രചന : സുരേഷ് പൊൻകുന്നം ✍
അവളായായിരുന്നാദ്യമയാൾ
വായിച്ച പുസ്തകം
കമനീയമായ പുറംചട്ടയിൽ
തലോടിയപ്പോൾ
ഒരു പൂ പോലെ പുസ്തകം തുറന്നു
ആമുഖം കണ്ണിലായിരുന്നവൾ
എഴുതിയിരുന്നത്
കനവൊളിപ്പിച്ച കൺകളിലവൾ
കനലിൽ ചുട്ട പോലൊരു
പ്രണയം സൂക്ഷിച്ചിരുന്നു
ആമുഖത്തിൽ
അവനെക്കുറിച്ചുള്ള വേപഥുവാണ്
നിറഞ്ഞിരുന്നത്
ആമുഖം കഴിഞ്ഞടുത്ത താളിലവൾ
ഒരു മയിൽപ്പീലിയൊളിച്ചു വച്ചിരുന്നു
ആരെയും കാണിക്കാത്ത
ആകാശം കാണാത്ത
പീലി കൊണ്ടാണയാൾ അവളുടെ മേലാകെ തഴുകിയത്
അയാളുടെ നെറ്റിത്തടത്തിൽ
നിന്നോരുതുള്ളി വേർപ്പ്
ആദ്യ പേജിൽ വീണുടഞ്ഞു
അവനവളുടെ അടുത്ത
താള് വായിക്കാൻ തുടങ്ങി
അവിടെയവൾ ഒളിപ്പിച്ചു വച്ചിരുന്നത്
അവളുടെ ഹൃദയരാഗങ്ങളായിരുന്നു
അതിനൊപ്പമവളുടെ ഹൃദയമിടിപ്പും
അവനറിഞ്ഞിരുന്നു
ഒപ്പം ശ്വാസനിശ്വാസങ്ങളും
രാഗം താനം പല്ലവി
ആരോഹണാവരോഹണങ്ങളിൽ
താളുകളൊന്നൊന്നായി
മാറിമറിഞ്ഞേ പോയ്
ഒരോ താളിലുമോരോയീണം
ക്ഷരമില്ലാ വാക്കുകളിലെ പ്രണയം
ഓരോ അക്ഷരവും പളുങ്കുമണി പോൽ
നനഞ്ഞ നെറ്റിത്തടത്തിലും
വിറയാർന്ന നാസികത്തുമ്പിലും
മുഖമമർത്തുമ്പോൾ
കുതിർന്ന പുസ്തകം പോലവൾ
നനഞ്ഞ് നനഞ്ഞ്…….
വരികൾക്കും വാക്കുകൾക്കുമിടയിൽ
അവളൊളിപ്പിച്ചിരുന്ന അർത്ഥങ്ങൾ
അറിവിന്റെ പുതിയ അർത്ഥ
തലങ്ങളായിരുന്നു
പുലർച്ചെ പുസ്തകമടക്കുമ്പോൾ
ഒരു വായനാദിനം കഴിഞ്ഞതറിഞ്ഞേയില്ല
ഇപ്പോഴും ആകാശം കാണാത്തൊരു
മയിൽപ്പീലി
അവൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.