സായാഹ്ന വേളയിൽ സാഗരതീരത്ത്
ശാന്തമായ് സൂര്യാസ്തമയം ഞാൻ വീക്ഷിക്കേ ,
അന്തിച്ചുവപ്പ് പടർന്നൊരാകാശത്തിൽ
മുദ്ധമാം സൗന്ദര്യമൊട്ടു നുകരവേ
പകലവൻ പടിഞ്ഞാറു മറയുന്ന
മോഹനഭംഗിയെൻ മിഴികളിലാവോള മേകവേ
ചെമ്പൻമുടിയുള്ള വെള്ളാരം കണ്ണുള്ള
വെള്ളിക്കൊലുസിട്ട പെൺകൊടിയാളുടെ
മധുരമാം മൊഴിയെൻ്റെ ശ്രവണ പുടങ്ങളിൽ
ഒരു നാദധാരയായൊഴുകിയെത്തി.
ആഴിത്തിരമാലയ്കൊപ്പം കുസൃതിയാൽ
താളത്തിൽ മോദത്തിൽ തുള്ളിച്ചാടി
ഓർമ്മകൾ പാറിപ്പറന്നു വന്നെത്തീ
അകതാരിൽ നിറമേറും കൗമാരവും
കരളിന്നറകളിൽ മൂടിവെച്ചോർമ്മകൾ
ഒരു മാത്ര ഹൃത്തിൽ വിരുന്നു വന്നീടവേ
കൈ കോർത്ത് ചാടി മറിഞ്ഞു പലവട്ടം
എൻ കാമിനിക്കൊപ്പമാ പൂഞ്ചോലയിൽ
രാഗമോഹാദികൾ നൽ പ്രണയത്തിൻ
നേർരേഖ തള്ളിയകറ്റിടാതെ
പ്രണയ പുഷ്പങ്ങളാൽ ജീവിത സ്വപ്നങ്ങൾ
ഇഴനെയ്താ കരയിലിരിക്കുന്നതു കാൺകെ
കലി തുള്ളിയണയുന്ന മാതുലത്താക്കീതിൽ
കലഹം ഭയന്ന് മറുകര തേടീ ഞാൻ
നിറമുള്ള കുപ്പി വളകൾ ഉടയാതെ
അകതാരിൽ ദുഃഖം നിറച്ചു കൊണ്ട്
തമ്മിലറിയാതെ കാലങ്ങളിൽ മാഞ്ഞ
ചിരപരിചിതമാം ചിരി അരികത്തു കേൾക്കായി
പ്രണയാർദ്രചിത്തനായ് മിഴികൾ പരതവേ
കാണുന്നു ചാരത്തായെൻ ദേവിയെ
അത്ഭുതപരതന്ത്രനായ് അരികിലണഞ്ഞൊട്ടു
മിഴികളിൽ മിഴികളുടക്കിയ നേരം
കവിളിൽ പടരുന്നോരന്തിച്ചുവപ്പിൽ
അപരിചിത ഭാവത്തിൻ നിഴലുകൾ കാൺകെ
വിതുമ്പുന്ന വാക്കുകൾ കണ്ഠത്തിലൊതുക്കി
നടന്നു ഞാൻ പതിയെ ഒരു വഴിപോക്കനെപ്പോൽ (2)

സാറാമ്മ വെള്ളത്തൂവൽ

By ivayana