അവിശ്വാസിയുടെ വീട്ടുവളപ്പിലാണ്
ആദ്യം വിശ്വാസം വളർന്നുവന്നത്
അന്നയാൾ വിശ്വാസിയുമായിരുന്നു….
എപ്പോഴൊക്കെയോ തന്റെ ഇഷ്ടത്തിനു വിശ്വാസം വഴങ്ങിയില്ല…
അന്നു മുതൽ അയാൾ വിശ്വാസങ്ങളെയും ദൈവത്തെയും തള്ളിപ്പറയാൻ തുടങ്ങി….
അതിശയം വേണ്ട…
ഒരുപാട് നിരീശ്വരവാദികളുടെ പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്..
പലതിലും അവരുടെ ഏറ്റുപറച്ചിലുകളും
ഇങ്ങനെയൊരു പിൻകഥ കേട്ടിട്ടുണ്ട്….
എന്തോ പിന്നെയും പഴയ വിശ്വാസത്തിലേക്ക് പോയിട്ടാണോ
എന്തോ ദൈവത്തെ തെറി പറഞ്ഞ ഒരുവനെ ഇന്നലെ അമ്പലനടയിൽ
കണ്ടു….
“എന്തെ പതിവില്ലാതെ ഇവിടെ” എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്
തൊഴാൻ വന്നതല്ല അമ്പലത്തിലെ ശ്രീകോവിലിനു പുറമെ
വരച്ച ചിത്രങ്ങൾ കാണാൻ വന്നതാണത്രേ…
അതിനെക്കുറിച്ച് ഒരു പഠനം നടത്താനാണത്രേ….
ചുണ്ടിൽ ചെറിയൊരു ചിരി പടർത്തി
ഞാൻ മെല്ലെ തലയാട്ടി….
അമ്പലത്തിൽ നിന്ന് നുണ പറഞ്ഞതുകൊണ്ടാണോ എന്തോ
പെട്ടന്ന് അവന്റെ ഭാര്യയും
അവിടെ എത്തി…
എന്നെ അറിയാവുന്നതുകൊണ്ട്
അവരും എന്നെ ഒന്നു നോക്കി ചിരിച്ചിട്ട്
അയാളോട് പറയുന്നത് കേട്ടു…
“അതേ ചേട്ടാ… പറഞ്ഞ വഴിപാടുകൾ എല്ലാം രസീത് എഴുതി…
ശത്രുസംഹാര പുഷ്പാഞ്ജലിക്കും
എഴുതിയിട്ടുണ്ട്…”
അയാൾ ഭാര്യയുടെ നേരെ ഒന്നു കലിപ്പിച്ചു നോക്കിയിട്ട്
എന്നെയൊന്നു ഏറു കണ്ണിട്ടു നോക്കി…
അപ്പോഴും ഞാൻ ഒന്നു ചിരിച്ചു…
അതോടൊപ്പം മറ്റൊരു ചിരികൂടി ഞാൻ
കണ്ടു കേട്ടു… അത് ശ്രീകോവിലിലെ വിഗ്രഹത്തിൽനിന്നായിരുന്നു…

By ivayana