പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവച്ചത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. നവംബറില്‍ വരാനിരുന്ന വിധി കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.
പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവർ കത്തിൽ ആരോപിച്ചു.പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായി. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തിയെന്നും ഇവർ സർക്കാരിനയച്ച കത്തിൽ പറഞ്ഞിരുന്നു.2014ലായിരുന്നു സംഭവം. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ ശരിവച്ചത്.മേല്‍ക്കോടതി വിധിക്കെതിരെ പ്രസിഡന്റ് അധ്യക്ഷനായ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് യെമനില്‍ നിമിഷയ്ക്ക് വേണ്ടി കേസ് നടത്തുന്ന എംബസിയും മറ്റ് അധികൃതരും.