സ്വപ്നങ്ങൾ നിരോധിക്കപ്പെട്ട കുടുംബത്തിലൂടെയാണ്
യാക്കോബിൻ്റെ വംശാവലി
കടന്നു പോകുന്നത്
എന്നാലുമയാൾ ,
സ്വപ്നങ്ങളെ തേടിപ്പിടിക്കും
കണ്ട സ്വപ്നങ്ങളെ
പ്രത്യേകം സൂക്ഷിച്ചു വയ്ക്കുകയും
ഇടയ്ക്കിടെ
ഒരുപാടിഷ്ടപ്പെട്ടവ
എഡിറ്റു ചെയ്ത്
വീണ്ടും കാണുകയും ചെയ്യും
കാണാത്തവയെ
ഒരു പെട്ടിയിലടച്ച് വച്ചിരുന്നു
അയാൾ ,
ഇരുന്നും കിടന്നും ബസിൽ തൂങ്ങിപ്പിടിച്ചു നിന്നും
സ്വപ്നം കണ്ടുകൊണ്ടിരുന്നു
മേലാപ്പീസറുടെ
കഠിനമായ ചീത്തവിളികൾക്ക്
അയാൾ
സ്വപ്നത്തിൽ ചിരി മറുപടി നൽകി
അയാൾ ,
സ്വപ്നത്തിൽ കവിതകളെഴുതുകയും
മായിക്കുകയും ചെയ്തു
കടലിലേക്ക്
അയാൾ വാതിൽ വരച്ചിടുകയും
അതിലൂടെ
മത്സ്യജന്മമെടുക്കുകയും ചെയ്തു
അയാളുടെ ആകാശത്തിൽ
അയാൾക്ക്
ചിറകുകൾ മുളച്ചുവന്നു
സ്വപ്നങ്ങളിലയാൾ
ചിരിക്കുകയും
കണ്ണീരുകൊണ്ടയാളുടെ
കവിളുകൾ മുറിയുകയും ചെയ്തു
അയാളുടെ പ്രണയവും
ഭോഗവുമെല്ലാം സ്വപ്നങ്ങളുടെ
പൊതുവിടങ്ങളിലായിരുന്നു
ഉണർന്ന് ,
ഉടൽ തുടച്ചെണീക്കുമ്പോൾ
ആരുമയാളെ വ്യഭിചാരിയെന്നോ
ഭ്രാന്തനെന്നോ വിളിച്ചില്ല
ഒരേയൊരു സ്വപ്നമാണയാളെ
തേടി വന്നത്
അതയാളെ
തൻ്റെ വെയിലിൽ വരട്ടി
അയാൾ
ഒരു ഇറച്ചിത്തുണ്ടു മാത്രമായി
ആ സ്വപ്നത്തിൽ കിടന്നുപിടഞ്ഞു
അന്നോളം കണ്ടതും കാണാത്തതുമായ
എല്ലാ സ്വപ്നങ്ങളും
പൊടുന്നനെ
അയാളിലേക്ക്
ചതിയുടെ തീകോരിയിട്ടു
അയാളാ സ്വപ്നത്തിൽ
ചുരുണ്ടു കിടന്നുറങ്ങി
അതയാളുടെ
ഒടുവിലത്തെ സ്വപ്നമായിരുന്നു

വൈഗ

By ivayana

Leave a Reply

Your email address will not be published. Required fields are marked *