എത്രയോ രാത്രിയുടെ അവസാനം ആണ് രാജിയ്ക്ക് വീണ്ടും തന്റെ പൂവാടി തുറക്കാൻ ആയത്.
കഴിഞ്ഞകൊല്ലം അച്ഛന്റെ മരണാനന്തരമാണ് തെക്കുള്ള മാന്തുക എന്ന സ്ഥലത്ത് നിന്ന് ഈ കുഞ്ഞുപട്ടണമായ കോലഞ്ചേരിയിൽ വന്ന് ഈ പൂവാടിക തുറന്നത്.
കുറേ നല്ല പൂചെടികളും ചെമ്പരത്തി തുടങ്ങിയ നാടൻ ചെടികളും ഒക്കെ പൂവാടിക യിൽ ഉണ്ട്.
കച്ചവടം പൊടിപറന്ന നേരത്താണ് ഒരു ദിവസം പാർട്ടിയുടെ യുവനേതാവ് എന്നുപറയുന്ന ഒരു സുന്ദരവിഡ്ഢി ഇവിടെ വന്ന് കുറേ സീൻ എല്ലാം ഉണ്ടാക്കിപ്പോയത്.
തന്റെ നാട്ടിൽ അച്ഛൻ നടത്തിയ വിശാലമായ പൂവാടിക (നേഴ്സറി ) ഇതുപോലെ കുറേ കഷ്മലന്മാർ വന്ന് തച്ചുതകർത്തേപ്പിന്നെ, അച്ഛന്റെ സ്വബോധം നഷ്ടപ്പെടുകയായിരുന്നു. അച്ഛന് ഞങ്ങൾ മൂന്ന് പെണ്മക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.
പട്ടാളത്തിൽ ആയിരുന്നു അച്ഛൻ. കാർഗിൽ യുദ്ധസമയത്ത് ഒരു കാൽ നഷ്ടപ്പെട്ടതിന് ശേഷമാണ്, നാട്ടിൽ വന്ന് തനിയ്ക്ക് പറ്റിയ ഒരു തൊഴിൽ തിരഞ്ഞെടുത്തത്.
അച്ഛന് പൂക്കളോടും ഭംഗിയുള്ള ചെടികളോടും അടങ്ങാത്ത ആവേശമായിരുന്നു. അമ്മയും അച്ഛനും ചേർന്നാണ് ഒരു പൂവാടിക എന്ന ചിന്തയിൽ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത്. അന്ന് ഞാൻ,മൂത്തമകൾ,രാജി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഇടയ്ക്കുള്ളവൾ റാണി പ്ലസ്ടു നും ഇളയവൾ രഞ്ജി പത്തിലും…
ഞങ്ങളുടെ ഭാവികാര്യങ്ങൾ ഓർത്തിട്ടാണ് അച്ഛന്റെ അവസ്ഥക്ക് പറ്റിയ ഇങ്ങനത്തെ ഒരു സംരംഭം തുടങ്ങിയത് എന്ന് അച്ഛൻ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങളെല്ലാം ഇടയ്ക്കിടെ അച്ഛന്റെ കൂടെ ചെന്ന് സഹായിക്കുമായിരുന്നു. പുതിയചെടികൾ, ചട്ടിയിൽ മണ്ണും വളവും നിറച്ചു മാറ്റിവയ്ക്കുന്നതും മറ്റും ഞങ്ങൾ മക്കളുടെ ജോലിയായിരുന്നു.
അച്ഛനോടുള്ള ആദരസൂചകമായി അയൽവക്കത്തുള്ളവരും അയൽദേശത്തുള്ളവരും ഇവിടെ സ്ഥിരമായി വരുകയും അവർക്കാവശ്യമുള്ള ചെടികൾ വാങ്ങിപ്പോവുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം പാർട്ടിയുടെ നേതാവെന്നുപറയുന്ന ഒരാൾ നേഴ്സറിയിൽ വന്നത്. അയാൾ അച്ഛനോട് പല പിരിവുകളെയും കുറിച്ചുപറഞ്ഞു. അച്ഛൻ അതൊന്നും കൂട്ടാക്കിയില്ല. ഒരു ദിവസം അയാൾ കുറേ ഗുണ്ടകളുമായി വന്ന്, ഞങ്ങളുടെ നഴ്സറി ആകെ അടിച്ചു തകർത്തു. അതിന്റ പേരിൽ അച്ഛൻ പോലീസ് സ്റ്റേഷൻ ൽ കൊടുത്തപരാതി പിൻവലിപ്പിക്കണമെന്ന് പറഞ്ഞു സ്ഥിരം വീട്ടിൽ വരവായി.
ഒരിക്കൽ വീട്ടിൽ വന്നുകയറിയ ആളും ഗുണ്ടകളും വീട്ടിലെ സർവ്വ ഉപകരണങ്ങളും അടിച്ചു തകർത്തു.താൻ ഒരു എക്സ് മിലിട്ടറി ആണെന്നും ജീവിക്കാനുള്ള മാർഗം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും അതിന് സംരക്ഷണം വേണമെന്നും പറഞ്ഞ് വീണ്ടും ഉയർന്ന പോലിസ് ൽ പരാതിപ്പെട്ടു.
പരാതി സ്വീകരിക്കപ്പെട്ടു. അന്വേഷണവും തുടങ്ങി. അയാൾക്ക് പകരം അതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കേസ് നടന്നു. അയാളല്ല എന്ന് ഞങ്ങളും ഞങ്ങളുടെ ഇഷ്ടക്കാരായവരും പലയിടത്തും പറഞ്ഞിട്ടും ഫലമുണ്ടായില്ല.
കേസ് ഏതാണ്ട് ഒതുങ്ങിയ മട്ടായി. ഈ സമയത്തൊന്നും അയാളുടെ ശല്യം ഉണ്ടായില്ല. അച്ഛൻ കൂട്ടുകാരുടെ സഹകരണത്തോടെ വീണ്ടും നഴ്സറി പുനരാരംഭിച്ചു. ഒരുവിധത്തിൽ ഞങ്ങൾ വീണ്ടും പച്ചപ്പിടിച്ചു കയറിവന്ന സമയത്താണ്, അയാൾ മറ്റു കുറേ ആൾക്കാരുമായി വീണ്ടും കയറി വന്നത്.
അന്ന് അയാൾ കർശനമായി പറഞ്ഞു. വൈകുന്നേരത്തോടെ ഈ സ്ഥാപനം അടച്ചുപൂട്ടിയില്ല എങ്കിൽ,നിങ്ങൾ തന്നെ ജീവനോടെയുണ്ടാവില്ല. അതൊരു താക്കീതായിരുന്നു എന്നത് പിറ്റേന്നാണ് ഞങ്ങൾ അറിഞ്ഞത്. ഞങ്ങളുടെ നഴ്സറി ആകെ കത്തിച്ചു ചാമ്പലാക്കിയിരുന്നു.
അതോടെ അച്ഛന്റെ സകല ധൈര്യവും ഒലിച്ചുപോയതുപോലെ ആയി. പിന്നീട് കുറേശേ ആയി സ്വബോധവും നഷ്ടപ്പെട്ടു.
പിന്നീട് അനിയത്തിമാരുടെ രക്ഷയ്ക്കായിട്ടാണ് ഈ അന്യനാട്ടിൽ വന്ന് രാജി ഈ പൂവാടി തുറന്നത്.
പക്ഷേ, അ സുന്ദരവിഡ്ഢിയുടെ ശല്യം സഹിക്കാൻ വയ്യാതിരുന്ന സമയത്താണ് ഒരു ദിവസം പേപ്പറിൽ നിയമങ്ങൾ മാറിയതായി കണ്ടത്.
വിദ്യാഭ്യാസത്തിന്റെ ഉണർവിൽ അവൾ പോലീസ് സ്റ്റേഷനിലേക്ക് നടന്നു.
-0-

By ivayana