രചന : പണിക്കർ രാജേഷ്✍
കണ്ടവനെല്ലാം ചർച്ചനടത്തി
പണ്ഡിതനാവാം നമ്മുടെ നാട്ടിൽ
വിഷയം ചുക്കിൻവിലയിടിവായാൽ
ചക്കയിടാനായ് പ്ലാവിൽക്കയറും
താഴെയിരുന്നൊരു നായ കുരച്ചാൽ
അവകാശത്തിൻ ധ്വംസനമായി.
ഇന്നാളൊരുവൻ തത്സമയത്തിൽ
‘നാരീശക്തി’ വാദമുയർത്തി
ഏതോ നാട്ടിൽ സ്ത്രീകൾക്കിന്നും
കിട്ടാക്കനിയാണത്രേ വിദ്യ.
ദിവസംപത്തു തികഞ്ഞില്ലവനുടെ
ചിത്രം മാധ്യമതാളിൽ നിറഞ്ഞൂ
പുഞ്ചിരിതൂവിയ സുന്ദരവദനം
കണ്ടവരെല്ലാം കാര്യമറിഞ്ഞു
വിദ്യാലയശുചിമുറിയുടെയുള്ളിൽ
നിശ്ചലഛായാഗ്രഹണമതത്രേ!
വർഷംപലതുകഴിഞ്ഞിന്നവനൊരു
സംവാദത്തിനു വേദിയൊരുങ്ങി
മാധ്യമതമ്പ്രാന്മാരതുതന്നെ
വിഷയം ബാലകപീഡനവും.
അരണത്തലയർ പൊതുജനമല്ലേ
പണ്ടത്തെക്കഥ പാടെമറന്നൂ
സഹജനസേവനതല്പരരായൊരു
സഹപണ്ഡിതരതു മിണ്ടിയുമില്ല
വാക്ക്ചാതുരിയുടെ ആവേശത്തിൽ
കരഘോഷത്തിരയാഞ്ഞു മുഴങ്ങി
ഇങ്ങനെപോയാലമ്പടകേമാ
സദ്ഗുണനാകും നീയും മേലിൽ!