ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

സോഷ്യൽ മീഡിയ യുഗത്തിലെ ഒരു ആധുനിക പ്രതിഭാസമാണ് “എയറിൽ കേറൽ”. ഒരാൾ പറഞ്ഞ കാര്യത്തിനെ എതിർത്തുകൊണ്ട് ഒരുപാടുപേർ ഒരേസമയം സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോഴാണ്, ആദ്യം പറഞ്ഞയാൾ ‘എയറിലായതായി’ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാവരും ചേർന്ന് ആളെ ‘എയറിൽ കേറ്റി’ എന്നും പറയാറുണ്ട്. വ്യാകരണദൃഷ്ടിയിൽ നോക്കിയാൽ ആ പ്രവൃത്തിയിൽ മൂന്ന് ഘടകങ്ങളുണ്ട്.


ക്രിയ – എയറിൽ കേറ്റൽ
കർമ്മം – ആദ്യം അഭിപ്രായം പറഞ്ഞ ഒരു വ്യക്തി
കർത്താവ് – ആ അഭിപ്രായത്തോട് എതിർപ്പുള്ള ഒരു(വലിയ)കൂട്ടം ആളുകൾ
ടി പ്രയോഗം കേട്ടാൽ കർമ്മത്തിന് എന്തോ പറ്റി (എയറിൽ ‘പോയി’) എന്നോ, കർത്താവ് എന്തോ ചെയ്തു (എയറിൽ ‘കയറ്റി’) എന്നോ ആണ് തോന്നുക. പക്ഷേ ഒന്നോർത്താൽ അങ്ങനൊന്നും ഇല്ല. ഒരു കൂട്ടം ആളുകൾ പരസ്പരം ആസൂത്രണം ചെയ്ത് ഒരുമിച്ച് നടപ്പാക്കുന്ന ഒരു ക്രിയയല്ല അത്. ഒരാൾ പറഞ്ഞതിനോട് എതിർപ്പുള്ളതുകൊണ്ട് വിമർശനം, പരിഹാസം, പുച്ഛം, തെറി തുടങ്ങിയ പലവിധ രൂപങ്ങളിൽ പലർ പലയിടങ്ങളിൽ നിന്ന് അതിനോട് പ്രതികരിക്കുന്നു എന്നതാണ് അവിടെ ആത്യന്തികമായി സംഭവിക്കുന്നത്. ആദ്യത്തെ അഭിപ്രായം അൺപോപ്പുലർ ആയിരുന്നു എന്ന് മാത്രമാണ് ഉറപ്പിക്കാനാവുന്നത്. അല്ലാതെ, ആദ്യത്തെ ആ ഒരാളാണോ അതോ ആൾക്കൂട്ടമാണോ ശരി എന്നത് പോയിട്ട് ശരിയും തെറ്റും ബാധകമായ കാര്യമാണോ എന്നതുപോലും അവിടെ വ്യക്തമായിരിക്കില്ല. ഇതിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നവർക്ക്, ആദ്യത്തെ അൺപോപ്പുലർ അഭിപ്രായം പറഞ്ഞ ആളോടുള്ള (അല്ലെങ്കിൽ അഭിപ്രായത്തോടുള്ള) പ്രതിഷേധം കാരണം തോന്നുന്ന ഒരു സന്തോഷമാണ് ആ പ്രയോഗത്തെ സന്തോഷകരമാക്കുന്നത്. പണ്ട് എന്നെ തല്ലിയവൻ പെണ്ണുകേസിൽ അകത്താകുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്ന ഒരു സന്തോഷം പോലെ.


ഇനി കർമ്മത്തിൻ്റെ കാര്യത്തിലേയ്ക്ക് വന്നാൽ, എങ്ങനെയാണ് താൻ “എയറിലായ” അവസ്ഥ അയാൾ അനുഭവിക്കുക? അതും സാർവത്രികമല്ല. ഇത് പറയാൻ തന്നെ കാരണം എൻ്റെ വ്യക്തിപരമായ അനുഭവം ആണ്. മുൻപ് പല പോസ്റ്റുകളുടേയും പേരിൽ ഞാൻ “എയറിൽ കയറി”യതായി പലരും പറഞ്ഞ് ഞാൻ അറിഞ്ഞിട്ടുണ്ട്. മറ്റുള്ളവർ പറയാതെ ഞാനത് അറിയാൻ സാധ്യതയുമില്ലായിരുന്നു. കാരണം ഞാൻ പറഞ്ഞ ഒരു കാര്യത്തോട് ആരൊക്കെ എന്തൊക്കെ രീതിയിൽ പ്രതികരിക്കുന്നു എന്ന് മിക്കപ്പോഴും ശ്രദ്ധിക്കാറില്ല. വിശേഷിച്ചും, ” എയറിൽ കയറ്റുന്ന” തരം ഭാഷയിലുള്ള പ്രതികരണങ്ങളെ. എത്രപേർ യോജിക്കുന്നു എന്നതല്ലല്ലോ പറയുന്നതിലെ ശരിതെറ്റുകൾ തീരുമാനിക്കാനുള്ള മാനദണ്ഡം.


ഇത് എൻ്റെ മാത്രം കാര്യമാകാൻ വഴിയില്ല. അതുകൊണ്ട് തന്നെ “എയറിൽ ആകുക” എന്നത് എയറിൽ ആയതായി പറയപ്പെടുന്ന വ്യക്തിയ്ക്ക് എങ്ങനെയിരിക്കും എന്നറിയില്ല. അത് എന്തായാലും ഓരോരുത്തർക്കും ഓരോപോലെ ആയിരിക്കും. സോഷ്യൽ മീഡിയയിലെ നെഗറ്റിവ് റെസ്പോൺസ് സഹിക്കാൻ പറ്റാതെ മനംമടുത്ത് അത് നിർത്തിയവരെ അറിയാം. ചിലർക്കത് വല്ലാത്ത സമ്മർദ്ദം ഉണ്ടാക്കുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്. സോഷ്യൽമീഡിയാ പ്രൊഫൈലുകളെ യഥാർത്ഥജീവിതത്തിലെ മറ്റ് മനുഷ്യർക്ക് സമാനമായി കണക്കാക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.
സോഷ്യൽമീഡിയ പ്രൊഫൈൽ ഒരു നിഗൂഢകഥാപാത്രം മാത്രമാണ്. ഒരു യഥാർത്ഥ വ്യക്തിയുടെ പേരും ചിത്രവും വെച്ച്, അതേ വ്യക്തിയാൽ നിയന്ത്രിക്കപ്പെടുന്നതാണെങ്കിൽപ്പോലും അതാ യഥാർത്ഥ വ്യക്തിയല്ല!
നമ്മളോരോരുത്തരും, ഞാനായാലും നിങ്ങളായാലും, നമ്മുടെ പരമാവധി പ്രസന്റബിൾ ആയ ഒരു ഭാഗമാണ് സോഷ്യൽ മീഡിയ പ്രൊഫൈലിൽ പ്രദർശിപ്പിക്കുന്നത്.

നേരിട്ടാണെങ്കിൽ നമ്മളെന്തൊക്കെ ചെയ്‌താലും, ചിലതൊന്നും നമുക്ക് ഒളിപ്പിക്കാനാവില്ല. നിങ്ങളുടെ അത്മവിശ്വാസമില്ലായ്മ, തേൻപുരട്ടിയ വാക്കുകൾക്കപ്പുറമുള്ള മുറിവേറ്റ നിങ്ങളുടെ ഈഗോ ഇങ്ങനെ പലതും കമന്റുകളിൽ നിങ്ങൾക്ക് മറയ്ക്കാൻ പറ്റിയേക്കും. പക്ഷേ പുറംലോകത്ത് നിങ്ങളുടെ ശരീരഭാഷ നിങ്ങളെ ഒറ്റും. പുറംലോകത്ത് നാം ഇടപെടുന്ന ഓരോ വ്യക്തിയും ഇങ്ങനെ നോൺ-വെർബലായി അവരവരെക്കുറിച്ച് പലതും നമ്മളോട് വെളിപ്പെടുത്തുന്നുണ്ടാകും. സോഷ്യൽമീഡിയയിൽ അതില്ല. അതാണ് അവിടത്തെ നിഗൂഢത.


ഇതിൻ്റെ അനന്തരഫലം പോലെ മറ്റൊരു പ്രശ്നമുണ്ട്. സോഷ്യൽ മീഡിയയിൽ ഒരാൾ വാക്കുകൾ കൊണ്ട് ഉയർത്തുന്ന ഒരു പ്രശ്‌നമാകണമെന്നില്ല, അയാളെ അസ്വസ്ഥതപ്പെടുത്തുന്ന ശരിയ്ക്കുള്ള പ്രശ്നം. അഥവാ, ഒരുപാടുപേര് ഒരേ പ്രശ്ന‌ം കൊണ്ടുപിടിച്ച് ചർച്ച ചെയ്യുമ്പോൾ ഒരേ ഭാഗത്തുനിന്ന് വാദിക്കുന്നവർ പോലും ഒരേ കാരണം കൊണ്ടായിരിക്കില്ല അത് ചെയ്യുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ, ഏ.ഐ. ക്യാമറ സംബന്ധിച്ച അഴിമതി, സാങ്കേതികപ്രശ്ന‌ം തുടങ്ങിയ വാർത്തകളൊക്കെ മുറയ്ക്ക് ഷെയർ ചെയ്ത് അപലപിക്കുന്ന ഒരാളുടെ പ്രശ്നം അഴിമതിയോ, സാങ്കേതികപോരായ്‌മയോ ആകണമെന്ന് നിർബന്ധമില്ല. രാഷ്ട്രീയനിലപാട്, വ്യക്തിവിരോധം, ഗതാതഗനിയമങ്ങൾ ലംഘിച്ച് ഫൈനടക്കേണ്ടിവരുമല്ലോ എന്ന പേടി എന്നിങ്ങനെ പലതും അതേ അപലപനത്തിലേയ്ക്ക് തന്നെ എത്തിക്കാം. അതുകൊണ്ട് ഇക്കൂട്ടർക്കെല്ലാം കൂടി പൊതുവായ ഒരു മറുവാദം അസാധ്യമാണ്.


ആരുടെ ഏത് നിലപാടിനെക്കുറിച്ചുള്ള ചർച്ചയും ആയിക്കോട്ടെ, ഇത് ബാധകമാണ്. ചിലപ്പോ എയറിലാകുന്നത് ഒരു പ്രൊഫൈലായിരിക്കാം, പക്ഷേ എയറിൽ കയറ്റുന്ന എല്ലാവരേയും നയിക്കുന്നത് ഒരേ വിചാരമല്ല. ചിലതൊക്കെ ‘കർത്താവി’നോടുള്ള പ്രതികരണം പോലും ആകണമെന്നില്ല, ‘കർമ്മ’ത്തിൻ്റെ സ്വകാര്യ പ്രശ്നങ്ങളുടെ പ്രതിഫലനം മാത്രവുമാകാം.
ചുരുക്കിപ്പറഞ്ഞാൽ എയറിലാകലോ ആക്കലോ ശരിയായ അർത്ഥത്തിൽ ഒരു ‘ക്രിയ’ പോലുമല്ല.

വൈശാഖൻ തമ്പി

By ivayana

Leave a Reply

Your email address will not be published. Required fields are marked *