വിരസത
ഒരു മരുഭൂമിയാണ്.
മരുഭൂമിയുടെ
ആകാശങ്ങൾ എന്നും
സൂര്യന് മാത്രം സ്വന്തം.
സൂര്യ ചുംബനങ്ങൾ
വിരസതയുടെ മരുഭൂമിയെ
ചുട്ടു പൊള്ളിക്കുന്നു.
നാളുകൾ
പുഴയായൊഴുകി
നീങ്ങുന്നു.
സാന്ത്വനത്തിന്റെ
മഴമേഘങ്ങൾ
വിരുന്നുകാരായെത്തുമ്പോൾ
സൂര്യൻ വിരളമായി,
വിരളമായി മാത്രം
ഒരു സൗജന്യമെന്നപോലെ
ഒഴിഞ്ഞുകൊടുക്കുന്നു.
വിരുന്നുകാർ
സ്നേഹസാന്ത്വനങ്ങളായി
മരുഭൂമിയിലേക്ക്
പെയ്തിറങ്ങുന്ന ദിനങ്ങൾ,
പക്ഷെ,
ഹൃസ്വവേളകളിലേക്ക് മാത്രം.
മരുഭൂമി എന്നും
സൂര്യന് മാത്രം സ്വന്തം.
എങ്കിലും
ഹൃസ്വവേളകളിലേക്ക് മാത്രം
പെയ്തിറങ്ങി
മരുഭുമിയെ
പുണരുന്ന വേളകൾ
ആനന്ദലഹരിയുടേതാണ്
അനുഭൂതികളൂടേതാണ്
ആഹ്ലാദത്തിന്റേതാണ്.
മഴമേഘങ്ങൾ പക്ഷെ,
വിരുന്നുകാർ മാത്രം.
വിരസതയുടെ മരുഭൂമി
എന്നും സൂര്യന് സ്വന്തം.
വേർപെടലുകളുടെ നിമിഷങ്ങൾ എന്നും
ഗദ്ഗദത്തിന്റേതാണ്.
മഴമേഘങ്ങൾ
ഇനിയും യാദൃച്ഛികമായി വിരുന്ന് വരാമെന്ന വാഗ്ദാനത്തോടെ
വീണ്ടും
സൂര്യന് വഴിമാറുന്നു.
ഒടുവിൽ
നിശ്വാസങ്ങൾ മാത്രം
വിരസതയുടെ
മരുഭൂമിയിൽ നിറയുന്നു.

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *