രചന : റെജി.എം.ജോസഫ് ✍
പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, നാളെയെന്ന ദിവസം പുലരാതിരുന്നെങ്കിൽ എന്ന് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്! മഞ്ഞിൽ പടർന്നിറങ്ങിയ നിലാവിന്റെ നീലിമയ്ക്കും അകലെ വലിയൊരു കൽക്കെട്ട് ഉയർന്നിട്ടുണ്ട്!
കൽക്കെട്ടിനും താഴെ ഇരുട്ടാണ്! കുരിരുട്ട്!
പകല് പോലും ഇരുട്ടാണവിടെ; പച്ചനിറമുള്ള ഇരുട്ട്!
മാസങ്ങളും വർഷങ്ങളുമെടുത്താണ് ആ കൽക്കെട്ട് അവിടെ ഉയരുന്നത്! കൺമുന്നിലൊരു ഭീമൻ നിർമ്മിതി ഉയർന്നതിൽ, എന്റെയും ഭാര്യയുടെയും മക്കളുടെയും തലച്ചുമടുകളുണ്ട്!
മലയും മലയും കൂട്ടിമുട്ടിച്ച് പണിത കൽക്കെട്ട് കറുത്തിരുണ്ട് മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു!
കുറവൻ കുറത്തി മലയുടെ ഇങ്ങേ താഴ്‌വരയിലാണ് വൈരമണി ഗ്രാമം കിടന്നിരുന്നത്! രണ്ടായിരത്തോളം കുടുംബങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്കെങ്കിലും, അതിൽക്കൂടുതൽ ഉണ്ടാകാനാണ് വഴി!
പുഴയുടെ ഒരു കരയാണ് വൈരമണി ഗ്രാമം! ഞാൻ ഇവിടെയാണ് ജനിച്ചത്!എന്റെ മുതുമുത്തച്ഛന്മാർ മുതൽ ഇവിടെത്തന്നെ!
സെന്റ് തോമസിന്റെ ഒരു പള്ളിയും, അഞ്ചാം ക്ലാസ്സ് വരെയുള്ള സർക്കാർ പള്ളിക്കൂടവും, ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട്!
മോട്ടോർ വച്ച വാഹനം ഒന്നും തന്നെ എന്റെ ഓർമ്മയിൽ ഇവിടെ വന്നിട്ടില്ല! എന്നാൽ നിർമ്മാണത്തിന്റെ പണിയ്ക്കായിട്ട് പലതവണ അധികാരികൾ മോട്ടോർ വച്ച വാഹനത്തിൽ വന്നു പോകുന്നത് കണ്ടിട്ടുണ്ട്. കൗതുകത്തോടെ നോക്കി നിൽക്കവേ, ഒരിക്കലെങ്കിലും മോട്ടോർ വാഹനത്തിലൊന്ന് കയറണമെന്ന് കൊതി തോന്നിയിട്ടുണ്ടെന്നത് വാസ്തവമാണ്!
പറ്റുകയാണെങ്കിൽ ഭാര്യയേയും മക്കളേയും അതിലൊന്ന് കയറ്റണം! പക്ഷേ നല്ല പൈസച്ചെലവുണ്ടാകാനാണ് സാധ്യത!
പൈസച്ചെലവുള്ള കാര്യങ്ങൾക്കൊന്നും ഇനി നിന്നു കൊടുക്കാൻ പറ്റത്തില്ല. ഇന്നലെ ചന്ത പിരിഞ്ഞപ്പോൾ പലരും പറയുന്നത് കേട്ടു; ഇക്കണക്കിനാണേൽ അടുത്ത വർഷം നമ്മുടെ രാജ്യമൊട്ടാകെ അടിയന്തിരാവസ്ഥ വന്നേക്കുമെന്ന്!
അടിയന്തിരാവസ്ഥ എന്താണെന്നൊന്നും എനിക്കറിയില്ല; എന്നാലും സാമ്പത്തിക നിയന്ത്രണം വന്നേക്കാനാണ് സാധ്യതയെന്ന് കൂട്ടുകാരെല്ലാവരും പറയുകയുണ്ടായി!
കുളമാവിൽ നിന്ന് കട്ടപ്പനക്ക് പോകുന്നതിനിടയിലാണ് വൈരമണി ഗ്രാമം കിടന്നിരുന്നത്! കച്ചവട കേന്ദ്രമായിരുന്നെങ്കിലും, പുരമേയാനുള്ള ഓല കുതിരകുത്തിയിൽ നിന്നോ, വേങ്ങാനത്തു നിന്നോ ആണ് കാളവണ്ടിയിൽ കൊണ്ടുവന്നിരുന്നത്! ചിലപ്പോൾ രണ്ട് രാത്രിയെടുത്തു മുത്തിക്കണ്ടത്ത് നിന്നോ നടക്കവയലിൽ നിന്നോ, ഓല തലച്ചുമടായും കൊണ്ടുവന്നിരുന്നു!
അടുപ്പ് കല്ല് കൂട്ടുന്നതു പോലെ അഞ്ചാറ് കുടുംബങ്ങൾ ഞങ്ങൾ അടുത്തടുത്തായുണ്ട്. കൃഷിയിടം മലയടിവാരത്തിലാണ്! എല്ലാവർക്കും ഏക്കറ് കണക്കിന് സ്ഥലമുണ്ട്. കുരുമുളക്, കാപ്പി, കപ്പ, വാഴ, പച്ചക്കറികൾ മുതലായ എല്ലാ കൃഷികളും ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു!
മക്കൾക്ക് വിവാഹ പ്രായമെത്തുമ്പോൾ ഗ്രാമത്തിൽ നിന്ന് തന്നെ തങ്ങൾക്കുള്ള ആളെ കണ്ടെത്തുന്നതായിരുന്നു, തലമുറകളായി പിന്തുടർന്ന് പോരുന്ന രീതി!
ആകെക്കൂടി വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്, ഗ്രാമം വിട്ട് പുറത്തേക്ക് പോകേണ്ടി വരുന്നത്, ഓലയെടുക്കുവാൻ വേണ്ടി മാത്രമാണത്! ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ സ്വർഗ്ഗം, ഞങ്ങളുടെ ഗ്രാമം തന്നെയായിരുന്നു! ഗ്രാമത്തിന് പുറത്ത് എന്താണെന്നോ, വേറെ നാടുകളുണ്ടോ, അവിടെ ജീവിതങ്ങളുണ്ടോ, എന്നതൊന്നും വലിയ നിശ്ചയമില്ലായിരുന്നു!
കൃഷിയിടങ്ങളിലെയെല്ലാം വിളവെടുപ്പ് ഒരേ സമയത്തായതിനാൽ, അതൊരു ആഘോഷക്കാലമായിരുന്നു!
ഞാനിന്നുമോർക്കുന്നുണ്ട്, അത്തരമൊരു സായന്തനത്തിൽ വലിയ ശബ്ദത്തോടെ മോട്ടോർ വാഹനങ്ങളിൽ അധികാരികളെത്തിയത്! കൂടുതൽ കൂലി മോഹിച്ചാണ്, കൽക്കെട്ടിന്റെ പണിക്കായി എല്ലാവരും പോയിത്തുടങ്ങിയത്!
ആദ്യം മടിച്ചു നിന്നവരിൽപ്പലരും, പണിക്ക് പോയവരുടെ മോഹന വാക്കുകളിൽ മയങ്ങി, കൽക്കെട്ടിന്റെ പണിക്കായി പോയിത്തുടങ്ങി!
ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് അവസാനിക്കുന്നതിന് മുമ്പ് മലയിലെ നിർമ്മാണത്തിന്റെ ഉദ്ഘാടനം നടക്കുമെന്നുള്ളത് സന്തോഷത്തോടെ കേൾക്കുകയുണ്ടായെങ്കിലും, തുടർന്ന് കേട്ടവയൊന്നും സത്യമാകരുതേയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു!
മലയെ തമ്മിൽ ബന്ധിപ്പിച്ച് ഉയർന്ന കൽക്കെട്ടിന്റെ പേര് ഇടുക്കി ആർച്ച് ഡാം എന്നാണെന്നും, അതിൽ പുഴയിൽ നിന്നുള്ള വെള്ളം തടഞ്ഞു നിർത്തപ്പെടുമെന്നും പറഞ്ഞതിനൊപ്പം, വൈരമണി ഗ്രാമം എന്നെന്നേക്കുമായി ഇല്ലാതാവുകയാണെന്നും, ഗ്രാമത്തിലുള്ളവരെല്ലാം പോകേണ്ടി വരുമെന്നും, എല്ലാവരെയും, സർക്കാർ പുനരധിവസിപ്പിക്കുമെന്നും അധികാരികൾ പറഞ്ഞു!
ഞാനടക്കമുള്ളവർ അധ്വാനം ചെയ്ത്, മലകളെ കോർത്തുണ്ടാക്കിയ നിർമ്മിതി ഒടുവിൽ എന്നെയും, ഗ്രാമത്തെയൊന്നാകെയും തന്നെ വിഴുങ്ങിയിരിക്കുന്നു! പുരാണത്തിൽ, ഹനുമാനെ വിഴുങ്ങാനെത്തിയ സുരാസുവിനെപ്പോലെ തലയ്ക്ക് മുകളിൽ ആർച്ച് ഡാം നിന്നിരുന്നു!
പാമ്പുകടിയും, വിഷമുള്ളും, മുറിവുകളും ഏറ്റ്, ചുമലിൽ കൂർത്ത കരിങ്കല്ല് ചുമന്ന് ഉണ്ടാക്കിയ നിർമ്മിതിയൊടുവിൽ ഞങ്ങളെ പുറത്താക്കിയിരിയ്ക്കുന്നു!
പിറന്ന മണ്ണും, പൂർവ്വികന്മാരുറങ്ങിക്കിടക്കുന്നയിടവും, ബന്ധുക്കളേയും, സുഹൃത്തുക്കളയും വിട്ട് പുറത്തേക്കൊരു യാത്ര!
എവിടേയ്ക്കെന്ന് അറിയാതെ! ദിക്കറിയാതെ പറക്കുന്ന പറവകളെപ്പോലെ!
ഇന്നൊരു രാത്രി മാത്രമാണ് അവശേഷിക്കുന്നത്! നാളെ ഡാമിൽ വെള്ളം നിറച്ചു തുടങ്ങും!
എല്ലാവരും പല വഴിക്ക് പോകേണ്ടി വരും! വണ്ണപ്പുറം, കോരുത്തോട്, ചേലച്ചുവട്, മഞ്ഞപ്ര എന്നിങ്ങനെ പല വഴിക്ക് പിരിയേണ്ടിവരും!
പുറത്ത് രാത്രിയേറുകയാണ്! ഗ്രാമത്തിലെ അവസാന രാത്രി! വൈരമണിയെന്ന ഗ്രാമത്തിന്റെ അവസാനം ഇവിടെ കുറിയ്ക്കപ്പെടുന്നു!
പിറന്ന മണ്ണിലേക്ക് തല ചേർത്ത്, മണ്ണിനെ കെട്ടിപ്പിടിച്ച് ഞാൻ കിടന്നു! മണ്ണിൽ തല ചേർക്കവേ, പുഴയൊഴുകുന്ന ശബ്ദം കേട്ടു!
രാവിലെ കാളവണ്ടിയിൽ, വീട്ടുപകരണങ്ങൾ കയറ്റിവിട്ട്, മോട്ടോർ വാഹനത്തിൽ എല്ലാവരും കയറിയിരുന്ന് യാത്രയാകവേ, മോട്ടോർ വാഹനത്തിൽ കയറണമെന്ന് ആഗ്രഹിച്ച നിമിഷം വീണ്ടുമെന്റെ മനസ്സിൽ തെളിഞ്ഞു!
ദിക്കറിയാതെ അകലേക്ക് പറക്കുന്ന പറവകളെപ്പോലെ യാത്രയാവുകയാണ്! മുണ്ടക്കയത്ത് വച്ച് എല്ലാവരും മുൻകൂട്ടി തയ്യാറാക്കപ്പെട്ട പട്ടികയനുസരിച്ച് രണ്ടായിത്തിരിഞ്ഞു!
ഞങ്ങളുടെ വാഹനം കനത്ത ഇരമ്പലോടെ കോരുത്തോട് സെറ്റിൽമെന്റ് ഭൂമി ലക്ഷ്യമാക്കി നീങ്ങവേ, കൽക്കെട്ടിനും താഴെയായി കണ്ട പച്ചനിറമുള്ള ഇരുട്ടിലൂടെയാണ് യാത്രയെന്ന് തിരിച്ചറിഞ്ഞു! പുറത്ത് കോടയിറങ്ങിപ്പരക്കുന്നതും നോക്കി ഞാൻ നിസ്സംഗനായി വണ്ടിയിൽ ഇരിക്കവേ, വൈരമണി ഗ്രാമത്തിൽ അപ്പോൾ വെള്ളം കയറിത്തുടങ്ങിയിരുന്നു..!
·
·