കുസൃതിപൂക്കൾ ഇറുത്തു കൂട്ടിയ
ഓർമ്മയുടെ പാളവണ്ടിയിലിപ്പോ,
രാമു പിഴിഞ്ഞിട്ടു പോയ
കണ്ണീരു വെള്ളം മാത്രം.
മുഷിഞ്ഞു തഴമ്പിച്ച
മുറി ട്രൗസറിന്റെ വള്ളിയിൽ
കുരുങ്ങി പഴയ കവിത
വെയില് കായുന്നു,
കാക്കാ പൊന്നിൻ
പൊടിയിൽ തുടങ്ങുന്നയെന്റെ
കള്ളപിണക്കങ്ങളെ കപ്പ തണ്ടിൻ
മാല ചാർത്തിയവൻ ഊതിയാറ്റുന്നു.
മുട്ടുരഞ്ഞപ്പോ
മുറിവൂട്ടിയതെത്രയെത്ര
കമ്മ്യൂണിസ്റ്റ് പച്ചകൾ,
അറ്റം തഴമ്പിച്ച
ഹവായ് ചെരുപ്പ് തുളച്ചു
പണിത ഉജാല വണ്ടികൾ .
തട്ടംസാരിയാക്കി ഞൊറിഞ്ഞുടുത്ത്
ഞാനവന്റെ സീതയാകുന്നു,
“ചുണ്ടിനടീലെ ചോന്ന മറുകിനെ
നെറ്റീലൊട്ടിച്ചു വച്ചാല്, ന്റാമിനൂ
യ്യ് ശരിക്കൂ ന്റെ സീതയാവൂന്ന്”
കളങ്കമൊട്ടുമില്ലാതെയോനെന്റെ കാതിലോതുന്നു.
കെറുവിച്ചു നിന്നപ്പോ
കൈരണ്ടും കൈക്കുള്ളിലാക്കുന്നു.
വട്ടം വട്ടം നാരങ്ങാ.
ചെത്തി ചെത്തി തിന്നുമ്പോ..
ന്താ സീതേ
മിണ്ടാത്തെ?
റെഡി വൺ ടു ത്രീ…
തൈലപുല്ലുകൊണ്ട് മേലാപ്പ് തീർത്ത്
കാട്ടു കുറുഞ്ഞിയാൽ പരവതാനി വിരിച്ചു
നാട്ട്യമില്ലാതെ അവനെനിക്ക് സ്നേഹത്തിന്റെ കൊട്ടാരം പണിയുന്നു.
തെച്ചിപ്പൂ,തുമ്പ പൂ,അരിപ്പൂ, കാക്കപ്പൂ,
മുരിക്കിൻ പൂ, അമ്പല പറമ്പാകെ ഓടി നടന്നു
പൂവിറുത്ത് ഞങ്ങൾ അത്ത പൂക്കളമൊരുക്കുന്നു,
ചിരട്ടയിൽ ചെണ്ടു മല്ലി
പിച്ചിയിട്ട് ചോറ് വെക്കുന്നു,
വാഴക്കൂമ്പ്, പീച്ചിങ്ങ, ആട്ടങ്ങാ,
പത്ത് തരം ഇലകൾ വെട്ടി നുറുക്കി
കൂട്ടാനൊരുക്കുന്നു.
ചേമ്പിലക്കുട ചൂടി മാനു
മാവേലിയാകുന്നു.
അമ്മുവും അന്നയും ആയിഷയും
പാലപ്പൂ അരിഞ്ഞു പായസം വെക്കുന്നു ,വട്ടയില പപ്പടമാക്കി
വട്ടത്തിലിരുന്നവർക്ക് മുമ്പിൽ പ്ലാവില കൈല് കൊണ്ട് ഞാൻ സദ്യവിളമ്പുന്നു.
കളി കഴിഞ്ഞ് കുട്ട്യോളെല്ലാം വീടണയുമ്പോ,
രാമു പാകമാവാത്ത
നോവ് ഭാണ്ഡം ചുമന്നു
വേച്ചു വേച്ചു കാടിന്റെ
ഹൃദയത്തിലേക്കിറങ്ങുന്നു.
കാട്ടുവാസിയെന്ന് , കരുമാടിയെന്ന്
പിള്ളാര് കളിയാക്കുമ്പോ
ചുണ്ടിലെ ചുവന്ന പൂവിനെ
ആരും കാണാതെയവൻ ഉരച്ചു
ചുവപ്പിക്കുന്നത് ഒളിക്കണ്ണിട്ട്
ഞാൻ കണ്ടു നിന്നിട്ടുണ്ട്.
ദീനം ബാധിച്ച തൊണ്ടേന്റെ
നടുവിലൂടെ എന്തോ ഒന്ന് പിടയണതും,
അങ്ങനെ ഒരോണക്കാലത്താണ്
രാമു മണ്ണിലലിഞ്ഞത്.
ഒറ്റക്കിരിക്കുമ്പോ ഞാനിന്നും
ഓർമ്മയുടെ പാളവണ്ടീല്
കയറിയിരിക്കും,
രാമു ആറാനാകാശത്തിന്റെ മേളീന്ന്
എത്തിനോക്കി കള്ള ചിരി
പാസാക്കും, കുസൃതി പൂക്കൾ ഇറുത്തിട്ട് ,
കൈയിൽ കൈകോർത്ത് പാടും,
വട്ടം വട്ടം നാരങ്ങ,ചെത്തി ചെത്തി തിന്നുമ്പോ,എന്താ സീതേ മിണ്ടാത്തേ?
റെഡി വൺ ടു ത്രീ…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *