പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽ
ഒരു പക്ഷേ
ഞാൻ
ദൈവത്തെ പ്പോലെ എന്നും കണ്ണുകളടച്ചിരിക്കുമായിരുന്നു….
വന്നവരെയോ പോയവരെയോ ക്കുറിച്ച് ആകുലപ്പെടാതെ
കുതിച്ചു പായുന്ന കാലത്തെ ക്കുറിച്ച് ഒട്ടുമേ
വേവലാതിപ്പെടാതെ
മടുപ്പില്ലാത്ത ആ ഇരുപ്പ് ഞാൻ തുടർന്ന് പോയേനെ..
ഒരു പക്ഷേ
മുടന്തനെയോ അന്ധനെയോ
സുഖപ്പെടുത്തുകയോ
വെള്ളത്തിനു മീതെ നടക്കുകയോ
കുരിശു മലകൾ നടന്നു തീർക്കുകയോ ചെയ്തേനെ…
ഉറഞ്ഞു തുള്ളുന്ന ഒരു ചെമ്പട്ടു തെയ്യം പോലെ
ഞാൻ
തീത്തോറ്റങ്ങളിൽ
നൃത്തം ചെയ്തേനെ…
കനൽ പോലെ
കണ്ണുകളിൽ
കാത്തിരിപ്പെന്ന തീ പ്പ ന്തങ്ങൾ ആളിക്കത്തിച്ചേനെ…
പ്രാർത്ഥനകളിൽ നിന്നും
കാണിക്കവഞ്ചികളിൽ നിന്നും
വെള്ളി ത്തുട്ടുകൾ
പെറുക്കിയെടുത്ത്
പറുദീസയുടെ പളുങ്കു പടികളിൽ
ഉപേക്ഷിച്ചു കളയുമായിരുന്നു…
ഉപാസനകളിൽ
മന്ത്രദീക്ഷകളിൽ
ഒരു ചുടല നൃത്തത്തിന്റെ
ചടുലതയോടെ
ഞാൻ
സംഹാരതാണ്ഡവ മാടിയേനെ…
പ്രണയിക്കാൻ അറിയില്ലായിരുന്നു വെങ്കിൽ
തീർച്ചയായും
ഞാൻ
പ്രദക്ഷിണപാതകളിൽപ്രത്യക്ഷയാവുകയും
വിധി പ്രകാരം
വരപ്രസാദങ്ങളാൽ
അനുഗ്രഹിക്കുകയും ചെയ്യുമായിരുന്നു.. ♥️♥️♥️

By ivayana