രചന : വർഗീസ് വഴിത്തല✍
രാവേറെയായ് സഖേ..
നേരിയ നിലാവും മറഞ്ഞുപോയ്
ഇരുൾ തിങ്ങി,യാകാശമെങ്ങും
കരിമ്പടം പോലെ..
മൗനത്തിൽ മുങ്ങുമീ
പഴയമൺ വീടിന്റെ ചുമരുകൾക്കുള്ളിൽ
ഏകനായ് ഞാനിരിക്കുന്നു..
വ്യഥഭരിതഹൃദയമിടിപ്പൊന്നു മാത്രം
വിഷാദാർദ്രസാന്ദ്രമൊരു ധ്വനിയുണർത്തുന്നു..
മൗനം.. സർവത്ര മൗനം..
പ്രിയസഖേ..
ഞാൻ നിനക്കെഴുതുന്നു…
പതറിയ കൈപ്പടയിലൊന്നുമാത്രം
ഹൃദയനൊമ്പരം ചാലിച്ച പരിവേദനങ്ങൾ..
എകാന്തജീവിതം, പെറ്റു പെരുകുന്ന ശൂന്യത..
ഭൂതകാലത്തിന്റെ മുറിവുകൾ തുന്നുവാൻ
നൂല് കെട്ടുന്ന നീലിച്ച സ്മരണകൾ..
അല്പമാത്രമാമാനന്ദധാരകൾ…
എങ്കിലുമിനിയും,
ഞാനിവിടെയുണ്ടെന്ന് നിന്നോട്
ചൊല്ലുവാൻ വേണ്ടി മാത്രമീ ലിഖിതം..
പ്രിയ സഖേ.. നിനക്കറിയുമോ..?
ഏകനായ് വെന്തുനീറുന്നൊരാത്മാവിന്റെ ദുഃഖം..
ആത്മജങ്ങൾ, കുഞ്ഞു താമരപ്പൂവുകൾ..
എന്റെ പ്രാണന്റെ ഈറൻ നുണഞ്ഞ പൈതങ്ങൾ..
മുഗ്ദ്ധസങ്കല്പജീവിതം മോഹിച്ച
ജീവന്റെ പാതിയാൾ..
എല്ലാമെല്ലാമകന്നു പോയ്..
എങ്കിലുമിനിയും,
ഞാനിവിടെയുണ്ടെന്ന് നിന്നോട് ചൊല്ലുവാൻ
വേണ്ടി മാത്രമീ ലിഖിതം.
കാണുന്നു ഞാൻ ജനാലയ്ക്കുമപ്പുറം,
നീലരാവിന്റെ തിരകൾക്കുമപ്പുറം
ഒരു താരമിരുളിൽ കണ്ണു ചിമ്മുന്നു..
അണയാൻ വെമ്പുന്ന വിരഹദീപം പോലെ..
അകലെയായാകാശസീമകൾക്കപ്പുറം
ഒളി മങ്ങിയിടറി നിൽക്കുന്നു..
വിരഹം…സർവത്ര ശോകമൂകം..
വിരഹം… സർവത്ര ശോകമൂകം..