രചന : സെഹ്റാൻ✍
അതൊരു ശവസംസ്കാര യാത്രയായിരുന്നു.
വിചിത്രമായ ഒന്ന്!
മുൻപിൽ ചില്ലുകൊണ്ട് നിർമ്മിക്കപ്പെട്ട
ശവമഞ്ചത്തിൽ തൂവെള്ള വസ്ത്രമണിയിക്കപ്പെട്ട മൃതദേഹം.
ശവമഞ്ചം ചുമക്കുന്നവരും, അനുഗമിക്കുന്നവരുമാകട്ടെ
കറുത്ത വസ്ത്രങ്ങൾ അണിഞ്ഞവരും.
യാത്രയുടെ ഭാഗമാവാനുള്ള തോന്നലുണ്ടായെനിക്ക്.
വസ്ത്രങ്ങൾ
തവിട്ടുനിറമുള്ളതായിരുന്നിട്ടുകൂടിയും
ഞാനുമതിൽ പങ്കാളിയായി.
കറുത്ത വസ്ത്രങ്ങളണിഞ്ഞവർ
ഒരു വിചിത്രജീവിയെപ്പോലെ
എന്നെ തുറിച്ചുനോക്കി.
(അതങ്ങനെയാണ്.നിങ്ങളുടെ സ്വാഭാവികമായ ശരീരഭാഷയോ,
വസ്ത്രധാരണരീതിയോ ചില പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങളെ
തീർത്തുമൊരു വിചിത്രജീവിയാക്കി മാറ്റും. നിങ്ങൾ പോലുമറിയാതെ….)
മുന്നറിയിപ്പൊന്നുമില്ലാതെയാണ് അപ്പോഴൊരു മഴപെയ്യാൻ തുടങ്ങിയത്.
കറുത്ത വസ്ത്രങ്ങൾ നനഞ്ഞുകുതിർന്നു.
ഞാനും നനഞ്ഞു.
കുതിർന്നലിഞ്ഞു.
ബോധമറ്റു.
കണ്ണുകൾ തുറന്നത് ഒരു ഗ്രന്ഥശാലയിൽ!
കൈയിലൊരു തടിയൻ പുസ്തകം.
താളുകളിലേക്ക് പടരുന്ന തവിട്ടുനിറനനവ്.
കൊമ്പൻമീശയുള്ള ഗൗരവക്കാരനായ
ലൈബ്രേറിയൻ കണ്ണുകളാൽ ആംഗ്യം കാണിച്ചു.
പുസ്തകം തിരികെ വെക്കാനും,
പുറത്തുപോകാനും.
ഇപ്പോൾ ഞാനൊരു വിദ്യാലയത്തിൽ!
അവിടെ അധ്യാപകരില്ലായിരുന്നു.
വിദ്യാർത്ഥികളും.
എന്നാൽ അക്ഷരങ്ങളുണ്ടായിരുന്നു.
കൂർത്ത മുനയുള്ള അക്ഷരങ്ങൾ!
അവിടെയെമ്പാടുമവ അലഞ്ഞുതിരിഞ്ഞു.
ഇഴഞ്ഞുപുളഞ്ഞു…
അറ്റം കൂർത്തൊരു ചോദ്യചിഹ്നമെൻ്റെ
മാറുപിളർന്നത് എത്രപെട്ടെന്നായിരുന്നു!
ആൾക്കൂട്ടം ഇരച്ചെത്തുമ്പൊഴേക്കും
ഞാൻ മരണപ്പെട്ടു കഴിഞ്ഞിരുന്നു.
അവരെന്റെ തവിട്ടുനിറ വസ്ത്രങ്ങൾ
അഴിച്ചുമാറ്റി തൂവെള്ള വസ്ത്രങ്ങളണിയിച്ചു.
ഇപ്പോഴിതാ ഞാൻ ശവസംസ്കാര യാത്രയുടെ മുന്നിൽ!
ചില്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ശവമഞ്ചത്തിൽ.
ശവമഞ്ചം ചുമന്നുകൊണ്ടും, അനുഗമിച്ചുകൊണ്ടും
കറുത്ത വസ്ത്രങ്ങളണിഞ്ഞ ആൾക്കൂട്ടം.
ശ്മശാനത്തിൻ്റെ പടികടക്കുംമുൻപേ
ബദ്ധപ്പെട്ട് തലയുയർത്തി ഞാനെന്നെത്തിരഞ്ഞു.
എവിടെ ഞാൻ…!?
അതാ, അവിടെത്തന്നെയുണ്ട്.
നിരത്തിലെ കലങ്ങിയ വെള്ളത്തിൽ
തവിട്ടുനിറത്തിൽ തളംകെട്ടി….
⚫