ഇനിയെന്നിലൊരു കവിതപോലും ശേഷിക്കുന്നില്ല
എന്നൊരു വരിമാത്രം തെളിയുന്ന,
ഒട്ടും ഭാരമില്ലാത്ത വിളറിയ വെള്ളക്കടലാസ്സായ്
അയാൾ…
അതിനുമൊരുപാട് മുൻപ്
തിരമാലകളാൽ ചുംബിക്കപ്പെടുന്ന
അവളുടെ കാൽവിരലുകൾ കണ്ണിമവെട്ടാതെ
നോക്കിയിരിക്കുമ്പോൾ
അയാൾ പറഞ്ഞിരുന്നു
“ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പലതും
‘ക’യിൽ തുടങ്ങുന്നു’വെന്ന്.
കവിത,കടൽ…
അതിനുമൊരുപാട് നാൾകൾക്ക് ശേഷം
അവളുടെ നിശ്ചലമായ കാലുകൾ
നിറഞ്ഞ മിഴികളോടെ
നോക്കിയിരിക്കുമ്പോൾ
അയാൾ അവളെ
“എന്റെ ശലഭമേ” എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞിരുന്നു.
അപ്പോളവളുടെ ശൂന്യമായ മിഴികൾ
കടൽ വറ്റി മണ്ണിലുറഞ്ഞുപോയ
പായ്ക്കപ്പലിനെപ്പോലെ…
അവൾ അയാളുടെ
കാണാതായ കടലായതിന്നു ശേഷം
അവൾ അയാളുടെ
വരി വറ്റിയ കവിതയായതിന്നു ശേഷം
അയാൾ യാത്രകൾ ബാക്കിയില്ലാത്ത
പായ്കപ്പലാകുന്നു
അയാൾ അർത്ഥമില്ലാത്ത കവിതയാകുന്നു..
ശേഷം
കയറിന്റെ തുമ്പത്ത്
ഒട്ടും ഭാരമില്ലാത്തൊരു
വിളറിയ വെള്ളക്കടലാസാകുന്നു.

രാഗേഷ്

By ivayana