ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

തൊടികൾക്കുമപ്പുറം പുരയിടക്കോണിലാ-
യൊരുചെറു തുമ്പ കിളിർത്തുവന്നു
അതിനടുത്തായൊരു ദർഭയുമെപ്പളോ
തുമ്പയോടൊപ്പം വളർന്നുവന്നു.

കൂട്ടായിനിന്നവർ കാര്യങ്ങളോതവേ
തുമ്പയോ ചൊല്ലിയാ ദർഭയോടായ്:
“ഞാനെത്ര ശ്രേഷ്ഠനാണെന്നറിഞ്ഞീടുക
പൂക്കളിൽ ഞാനാണു മുഖ്യനെന്നും.

ഓണമിങ്ങെത്തിയാൽ വന്നിടുമുണ്ണികൾ
മത്സരിച്ചെന്നുടെ പൂവിറുക്കാൻ
ആയതിൻ ഞാനെന്റെ മേനിയിലേറ്റവും
തൂവെള്ളപ്പൂക്കളൊരുക്കിവയ്ക്കും.

എന്നുടെ പൂക്കളില്ലാത്തൊരു പൂക്കളം
പൂർണ്ണതയില്ലാതെ വന്നിടുംപോൽ
തൃക്കാക്കരപ്പന്റെ തൃപ്പാദം ചുംബിച്ച്
തൃപ്തരായ് പൂവുകൾ പുഞ്ചിരിക്കും”

ഭർഭയോ ചിന്തിച്ചുപോയൊരാ വേളയിൽ
താനൊരു തുമ്പയായ്മാറിയെങ്കിൽ
തൈച്ചെടിയൊന്നിൻ്റെ സൗഭാഗ്യമല്ലയോ
ശോഭയേറുന്ന തൻപൂക്കളൊക്കെ.

ഇത്രയുംകേൾക്കയാൽ മുത്തശ്ശിമാവൊന്നു
ചില്ല കുലുക്കിച്ചിരിച്ചു മെല്ലേ.
“ഈ ലോകത്തല്ലയോ തുമ്പേ നിൻജീവിതം
കാലങ്ങൾ മാറിയതോർമ്മയില്ലേ?”

പൂക്കളു,മൂഞ്ഞാലുമാർക്കുമേ വേണ്ടിന്ന്
സദ്യയോ ഭോജനശാലയിലായ്
തുമ്പയും മുല്ലയും കൊങ്ങിണിപ്പൂക്കളും
വേണ്ടിന്നു പൂക്കളായ് പൂക്കളത്തിൽ.

വർണ്ണഛായങ്ങളാൽ കടലാസു പൂക്കളാൽ
തീർക്കുന്നു പൂക്കളമീയുഗത്തിൽ
എത്രയോ കാലമായ് കാത്തിരിക്കുന്നു ഞാൻ
ഊഞ്ഞാലൊരെണ്ണമെൻ ചില്ലയേറാൻ.

എത്രയോ ബാല്യങ്ങളാടിത്തിമിർത്തൊരെൻ
ചില്ലകൾ തുള്ളാ,തുറങ്ങിടുമ്പോൾ
ഓണങ്ങളെത്രയോ വന്നുപോയെങ്കിലും
കുട്ടികളാടുവാൻ വന്നതില്ല.

കാർഷികമായുളേളാരുത്സവമെങ്കിലും
കർഷകവൃത്തിയതില്ലാതെയായ്
അധ്വാനമില്ലാതെ വാങ്ങിച്ചുതിന്നുമോ-
രന്നത്തിനുണ്ടോയീ സ്വാദിടങ്ങൾ.

വേണ്ടിനി മോഹങ്ങൾ തുമ്പേ നിന്നുള്ളിലായ്
പൂക്കളം പൂകുവാൻ വേണ്ട മോഹം
നട്ടുവളർത്തി നിൻപൂക്കളിറുത്തൊരു
പൂക്കളംതീർത്തൊരാ കാലവുംപോയ്.

നീർമിഴിയോടിതു കേട്ടൊരാ തുമ്പയോ
പൂക്കൾ പൊഴിച്ചു തളർന്നിരിപ്പൂ
കുമ്പിട്ടുനിൽക്കുന്ന തുമ്പയെ കൈകളാൽ
ചേർത്തുപിടിച്ചൊരാ ദർഭയപ്പോൾ.

ശ്രീകുമാർ പെരിങ്ങാല

By ivayana

Leave a Reply

Your email address will not be published. Required fields are marked *