രചന : സിസ്സി പി സി ✍️
ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും. പിന്നെയിങ്ങനെ കുഞ്ഞുവർത്താനം പറയാനൊന്നും സമയം കാണൂല്ല.
പോവുന്നേന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ട് പോവാംന്ന് വെച്ചു.
പണ്ടുമുതലേ KSRTC ബസ് എൻ്റെയൊരു വീക്ക്നെസ്സാണ്.😍
അതിലെ അവസാനത്തെ ഇടതു ഭാഗത്തുള്ള സീറ്റ് കിട്ടിയാപ്പിന്നെ സ്വർഗം കിട്ടിയപോലെയാ. ഇറങ്ങേണ്ട സ്ഥലമെത്തിയാലും എഴുന്നേൽക്കാനും ആ സീറ്റ് മറ്റൊൾക്ക് വിട്ടുകൊടുക്കാനുമൊക്കെ ഒരു മടിയാണ്.
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്ന സമയം, എന്നും വൈകുന്നേരം ചെറുവാടിയിൽ നിന്നെടുക്കുന്ന 5 മണിയുടെ കോഴിക്കോടിനുള്ള KSRTC ബസ്സിലാണ് തിരിച്ച് നാട്ടിലേക്ക്.
ആ ബസ്സിൽ ഒട്ടും തിരക്കുണ്ടാവാറില്ല. മിക്കവാറും ദിവസങ്ങളിലെനിക്ക് എൻ്റെ last seat തന്നെ കിട്ടുകയും ചെയ്യും. കൊടിയത്തൂരിലെ ഇരുവഴിഞ്ഞിപ്പുഴയുടെ അരികുപറ്റിയുള്ള വളരേ സ്വസ്ഥമായ ആ യാത്രകൾ ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു.😍
ഒരു ദിവസം ബസ് മാമ്പറ്റ എന്ന സ്റ്റോപ്പിലെത്തിയപ്പോൾ ഞാനിരുന്ന ബാക്സീറ്റിനു മുന്നിലുള്ള ഡോറിലൂടെ രാഘവേട്ടൻ കയറി. എൻ്റെ നാട്ടുകാരനാണ്. ‘ഡിസ്കോ’ രാഘവൻ എന്ന് നാട്ടുകാർ വിളിക്കുന്ന രാഘവേട്ടൻ. ഓർക്കണം…. മാമ്പറ്റ കള്ളുഷാപ്പ് ആണ് രാഘവേട്ടൻ കയറിയ സ്റ്റോപ്പ്.
കയറിയപാടെ, സീറ്റിലൊന്നും ഇരിക്കാതെ മുകളിലുള്ള സ്റ്റെപ്പിൽ ഇരുന്നു. പുള്ളി അത്യാവശ്യം പാടും. (ഇത്തരം സമയങ്ങളിൽ ). കയ്യിൽ ഒരുകുല കടലാസ് പൂവും ഉണ്ട്.
“ആർക്കും ആവശ്യപ്പെടാം. നിങ്ങളാവശ്യപ്പെടുന്ന ഗാനങ്ങൾ. പാടുന്നത് ….. രാഘവൻ മലയമ്മ”
അച്ഛനെയൊക്കെ നന്നായി അറിയുന്ന ആളാണ്. ചിലപ്പോ എന്നെയെങ്ങാനും മനസ്സിലായാലോ എന്ന് പേടിച്ച് ഞാനവരുടെ നേരെ നോക്കിയതേയില്ല. ഭാഗ്യംകൊണ്ട് അദ്ദേഹത്തിന് എന്നെ മനസ്സിലായതുമില്ല. പുറത്തേക്ക് നോക്കിയിരുന്നെങ്കിലും പുറത്തെ കാഴ്ച്ചകളൊന്നും എൻ്റെ കണ്ണിൽ തടഞ്ഞില്ല.
ബസ്സിലുള്ളവർ ആരൊക്കെയോ പാട്ടുകൾ ആവശ്യപ്പെടുന്നു. രാഘവേട്ടൻ എല്ലാം നാലുവരി നന്നായി ഉറക്കെ പാടിക്കൊടുക്കുന്നും ഉണ്ട്. എല്ലാവരും ഹാപ്പി. രാഘവേട്ടനും. എന്നെ മനസ്സിലാവല്ലേ എന്ന പ്രാർത്ഥനയോടെ ഞാനും.
എനിക്കും രാഘവേട്ടനും ഒരേ സ്ഥലത്താണ് ബസ്സിറങ്ങേണ്ടത്. കട്ടാങ്ങൽ . ആദ്യം ഞാനിറങ്ങി നടക്കാമെന്ന് വച്ചാൽ, അതിന് കഴിയില്ല. കാരണം രാഘവേട്ടൻ ഇരിക്കുന്നത് ഇറങ്ങാനുള്ള സ്റ്റെപ്പിലാണ്. അവരിറങ്ങുന്നതുവരെ ഞാൻ കാത്തുനിന്നു.
ബസ് നിർത്തിയതും രാഘവേട്ടൻ ഇറങ്ങി ബസ്സിൻ്റെ അവസാനത്തെ സ്റ്റെപ്പിന് മുന്നിലായി റോഡിൽ മുട്ടുകുത്തിയിരുന്നു. അടുത്തതായി ഞാൻ മാത്രമേ ഇറങ്ങാനുള്ളൂ. അപ്പോൾ ഞാനിറങ്ങിയാൽ വാമനൻ ചവിട്ടിത്താഴ്ത്തിയ മഹാബലിയെപ്പോലാകും രാഘവേട്ടൻ. ബസ് സ്റ്റോപ്പിലും അങ്ങാടിയിലുമായി ഒരുപാട് ആളുകളും ഉണ്ട്.
ഷാജഹാൻ ചക്രവർത്തി മുംതാസിന് മുന്നിലെന്നപോലെ, എനിക്ക് മുന്നിൽ റോഡിൽ മുട്ടുകുത്തിയിരുന്ന് കടലാസു പൂക്കൾ എൻ്റെ നേരെ ഉയർത്തിക്കാട്ടി രാഘവേട്ടൻ ഉറക്കെ പാടാൻ തുടങ്ങി.
” യവന സുന്ദരീ………
സ്വീകരിക്കുകീ …….
പവിഴമല്ലികപ്പൂവുകൾ…”
ഭൂമിപിളർന്ന് ആ ബസ്സിനോടൊപ്പം ഞാനും താണുപോവണേ എന്ന് ആത്മാർത്ഥമായും ഞാനാഗ്രഹിച്ച നിമിഷങ്ങൾ.
ബസ്സിലും പുറത്തും കൂട്ടച്ചിരി. ഞാൻ ചിരിച്ചെന്ന് വരുത്തുവാൻ ഒരുപാട് ശ്രമിച്ചു.
പെട്ടന്ന് കണ്ടക്ടർ വന്ന്, “നിങ്ങളവിടെനിന്ന് എഴുന്നേൽക്ക്. ഇവരൊന്ന് ഇറങ്ങിക്കോട്ടെ. എന്നിട്ട് പാടാം” എന്ന്.
രാഘവേട്ടൻ ചെറുതായൊന്ന് നീങ്ങിയപ്പോ സൈഡിലൂടെ ഞാൻ വലിഞ്ഞിറങ്ങി .
ശരീരത്തിനൊട്ടും ഭാരമില്ലാതെ ഒരു പക്ഷിത്തൂവലെന്നോണം നടന്നു പോകുന്ന എന്നെനോക്കി രാഘവേട്ടൻ പിന്നെയും പാടി. ഉറക്കെ.
” പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ …… കഴിയൂ…..”
ദൈവം സഹായിച്ച് ബാക്കി കേൾക്കേണ്ടി വന്നില്ലെനിക്ക്. ചെവി രണ്ടും അടഞ്ഞുപോയി. കാഴ്ച്ചക്കൊക്കെ ഒരു മങ്ങൽ.
മലയമ്മക്കുള്ള ബസ് കാത്ത് നിൽക്കാതെ ഏതോ ഒരോട്ടോയിൽ കയറി വീട്ടിലെത്തിയതൊക്കെ ഇന്നും ഒരു മങ്ങൽപോലെ മനസ്സിലുണ്ട്.
😄😄😄😄😄😄😄