രചന : സുധ തെക്കേമഠം ✍
ഹസനത്തിൻ്റെ കല്യാണത്തിന് പോയി വന്നതിനുശേഷം ഫോൺ നോക്കുമ്പോഴാണ് വാർത്ത കണ്ടത്. ആ വാർത്തയുമായി പൊരുത്തപ്പെടാൻ അൽപനേരം എടുത്തു. എൻറെ സങ്കല്പത്തിലെ ചിരഞ്ജീവിയാണു സാമി .സാമി ഇല്ലാതാവുന്ന നാടിൻ്റെ ചിത്രം അപൂർണ്ണമാകുമല്ലോ എന്ന ഭയമാണു മനസ്സിൽ. ഇപ്പോൾ അദ്ദേഹത്തിന് 104 വയസ്സാണെന്നു തോന്നുന്നു.
കൃഷ്ണയ്യർ എന്ന തമിഴ് ബ്രാഹ്മണൻ ഞങ്ങടെ നാടിൻ്റെ കിട്ടാവു സ്വാമിയായി മാറുകയായിരുന്നു.
ഓർമ്മവച്ച കാലം മുതൽ കിട്ടാവു സ്വാമിയാണ് കടുക്കാവിലമ്പലത്തിലെ ശാന്തി . സാമീ എന്ന ചെറു വിളിയിൽ ശ്രീകോവിലിൻ്റെ ഉള്ളിൽ നിന്നും മറുപടി തരും. പൂജയാണെങ്കിലും തലയൊന്നാട്ടി സന്തോഷം പ്രകടിപ്പിക്കും
സോഷ്യലിസവും മറ്റിസങ്ങളുമൊന്നും വായിച്ചു പഠിച്ചിട്ടില്ലെങ്കിലും സാമി ജനങ്ങൾക്കിടയിലായിരുന്നു. അന്ന് അമ്പലം പഴമയുടെയും അരിഷ്ടുകളുടെയും ഇടയിലുള്ള ഒതുങ്ങിയൊരിടമായിരുന്നു. എങ്കിലും ഞങ്ങളുടെ മറ്റൊരു ലോകമായിരുന്നു ആ ഭാഗം.. വീട്ടുതൊടിയിൽ നിന്നുള്ള ഒറ്റവരമ്പു കയറിയാൽ അമ്പലത്തൊടിയും വലിയ കുളവുമായി . അമ്പലത്തിൽ പോക്കും സാമിയോടു മിണ്ടലും ഒരു സാധാരണ പ്രവൃത്തിയായി എന്നും ചെയ്തിരുന്നു.
രണ്ടു രൂപയുടെ സന്ധ്യാബത്തിയിൽ ആവശ്യങ്ങളും മോഹങ്ങളുമൊതുക്കി വച്ച് ഞങ്ങളാ പടി കയറും.. സാമിക്ക് എല്ലാവരേയും കൃത്യമായി അറിയാമായിരുന്നു . എല്ലാ വീടുകളിലേയും വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും സമാധാനിപ്പിച്ചും സാമി ആ നടയിൽ നിന്നു. ‘“ നന്നായി വരും കുട്ടീ “ എന്നു ജാതിഭേദമില്ലാതെ എല്ലാവരുടെയും തലയിൽ കൈവച്ച് പറയാറുണ്ട്. ഇതിലും നല്ലൊരു മോട്ടിവേഷൻ വേറെങ്ങു കിട്ടും?
സാമിക്ക് എന്നും ഒരേ രൂപമായിരുന്നു എൻ്റെ മനസ്സിൽ . എൺപതു വയസ്സുകളിലും നാലു മണിക്ക് അമ്പലം തുറന്നു പാട്ടു വച്ച് വിളക്കു കൊളുത്തുന്ന സാമി ഞങ്ങൾക്കൊരു സന്തോഷമായിരുന്നു.
ആ അമ്പലം എൻ്റെയുള്ളിലെ തന്നെ മറ്റൊരിടമായിരുന്നു എന്നു തോന്നാറുണ്ട്.
ഒറ്റപ്പെടലുകൾക്കിടയിൽ വെറുതെ നടന്നു ചെന്നെത്തി സ്വകാര്യം പറഞ്ഞു തീർക്കാനൊരു സ്ഥലം . കുളപ്പടവിലിരുന്നും അമ്പലത്തൊടി വലം വെച്ചും ചിന്തിച്ചു കൂട്ടിയ മനോരാജ്യങ്ങൾക്കതിരില്ല . ആരാധനാലയങ്ങൾ പരിഷ്കരിക്കപ്പെടാൻ തുടങ്ങിയപ്പോൾ അമ്പലവും മിനുങ്ങാനും തിളങ്ങാനും തുടങ്ങി… കല്യാണം കഴിഞ്ഞു പോന്നെങ്കിലും ചെന്നുകയറുന്ന സമയങ്ങളിലെല്ലാം സാമി അവിടെ എന്നെ എതിരേൽക്കും വിശേഷങ്ങൾ ചോദിക്കും. നന്നായി വരും ട്ടോ എന്നു പറയും..
നിറഞ്ഞ ചിരിയോടെ ഉറച്ച വിശ്വാസത്തോടെ നന്നായി വരട്ടെ എന്നു പറയാൻ ഞാൻ പഠിച്ചത് സ്വാമിയിൽ നിന്നാണ്. ആ രണ്ടു വാക്കുകൾ മനസ്സിലേക്കിട്ടു തരുന്ന നിറവ് അത്രയും വലുതല്ലേ
സ്വാമി നീണ്ടൊരു കാലഘട്ടത്തിൻ്റെ അടയാളമാണ്. മരിച്ചു കിടക്കുന്നതു കാണാൻ പോവുന്നില്ല . എന്നോ കണ്ടു മറന്ന ചിരിയും മറക്കാനാവാത്ത വാക്കുകളും രൂപവും കൂടെയുണ്ട്..
പ്രണാമം..🙏🙏