രചന : സ്വപ്ന എസ് കുഴിതടത്തിൽ✍
“ഞാനിന്ന് വന്നത് നിന്നെ കാണാൻ തന്നെയാണ്.”ആമുഖമായി അവൾ പറഞ്ഞു.
“ഓണത്തിന്റെ തിരക്കിൽ നിന്നും കുറച്ചു നേരം നമുക്കായി മാത്രം. “
ഒത്തിരി ബുദ്ധിമുട്ടിയാണ് ഈ കൂടിക്കാഴ്ച തരമാക്കിയതെന്ന് അവളോട് പറഞ്ഞില്ല. ഇറങ്ങാൻ നേരം നൂറു ചോദ്യങ്ങളാണ്. “അമ്മ ഓണായിട്ട് എവിടെ പോവാണ്.. വീട്ടിലിരുന്നൂടെ.”
രാവിലെ മുതൽ പുറത്ത് കറങ്ങി നടക്കുന്നവരുടെ വകയാണ് ചോദ്യങ്ങൾ.സജിത്തിന്റെ നോട്ടവും അവഗണിച്ചു. ബിനിതയെ കാണാൻ പോകുവാണെന്ന് പറയാൻ തോന്നിയില്ല. അവൾ സജിത്തിനെ അറിയിച്ചിട്ടുണ്ടാകും.
“ഈ ഓരോ മണൽത്തരികൾക്കും ഓരോ കഥകൾ പറയാനുണ്ടാകും ല്ലേ… “
മണൽ വാരി പതുക്കെ തിരിച്ചിട്ടു കൊണ്ട്. ഏറെ നേരത്തെ നിശബ്ദതക്കൊടുവിൽ അവൾ ചോദിച്ചു.
” എന്ത് കഥകൾ.. “ചിരിച്ചു ഞാൻ.
“പറയാനു ള്ളത് നിനക്കല്ലേ” ന്ന് ചോദിക്കണം ന്നുണ്ടായിരുന്നു. ചോദിച്ചില്ല.
“ഉണ്ടാകും.ഇവിടെ ആയിരമായിരം കാൽപ്പാദങ്ങൾ ദിവസവും പതിയുന്നുണ്ട്. ഓരോരുത്തർക്കും ഉണ്ടാകില്ലേ കഥകൾ. നടക്കുമ്പോ. ഇരിക്കുമ്പോ ഒക്കെ അവരുടെ ശ്വാസ നിശ്വാസങ്ങളിലൂടെ അങ്ങനെ അലയടിക്കുന്നുണ്ടാകും ഓരോരോ ചിന്താശകലങ്ങൾ.. ” അവൾ നല്ല മൂഡിലാണ്.
“ഉം..” മൂളി.
ബിനിതയുടെ മുഖത്തേക്ക് ഞാൻ നോക്കി..അവളുടെ മുടിയാകെ കാറ്റടിച്ച് അലങ്കോലമായിരിക്കുന്നു. അവളുടെ സുന്ദരമായ കണ്ണുകൾ.. വല്ലാത്ത ആകർഷണീയതയാണ് ആ കണ്ണുകൾക്ക്.. ഒരിക്കൽ ഞാനേറെ സ്നേഹിച്ചത്… പിന്നീട് ഞാൻ വെറുക്കണമെന്നാഗ്രഹിച്ചത്. ഇപ്പോ വീണ്ടും ആ കണ്ണുകളെന്നെ വല്ലാതെ പിടിച്ചുലക്കുന്നതുപോലെ.
അവളുടെ മുഖത്തു നിന്നും കണ്ണുകൾ മാറ്റി…
“സജിത്ത് സുഖമായിരിക്കുന്നോ… “
ഞാൻ തലയാട്ടി.
സജിത്തിന്റെ പേഴ്സിൽ നിന്നു ബിനിതയുടെ ഫോട്ടോ കണ്ടെത്തിയ ദിവസം ഞാനോർത്തു.. പിന്നീട് മാസങ്ങളോളം വീട്ടിൽ പ്രശ്നങ്ങളായിരുന്നു. ഒരിക്കലും ബിനിതയെ തള്ളിപ്പറഞ്ഞില്ല സജിത്ത്’
ബിനിതയെ സജിത്തിന് പരിചയപ്പെടുത്തിക്കൊടുത്തതും ഞാൻ തന്നെയായിരുന്നു.
എന്റെ ബാല്യകാല സുഹൃത്ത്. ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ ഒരുമിച്ച്. സിന്ധു ടീച്ചറിന്റേയും വാസുദേവൻ സാറിന്റെയും രണ്ടു മക്കളിൽ മൂത്തവൾ. പഠിത്തത്തിലും സൗന്ദര്യത്തിലുമൊന്നും അവളെനിക്കൊരു എതിരാളിയേ ആയിരുന്നില്ല..എന്നും ഒന്നാം സ്ഥാനം എനിക്കു തന്നെ. ബാക്കിയുള്ളവരെല്ലാം ഒരു എതിരാളികളേ ആകാത്ത രീതിയിൽ ഒത്തിരി പിന്നിലായിരുന്നു.
ഒത്തിരി ടീച്ചർ മാരുടെ മക്കളുമാർ. പണക്കാരികൾ.അതിൽ കുശുമ്പുണ്ടായിരുന്നു. യൂണിഫോം ഇല്ലാത്ത ബുധനാഴ്ച ദിവസങ്ങളിൽ വർണത്തുമ്പികളേ പോലെ അവരങ്ങനെ വരും. അപ്പോ യൂണിഫോമിന്റെ വെള്ളയുടുപ്പും, ഗീത ചേച്ചിയുടെ കല്യാണത്തിനായി തയ്പ്പിച്ച പാവാടയുമിട്ട് വരുന്ന എന്നോട് ഒരിക്കൽ സിന്ധു ടീച്ചർ ചോദിച്ചത് ഓർമയുണ്ട്. “ഇന്നും ഈ വെള്ളയുടുപ്പ് തന്നെയാണോ “
“വെള്ളനിറം ഇഷ്ടമാണ് ” ന്ന് പറഞ്ഞ് തിരിഞ്ഞു നടന്നത്.. ഇന്നിപ്പോ ആവശ്യത്തിലധികം ഡ്രസുകൾ വാങ്ങിച്ചു കൂട്ടുമ്പോൾ ഒരിക്കൽ നഷ്ടപ്പെട്ട വർണാഭ ലോകം ഞാൻ തിരിച്ചു പിടിക്കുകയായിരുന്നു.
” സാന്ദ്രാ നീ എന്നെ സ്നേഹിച്ചിരുന്നോ?”
ബിനിതയുടെ ചോദ്യം പെട്ടെന്നായിരുന്നു.
ഒന്നാം ക്ലാസു മുതൽ ഒരു ബെഞ്ചിൽ അടുത്തടുത്തിരുന്നവർ.ആഹാരം പരസ്പരം പങ്കു വച്ചവർ. ചിന്തകളും, കുഞ്ഞുകുഞ്ഞ് വിഷമങ്ങളും പറഞ്ഞിട്ടുള്ളവർ.എട്ടാം ക്‌ളാസിൽ ബിനിത മറ്റൊരു സ്കൂളിലേക്ക് പോയപ്പോ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്.
പിന്നെ എത്രയോ ദിവസങ്ങൾ തലയിണയിൽ മുഖം ചേർത്തു വച്ച് വിങ്ങിപ്പൊട്ടിയിട്ടുണ്ട്. എന്റെ ആദ്യത്തെ ഉറ്റസുഹൃത്ത്. ആദ്യത്തേതെന്തും മധുരവും അവിസ്മരണീയവുമാണെന്ന് ആർക്കാണറിയാൻ കഴിയാത്തത്!
“സാന്ദ്രക്കറിയ്യോ ഞാനാ സ്കൂളിൽ നിന്നും പോയതിനു ശേഷം സന്തോഷമെന്തെന്ന്, ആത്മാർത്ഥതയെന്തെന്നറിഞ്ഞിട്ടേയില്ല. പെൺകുട്ടികൾ മാത്രം പഠിക്കുന്നഒരു മാനേജ്മെന്റ് സ്കൂൾ. ചില കുട്ടികളോട് മാത്രം വല്ലാത്ത പരിഗണന കൊടുക്കുന്ന അധ്യാപകർ.. മറ്റുള്ള കുട്ടികളോട് വല്ലാത്ത അവഗണന. പേടിയായിരുന്നു എല്ലാവരേയും.
കലാമത്സരങ്ങളിലൊന്നും നമ്മളെ ചേർക്കില്ല. ബാൻഡ്ട്രൂപ്പ് വരെയുണ്ടായിരുന്നു സ്കൂളിൽ. അതിലൊക്കെ ഒന്നു ചേരാൻ എന്തു മാത്രം ആഗ്രഹിച്ചിരുന്നു എന്നറിയ്യോ!
പക്ഷേ ഒരു രണ്ടാം തരക്കാരായോ, മൂന്നാം തരക്കാരായോ ഒക്കെ മാറ്റി നിർത്തുമ്പോ നമ്മുടെ കുഞ്ഞു മനസിലുണ്ടാകുന്ന വിഷമം നിനക്ക് പറഞ്ഞാൽ മനസിലാകുമോ സാന്ദ്രാ…”
ഞാനൊരു കേൾവിക്കാരിയായിട്ടുപോലും ഉണ്ടാകണം ന്ന് അവളാഗ്രഹിക്കുന്നില്ല ന്ന്തോന്നി.അവൾ ആദ്യം മുതൽ എല്ലാം തുടങ്ങുകയാണെന്ന് തോന്നി.
” നിന്റെ വീട് എനിക്കൊരത്ഭുതമായിരുന്നു… എന്റെ ഗൃഹാതുരത്വത്തിന്റെ ഓർമചീളുകൾ നിന്റെ വീട്ടിൽ നിന്നാണ് ഞാൻ പറക്കിയെടുക്കുന്നത്. നിന്റെവീടിന്റെ വിശാലമായ മുറ്റം. പനിനീർ റോസാ ക്കാടുണ്ടായിരുന്നില്ലേ അവിടെ..”
അവളെന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഞാൻ കേട്ടിരുന്നു. എത്ര തെളിമയാണ് അവളുടെ ഓർമകൾക്ക് ..
പനിനീർ റോസ്.. രണ്ടായി പിന്നിക്കെട്ടിയ മുടിയിൽ വിടർന്നു നില്ക്കുന്ന പനിനീർ പൂവും ഇലയും ചേർത്തു വച്ച് എല്ലാ ദിവസവും അമ്മ സ്ലൈഡ് കുത്തിത്തരുവാ യിരുന്നു… മിക്കവാറും ആ സമയം ബിനിതയുമുണ്ടാകും. രാവിലത്തെ നെയ്റോസ്റ്റുo, എന്റെ പ്രിയപ്പെട്ട ഉള്ളിത്തോരനും കൂട്ടി ഒരുമിച്ചിരുന്ന് കഴിക്കും… അല്ലേൽ പൂരിയും, പാലും.
വീടൊരു സത്രമായിരുന്നു ശരിക്കും. ഞങ്ങളുടെ മൂന്നു പേരുടേയും കൂട്ടുകാരികൾക്ക് എപ്പോഴും കടന്നു വരാമായിരുന്ന സ്ഥലം.
“സാന്ദ്രാ നിന്റെ വീടിന്റെ നടുക്കളത്തിൽ രണ്ടു കട്ടിൽ ചേർത്തിട്ടിട്ടുണ്ടായിരുന്നു. മെത്ത അതിൽ ചുരുട്ടി വച്ചിട്ടുണ്ടാക്കും. “
അവൾ ഓരോന്ന് വലിച്ചിടുകയാണ്.
അതേ മൂന്നു പെൺകുട്ടികൾ ഒരുമിച്ചു കിടക്കുന്ന കട്ടിൽ. മെത്ത വിരിക്കാനായി അടികൂടുന്നത്. ദേഷിച്ച് ഒരു ദിവസം അച്ഛൻ മെത്തയെടുത്ത് മാറ്റിയത്. വെറും കട്ടിലിൽ ഒരേ ആത്മാക്കളെ പോലെ മൂന്നു പെൺകുട്ടികൾ കെട്ടിപ്പിടിച്ചുറങ്ങിയത്.:
” നിങ്ങളുടെ വീട്ടിലെ സർപ്പക്കാവ്. ആയില്യംപൂജ നടത്തുമ്പോൾ നിനക്കൊപ്പം ഞാനും, സ്കൂളിൽ നിന്നും അവധിയെടുക്കും.. പുള്ളുവൻ പാട്ട്… പൂജ. അതിനു ശേഷം ഉള്ള പായസവും തെരളിയും ഉണ്ണിയപ്പവും.”
ഈ പെണ്ണ് അവളുടെ ഓർമകൾ പറയാൻ കൊണ്ടുവന്നിട്ട് എന്റെ ഓർമകളിലേക്ക് ഊളിയിടുന്ന വിരോധാഭാസം. ഇവൾക്കെന്താണ്!
“ഒക്കെക്കും മേലേയായി എന്നെ കൊതിപ്പിച്ചിട്ടുള്ളത് എന്താന്നറിയ്യോ, സ്കൂളിൽ പോകാനിറങ്ങുന്ന നിങ്ങളെ മൂന്നുപേരെയും ചേർത്തു പിടിച്ച് ഉമ്മ തരുന്ന നിങ്ങളുടെ അച്ഛൻ.
ഞാൻ മനസുനീറിക്കരഞ്ഞിട്ടുണ്ട്. അച്ഛനും,അമ്മയും ‘മോളേ’ന്ന് ഒന്നു വിളിക്കാൻ എന്തു കൊതിച്ചിട്ടുണ്ടെന്നറിയ്യോ! ഇന്നുവരേയും ആ ഭാഗ്യം കിട്ടിയിട്ടില്ല എനിക്ക്.
സാന്ദ്രാ, നീ എഴുതുന്ന കഥകളിലൊക്കെ സ്കൂളിലെ അധ്യാപകരുടെ മക്കൾക്കു കിട്ടുന്ന പരിഗണനയും അതുനിന്നെ വേദനിപ്പിച്ചതും എഴുതിയിട്ടില്ലേ. പക്ഷേ ഒരിക്കൽ പോലും ടീച്ചറുടെ മക്കൾ ന്ന പരിഗണന ഞങ്ങൾ രണ്ടാൾക്കും കിട്ടിയിട്ടില്ല.
നിനക്കോർമയുണ്ടോന്നറിയില്ല, സാന്ദ്രാ അന്ന് അച്ഛൻ എന്നെ പൊതിരെ തല്ലിയത്. എല്ലാവരുടേയും മുന്നിൽ വച്ച്.., അതിനു ശേഷം നിന്റെ ദേഹത്തോട്ട് കിടന്ന് ഞാനൊത്തിരി കരഞ്ഞത്.”
അതേ.അന്നത്തെ ആ ദിവസം മറക്കാനാകില്ലല്ലോ. സയൻസ് ക്ലബ് കൂടുകയാണ് സ്കൂളിൽ. വാസുദേവൻ സാറിനാണ് ക്ലബ് ചാർജ്. അഞ്ചു മുതൽ ഏഴു വരെ സയൻസിൽ താല്പര്യം കൂട്ടികൾ അംഗങ്ങളാണ്.. അന്ന് ഹൈഡ്രജൻ നിർമ്മിച്ച് ബലൂണിൽ നിറച്ച് പറത്തി വിടുകയായിരുന്നു ക്ലബ് ആക്ടിവിറ്റി. എല്ലാവരും അത്യാവേശപൂർവം ബലൂൺ പറത്തുകയാണ്. അതിന്റിടയിലാണ് ബിനിതയെ തലങ്ങും വിലങ്ങും വാസുദേവൻ സാർ തല്ലിയത്. സിന്ധു ടീച്ചർ പോലും നോക്കി നില്ക്കുവാരുന്നു.. പിടിച്ചു മാറ്റാൻ ചെന്നവരെ വല്ലാത്ത ദേഷ്യത്തോടെ സാർ വഴക്കുപറഞ്ഞു. ഞാൻ ഭയന്നു പോയിരുന്നു. എന്തിനാണ് അവളെ അന്നടിച്ചതെന്ന് എനിക്കജ്ഞാതമായിരുന്നു. ഒരിക്കലും അവൾ ഒന്നും പറഞ്ഞതേയില്ല. പക്ഷേ അതിനു ശേഷം അവൾ വാസുദേവൻ സാറിന്റെ അടുത്തു പോലും നില്ക്കുന്നത് കണ്ടിട്ടില്ല.
അന്ന് അവളെ എന്തിനാണ് അടിച്ചതെന്ന് ചോദിക്കണം ന്ന് തോന്നി. അവൾ പറയില്ല ന്ന് ഉറപ്പുണ്ടെങ്കിലുo.
അതും അവൾ പറയുകയാണെന്ന് തോന്നി
“സാന്ദ്രാ നീ എപ്പോഴും പറയില്ലേ സജിത്തിനെ എനിക്കു പരിചയപ്പെടുത്തിത്തന്നത് നീയാണെന്ന്. അല്ല. ഞങ്ങളുടെ വീടിനടുത്തുള്ള അംഗനവാടിയിലെ ടീച്ചർ മായമ്മ.ഞാൻ അവിടെ പഠിച്ചതാണ്… എന്നെ മോളേ ന്ന് വിളിച്ചിട്ട് ഒരു അമ്മയുടെ സ്നേഹം, വാത്സല്യം വാരിക്കോരി തന്നപ്പോൾ ആ മായമ്മയുടെ മകനോട് ഒരു പാവം പന്ത്രണ്ട് വയസുകാരിക്ക് തോന്നിയ ഇഷ്ടം.
ആ ഇഷ്ടം.. അന്നുണ്ടാക്കിയ ഹൈഡ്രജൻ ബലൂണിൽ ബിനിത ലവ് സജിത്ത് എന്നെഴുതി പറത്തി വിട്ടപ്പോൾ അതു കണ്ടുപിടിച്ച അച്ഛൻ തന്ന സമ്മാനം. പരസ്യമായി പൊതിരെ തല്ലുക.ഒരു കൊച്ചു ചെൺകുട്ടിയുടെ സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന മനസ് കാണാതെ. എന്റെ അമ്മ പോലും അതംഗീകരിച്ചു മിണ്ടാതെ നിന്നു.
അതുകൊണ്ട് അവസാനിച്ചെങ്കിൽ ഞാൻ പിന്നേം സഹിച്ചേനേ.
അന്നു വൈകിട്ട് എന്നേം വലിച്ചിഴച്ച് മായമ്മയുടെ വീട്ടിൽ കൊണ്ടുപോയി മായമ്മയെ വല്ലാതെ പരിഹസിച്ചു. ചീത്തവിളിച്ചു. ഭർത്താവില്ലാതെയയാണ് മോനേ പ്രസവിച്ചതെന്നും, മോനേയും അതുപോലെ പിഴയായി വളർത്തുകയാണ് എന്നൊക്കെപ്പറഞ്ഞിട്ട്. മായമ്മയുടെ കണ്ണിൽ നിന്നും വീണ ചുടുകണ്ണീർ. ഓടിക്കൂടിയ നാട്ടുകാരുടെ പരിഹാസം. “
ഏറെ നേരത്തെ മൗനം. ഒരു കാറ്റ് തഴുകിക്കടന്നു പോയി. നേരിയ തണുപ്പ്.
എന്നിട്ടും അവൾ ഉരുകുകയാണെന്ന് തോന്നി.
പതുക്കെ പതുക്കെ അവൾ തുടരുകയാണ്.
“പിന്നെ രണ്ടാളെയും കണ്ടിട്ടില്ല. വർഷങ്ങൾക്കിപ്പുറം അച്ഛന് പറ്റിയ ആക്സിഡന്റ്. അമ്മയുടെ അസുഖം. ഞങ്ങളെല്ലാവരും വീണു പോയി. ചികിത്സിച്ച് ചികിത്സിച്ച് വീടുവരെ വില്ക്കേണ്ടി വന്നത്. പഠിത്തം പൂർത്തിയാകാത്ത അനിയത്തിക്കുമൊപ്പം എല്ലാവരും വാടക വീട്ടിലേക്ക്.
ട്യൂഷൻ പഠിപ്പിച്ചും മറ്റും കൂട്ടിക്കിട്ടുന്ന പൈസ. ഒന്നിനും തികയാത്ത അവസ്ഥ. എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു വ്യക്തി..എല്ലാവരുടേയും കാണപ്പെട്ട ദൈവമായത്. ചികിത്സ ഏറ്റെടുക്കുന്നത്. അനിയത്തിയെ പഠിപ്പിക്കാനായി മുൻകൈ എടുക്കുന്നത്. ‘വേണ്ട ‘എന്നു പറയാൻ പോലും കഴിയാതെ ഒരന്യപുരുഷനു മുമ്പിൽ നിൽക്കേണ്ടി വരുന്ന ഒരു പാവം പെണ്ണിന്റെ അവസ്ഥ നിനക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ |ശരത് എന്നായിരുന്നു അയാൾ പറഞ്ഞ പേര്…
ഒരു കുടുംബം മുഴുവൻ അയാളെ തൊഴുതു നില്ക്കുകയാണ്.
ആരെന്നോ, ഏതെന്നോ അറിയാതെ അവനെ ഞാനും… ഒരിക്കലും അയാളെന്റെ മായമ്മയുടെ മകനാണെന്ന് ഞങ്ങളാരും അറിഞ്ഞില്ല.
ഒരു ദിവസം അച്ഛൻ അയാളോട് ഞാനുമായുള്ള വിവാഹം നടത്താൻ കെഞ്ചുന്നത് കേട്ടുകൊണ്ടാണ് അവിടേക്ക് വന്നത്. അമ്മയും ഉണ്ടായിരുന്നു. എന്താണ് മറുപടി എന്നറിയാൻ ഒളിച്ചു നിന്നു.
ഒരു പ്രതികാരത്തിന്റെ ജ്വലനമായിരുന്നു അവിടെക്കണ്ടത്. മായമ്മയുടെ മകൻ സജിത്ത് ആണെന്ന തുറന്നു പറച്ചിൽ. ഈയൊരു നിമിഷത്തിനായിട്ടാണ് കാത്തിരുന്നത് എന്ന് പറഞ്ഞത്. അന്ന് മായമ്മയെ പറഞ്ഞതിന് എണ്ണിയെണ്ണി ചോദിച്ചത്. ഇതുപോലൊരു എച്ചിൽ കുടുംബത്തിൽ നിന്നും പെണ്ണുകെട്ടേണ്ടവനല്ല താനെന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചത്.ജീവിതത്തിലാദ്യമായി എനിക്കച്ഛനോട് സഹതാപം തോന്നി. അയാളോട് വെറുപ്പും. അതിനു ശേഷം അവർ രണ്ടാളും അധികം ദിവസങ്ങൾ ജീവിച്ചിരുന്നില്ല.
അന്ന് ഞാനെന്റെ വീട്ടിൽ നിന്നും, മനസിൽ നിന്നും ഇറക്കിവിട്ട നിന്റെ സജിത്തിനോട് എറിക്കിപ്പോഴും ബന്ധമുണ്ടെന്ന് പറയുന്ന നിന്നോടെനിക്ക് സഹതാപമേയുള്ളൂ സാന്ദ്രാ.. “ബിനിത കിതക്കുകയായിരുന്നു.
കഥകളുടെ മലവെള്ളപ്പാച്ചിൽ. അതിൽ തട്ടിത്തടഞ്ഞു വീണത് ഞാനായിരുന്നു. സജിത്ത് പാതാളം വരെ താഴ്ന്നു പോകുന്ന ഒരാളായി മാറിയത്. ബിനിതയെ അവൻ സ്നേഹിച്ചു ചേർത്തുപിടിച്ചിരുന്നെങ്കിൽ സജിത്തിന്റെ സ്ഥാനം എത്രയൊ ഉയർന്നേനെ എന്നാഗ്രഹിച്ചു പോയത്…!
ഒന്നും മിണ്ടാതെ ഞാനെണീറ്റു നടന്നു.. എനിക്കതല്ലേ പറ്റൂ. അവൾക്ക് ഇനിയും പറയാനുണ്ടെന്ന് തോന്നി.വേണ്ട…മതി.
വീട്ടിലെത്തിയപ്പോ എവിടെയോ പോകാനായി ഇറങ്ങുന്ന സജിത്ത്.
“ഞാൻ ബിനിതയെ കണ്ടു ” ശബ്ദത്തിൽ വല്ലാത്ത കാർക്കശ്യം വന്നിരുന്നു. വെറുപ്പും.
അവനെന്നെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ പതുക്കെ പേഴ്സു തുറന്നു ബിനിതയുടെ ഫോട്ടോ എടുത്ത് എനിക്ക് നീട്ടി.
“ഈ ഫോട്ടോയാണ് നിന്നെ പ്രകോപിപ്പിക്കുന്നതെങ്കിൽ ഇത് നശിപ്പിച്ചേക്കുക ജീവിതത്തിലിന്നേ വരെ സ്വസ്ഥത കിട്ടാത്ത ഒരുവളെ ഇനിയും പീഡിപ്പിക്കരുത് “
ഞാൻ പൊട്ടിച്ചിരിച്ചു.
“പീഡനക്കാരന്റെ സാരോപദേശം ..എല്ലാം അവൾ പറഞ്ഞു. പ്രതികാരദാഹി. മിണ്ടരുത്.അവളെ ചേർത്തുപിടിച്ചിരുന്നുവെങ്കിൽ നിങ്ങളെ ഞാൻ വിശ്വസിച്ചേനെ” അതു പറഞ്ഞപ്പോ കരഞ്ഞു പോകുമെന്ന് തോന്നി.
“അവൾ കഥകൾ മുഴുവൻ പറഞ്ഞില്ല അല്ലേ. “
അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി. നിറഞ്ഞു വീഴാൻ പോകുന്ന രീതിയിൽ കണ്ണുകൾ.
“കുഞ്ഞു മനസിൽ കയറിയ ഒരു വിഷമം. പിന്നെ അമ്മേടെ തോരാത്ത കണ്ണീർ. അകാല വിയോഗം. ഒക്കെയും പെട്ടെന്ന് ഭ്രാന്താക്കിയപ്പോൾ പറഞ്ഞു പോയതാണ്. അവൾ ഞാൻ പറഞ്ഞത് കേൾക്കുമെന്ന് കരുതിയില്ല. ഏറെ സ്നേഹിച്ച അവളുടെ പുറകിൽ ഞാൻ നടന്നു . വിവാഹം കഴിച്ചോട്ടെ എന്ന് യാചിച്ചു കൊണ്ട്. അവൾ സമ്മതിച്ചില്ല. അഭിമാനിയായ ഒരു പെണ്ണിന് അതേ കഴിയൂ.. അവരെ വലിയ നാശത്തിൽ നിന്നും ഞാൻ സംരക്ഷിച്ചില്ലേ സാന്ദ്രാ.അത് അവളോടുള്ള സ്നേഹം കൊണ്ടു തന്നെയായിരുന്നു. പക്ഷേ അവൾക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവും.
നോക്കു വിവാഹത്തിന് ശേഷം നീ മാത്രേ ഉള്ളൂ മനസിൽ. ചെയ്ത വലിയ പാപത്തിന്റെ പ്രായശ്ചിത്തം പോലെ ഈ ഫോട്ടോ കൊണ്ടുനടക്കുന്നു ന്ന് മാത്രം.”
അതേ.. വീണ്ടും കഥകൾ.
ഇതിന്റെയൊക്കെയിടയിൽ എന്റെ സ്ഥാനം എന്തെന്നറിയാതെ ഞാനുഴറി.
വീഴാൻ പോകുന്ന പോലെ.
ബലിഷ്ഠമായ കൈകൾ എന്നെ താങ്ങി. ചേർത്തുപിടിച്ചു… എനിക്കതു മാത്രം മതിയായിരുന്നു.