രചന : ജിഷ കെ ✍
ദൈവം ഒരുനാൾ
കാരണമൊന്നുമില്ലാതെ
എന്നെ തിരിച്ചു വിളിച്ചു..
എന്റെ പ്രാർത്ഥനകൾ കൊണ്ട് പൊറുതി മുട്ടിയാവും
എന്ന് ഞാൻ ഉള്ളിൽ ചെറുതായൊന്നു ചിരിച്ചു.
ധൃതിപ്പെ ട്ടങ്ങോട്ട് ചെല്ലാൻ ഒരുമ്പെടുമ്പോൾ
പലതിൽ പാതിയും മറന്നു പോയിരുന്നു ഞാൻ….
അക്കൂട്ടത്തിൽ നിനക്കെന്നും ആശ്വാസമേകുന്ന
പുഞ്ചിരിയുടെ തണുപ്പ് പോലും വിരിച്ചിടാൻ വിട്ടു പോയി.
ദൈവത്തിന്റെ വിളികൾക്ക്
ഇത്രയേറെ കണിശതയാണെന്ന് എനിക്കറിയാമായിരുന്നില്ല..
ഏതോ മറുവാക്കിന്റെ മൂളൽ പോലും
നാവിനടിയിലേക്ക് ചുരുട്ടി വെച്ചാണ്
അപ്പോൾ ഞാൻ പുറപ്പെട്ടത്..
ദൈവം അലസനായ മേൽനോട്ടക്കാരനാണ്
അസ്സാധ്യമായി പിഴവുകൾ കണ്ടെത്തുന്ന കിറുക്കൻ മുതലാളിയും..
ഞാൻ പലതവണ പിറു പിറുത്തു…
നീളൻ കുപ്പായക്കൈ തെറുത്ത് കയറ്റി കപ്പടാ മീശയും തിരുകി കൂർപ്പിച്ച്
അദ്ദേഹമെന്നെ ആഞ്ഞൊന്നു നോക്കി…
വിശേഷപ്പെട്ട അവസരങ്ങളിൽ
കുറ്റവാളികൾക്ക് ഇളവുകൾ അനുവദിക്കപ്പെടും പോലെ
എന്റെ നാനൂറ്റി പതിനൊന്നാമത് പ്രാർത്ഥനയ്ക്ക് നറുക്ക് വീണതാണെന്ന്..
എവിടെ അഴിച്ചു പണിയാൻ നീ അപേക്ഷയർപ്പിച്ച ദേവാലയം…
ഞാൻ എന്നിലാകെ പരതി.
ശ്വാസം നിലത്ത് കുടഞ്ഞിട്ട് നോക്കി..
സർവ്വ കോശങ്ങളിലും കയറിയിറങ്ങി..
ചുവന്ന ഒഴുക്കിന്റെ കുത്തഴിച്ചിട്ടു…
ആ പ്രാർത്ഥനയുടെ ഉറവിടം എവിടായിരുന്നു…
നീയപ്പോൾ ഭൂമിയിലിരുന്ന്
എന്റെ ഉടലിലെ ഏറ്റവും മൃദുലമായ മുറിവിന് താരാട്ട് പാടുകയായിരുന്നു….
സംശയത്തോടെ
നിന്നെത്തന്നെ
സൂക്ഷിച്ചു നോക്കുന്ന ദൈവത്തിന്റെ കണ്ണിൽ
പെട്ടെന്ന് ഒരു കരട് വീണു.
നിന്റെ നെഞ്ചിലെ പുരാതനമായ ആ ദേവാലയത്തെ
അതിന്റെ പ്രാചീനതയെ ദൈവം കാണാതെ മായ്ച്ചു കളഞ്ഞേക്കൂ..
എന്ന് നിന്റെ ചെവിയിൽ
മന്ത്രിക്കണമെന്നായിരുന്നു
ഭൂമിയിൽ മുഴുമിപ്പിക്കാതെ ഞാൻ ഉപേക്ഷിച്ച അവസാന വാക്ക്..