ശ്രാവണ ചന്ദ്രിക പൂത്താലം നിറയെ
പൂവുകളിറുത്തു കാത്തിരുന്നു
ഭൂമിപ്പെണ്ണിനെ കൺപാർത്തു നിന്നു
പൂത്താലം മുന്നിൽ കാഴ്ചവെച്ചു

നാണത്തിൻ കുങ്കുമം മറച്ചുവെച്ചു
കന്യകയവൾ പൂ ചൂടി ഒളികണ്ണെറിഞ്ഞു
ലജ്ജയിൽ നുണക്കുഴി തെളിഞ്ഞുവന്നു
പൂത്താലം കൊണ്ടവൾ മുഖം മറച്ചു

കാർമുകിൽക്കൂട്ടങ്ങൾ ഓടിവന്നു
ചന്ദ്രബിംബത്തെ മറച്ചു നിന്നു
കണ്ണുതുറന്നവൾ വിതുമ്പിയപ്പോൾ
ശ്രാവണചന്ദ്രിക ചിരി വിടർത്തി

എത്ര മനോഹരം…സുന്ദരം, സുരഭിലം
എത്ര കണ്ടാലും കൊതി തീരുകില്ല
പ്രകൃതിയും, പ്രപഞ്ചവും, ഋതുഭേദങ്ങളും
വരദാനമായ് നമുക്കാരു തന്നു?

ശ്രാവണചന്ദ്രിക മറഞ്ഞു പോയി, എന്റെ
നിദ്രയിൽ ഞാനും മയങ്ങിപ്പോയി
ഇനിയും നാളെയും പൂത്താലവുമായി
വരുന്നതും കാത്തു ഞാൻ കാത്തിരിപ്പൂ….

മോഹനൻ താഴത്തേതിൽ

By ivayana