അവൾ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ പൊടി തട്ടിയെടുത്തു…
തന്റെ കണ്ണിനെ ബാധിച്ച തിമിരമാണോ ആൽബത്തിന്റെ പഴക്കമാണോ ഫോട്ടോയുടെ നിറം അവ്യക്തമാക്കുന്നത് ?…
മോന്റെ ആദ്യത്തെ ജന്മദിനം മുതൽ ചേട്ടൻ സ്വന്തം ക്യാമറയിൽ പകർത്തിയെടുത്തു സൂക്ഷിച്ചു വച്ച ഫോട്ടോസ്!…
മോന് ഒരു വയസ്സ് തികഞ്ഞ ദിവസമെടുത്ത ഫോട്ടോയിലേക്ക് അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു…
അന്ന് എന്തൊരു ഭംഗിയായിരുന്നു എന്റെ മോന്…
എന്തൊരു ഓമനത്തമായിരുന്നു അവന്റെ മുഖത്ത്… കാണുന്ന ഓരോ നിമിഷത്തിലും വാരിയെടുത്ത് ഉമ്മ വയ്ക്കാൻ തോന്നുന്ന നിഷ്കളങ്കത…!
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് അവൾ ആൽബത്തിന്റെ അടുത്ത പേജിലേക്ക് വിരലോടിച്ചു…
രണ്ടു വയസ്സ് തികഞ്ഞ ദിവസം എടുത്ത ഫോട്ടോസ്!…ചേട്ടന്റെ അന്ധമായ വാത്സല്യം ആവേശത്തോടെ പകർത്തിയെടുത്ത ഫോട്ടോസ്!…
ഒരു വർഷം കൂടി വളർന്ന അവന്റെ വിടർന്ന കണ്ണുകളിലേക്ക് അധിക നേരം നോക്കി നിൽക്കാൻ ശക്തിയില്ലാതെ അവൾ അടുത്ത പേജ് മറിച്ചു…
ഓരോ വർഷവുമെടുത്ത ഫോട്ടോസ് മറിച്ചു നോക്കേണ്ടിയിരുന്നത് ഇപ്പോഴായിരുന്നില്ല എന്ന് അവൾക്ക് തോന്നി…
അവന്റെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോ മാത്രമായിരുന്നു അന്നും ഇന്നും മനസ്സു നിറയെ… അവന്റെ മറ്റു ജന്മദിനങ്ങളിൽ എടുത്ത ഫോട്ടോസ് ഏറെയൊന്നും ശ്രദ്ധിക്കാൻ തന്റെ മനസ്സ് കൂട്ടാക്കിയിരുന്നില്ല എന്നതല്ലേ സത്യം?…അതായിരുന്നില്ലേ തനിക്കു പറ്റിയ തെറ്റ്?…
ഇരുപത്തി നാല് വർഷം വരെ ചേട്ടൻ പകർത്തിയെടുത്ത് സൂക്ഷിച്ച അവന്റെ ഓരോ ഫോട്ടോയും അവൾ പരിശോധിച്ചു… അവന്റെ ആദ്യത്തെ പിറന്നാളിനെടുത്ത ഫോട്ടോസിലൂടെ സഞ്ചരിച്ച് ഇരുപത്തിനാലാം പിറന്നാളിലെ ഫോട്ടോസിലെത്തിയപ്പോൾ അവൾ തളർന്നു പോയി…
വെറുതെയായിരുന്നില്ല ചേട്ടൻ തന്നെ വഴക്ക് പറഞ്ഞത്…ഓരോ വർഷം ചെല്ലും തോറും പ്രത്യക്ഷമായിക്കൊണ്ടിരുന്ന അവനിലെ അപരിചിത ഭാവം ചേട്ടൻ തിരിച്ചറിഞ്ഞിരുന്നു… അതുകൊണ്ടല്ലേ അവനെ ലാളിച്ചു വഷളാക്കരുതെന്ന് ചേട്ടൻ നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നത്?…
എല്ലാ അമ്മമാരെയും മക്കൾ തോൽപ്പിച്ചു കൊണ്ടിരിക്കുന്നത് ഒന്നാമത്തെ വയസ്സിൽ മാതൃഹൃദയത്തിൽ പതിച്ചു വയ്ക്കുന്ന ആ നിഷ്കളങ്കഭാവത്തിന്റെ മാന്ത്രികശക്തികൊണ്ടല്ലേ?…നിസ്സഹായരായ അമ്മമാരുടെ ആ ദൗർബല്യം മുതലെടുത്ത് എത്ര മക്കളാണ് അമ്മമാരെ പൊട്ടൻ കളിപ്പിച്ചുകൊണ്ടേയിരിക്കുന്നത്?…
തന്റെ മോൻ ചീത്തയാകുമെന്ന് ഒരിക്കലും വിചാരിക്കാൻ ഒരമ്മയ്ക്കും കഴിയില്ല…എങ്കിലും എന്റെ മോൻ ഇടപെടുന്ന സാഹചര്യങ്ങൾ അവനെ കുറേശ്ശേ ചീത്ത ശീലങ്ങളിലേക്ക് നയിക്കുന്നത് ഞാൻ ശ്രദ്ധിക്കണമായിരുന്നു… ഒരുപാടു തിരക്കുകൾക്കിടയിലും അവന്റെ മോശമായ നീക്കങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ തിരുത്താനും ശാസിക്കാനും ശ്രമിച്ചിരുന്ന ചേട്ടനെ പിന്തുണയ്ക്കണമായിരുന്നു ഞാൻ…
ചേട്ടന് നേരത്തെ അവനോടുണ്ടായിരുന്ന അന്ധമായ വാത്സല്യം ഇല്ലാതാവുന്നതിൽ പരിഭവിക്കാനായിരുന്നു എന്നും തിടുക്കം… ചേട്ടന് മോനോട് വാത്സല്യം കുറയുംതോറും കൂടുതൽ വാത്സല്യം കൊടുക്കുവാനായിരുന്നു എന്റെ തിടുക്കം…
കൂട്ടുകുടുംബത്തിന്റെ ബഹളങ്ങളിൽ നിന്നും അണുകുടുംബത്തിന്റെ നിശബ്ദതതകളിലേക്ക് ചേട്ടനെയും ആകർഷിച്ച് സ്വസ്ഥയായ നാൾ മുതൽക്കായിരുന്നുവോ എന്റെ അസ്വസ്ഥതകൾ ആരംഭിച്ചത്?… അന്നായിരുന്നുവോ എന്റെ തെറ്റുകളുടെ തുടക്കം?…
നിന്റെ ഒറ്റയ്ക്ക് വാഴാനുള്ള കൊതിയാണ് എല്ലാറ്റിനും കാരണമെന്ന് ചേട്ടൻ പറഞ്ഞതിന് പിണങ്ങി നടക്കുവാനായിരുന്നു അന്ന് തിടുക്കം…
ഞാൻ കുടുംബത്തോട് ഇത്തിരിയെങ്കിലും ചേർന്നു നിന്നിരുന്നെങ്കിൽ എന്റെ മോനോട് ചേർന്നു നിൽക്കാൻ എന്റെയും ചേട്ടന്റെയും കുടുംബമുണ്ടാകുമായിരുന്നു… ഞാനാണ്… ഞാനാണ് തെറ്റുകാരി…
ശരീരവും ശാരീരവും കാട്ടി മയക്കുമരുന്നിന്റെ ലോകത്തേക്ക് നയിച്ചത് കാമുകിയാണെന്നറിയാതെ ജയിലറയിൽ കഴിയുമ്പോഴും അവൾക്കു വേണ്ടി അലമുറയിടുന്ന മോന് അവനെ ഇത്രയും കാലം പോറ്റി വളർത്തിയ അമ്മയെ കാണാൻ താൽപ്പര്യമില്ല… അവൻ ഇരുമ്പഴിക്കുള്ളിലായ നാൾമുതൽ ഉരുകാൻ തുടങ്ങിയ നെഞ്ച് തകർന്ന് ലോകത്തോട് വിടപറഞ്ഞ അച്ഛനെ ഓർക്കാൻ അവന് മനസ്സില്ല…
ഇതും മക്കൾമാഹാത്മ്യം…ഞാനാണ്… ഞാനാണ് തെറ്റുകാരി…
***

ജിതേഷ് പറമ്പത്ത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *