana