അരയാലിൻ ചുവട്ടിലെ
ചില്ലകൾതൻ മറവിൽ
ആരാരുമറിയാതെ നോക്കിനിന്നു
ആറ്റുനോറ്റൊപെറ്റമ്മതൻ
നെഞ്ചിലഗ്നി നാളമായി മകളെ
നിന്നെയൊരുനോക്കു കാണുവാൻ….
കാണാമറയത്തു കാത്തു നിൽപ്പൂ
വാവിട്ടു കരയുവാനാകാതെ
തീച്ചൂളയിലെരിഞ്ഞടങ്ങിയെങ്കിലെന്നു
സ്വയം ശപിച്ചോരമ്മ ശിലപോലെ നിൽപ്പൂ..
ഈറൻ മുടിയിൽ മുല്ലപ്പൂ ചൂടിയവൾ
തിങ്കൾക്കുടം പോലാണിഞ്ഞൊരുങ്ങി
തോഴിമാരുമൊത്തു മംഗല്യഭാഗ്യത്തിനായി
കൊതിച്ചവൾ നേർന്നു…
ദേവികടാക്ഷവും അനുഗ്രഹവും
നേടുവാൻ…അമ്പലം വലംവെച്ചു നടന്നകലുന്നു
അകലെനിന്നൊരു നോക്കുകാണുവാനെൻ മനംതുടിച്ചു
അണിഞ്ഞൊരുങ്ങിയിറങ്ങും
തന്നോമനമകളെ….
ആരുമറിയാതെ കാണുവാനെൻ
ഹൃദയം കൊതിച്ചു
നെറുകയിൽ ചുംബിക്കുവാനോ
ആലിംഗനം ചെയ്തു ആശീർവദിക്കാനോ
അർഹതയില്ലാത്തൊരമ്മ..,,
പാപിയാം ഈയമ്മ നേരുന്നു..
പൊന്നുമോളെന്നും ദീർഘ സുമംഗലിയായി
സൗഭാഗ്യവതിയായിരിക്കാൻ!
നാളെയവളുടെ മനസമ്മതം
മനസ്സുകൾ തമ്മിലടുത്തൊരു
നിമിഷത്തിൻ ധന്യമാം
അനുഭൂതിപകരും നിമിഷങ്ങൾ
ഏഴാം നാളിൽ മഹനീയ
മുഹൂർത്തത്തിൽ മംഗല്യം നാലാൾ കാൺകെ
വേർപെട്ടുപോയൊരു ബന്ധത്തിൻ
വേരറ്റുപോകാത്തൊരമ്മ
വേദനമാത്രം കൈമുതലാക്കി
മനം നൊന്തു കേഴുന്നു അർഹതയില്ലെങ്കിലും….
അന്നൊരുനാൾ പിഞ്ചുകുഞ്ഞിന്റെ
കൈപിടിച്ചു നടന്നുപോയി
ആ അച്ഛൻ….
പടിവാതിലിറങ്ങുമ്പോൾ
തെങ്ങുന്നോരാമനം
കാണുവാനാകാതെയിരുവരും
പറഞ്ഞകന്നു….
എന്നന്നത്തേക്കുമായ്.
കൊട്ടിയടച്ചു പടിവാതിലെല്ലാം….
ഏതോ ദുർബലനിമിഷത്തിൻ ചിന്തകളിൽ
ദുർവാശിയേറിപ്പിരിഞ്ഞിരുവരും
കൂട്ടിയിണക്കാൻ കഴിയാത്ത കണ്ണികളായി
ഇരുവഴികളിലായിപ്പിരിഞ്ഞവർ എന്നേക്കുമായി…
പൊന്നുമോളെ വീണ്ടുകിട്ടുവാൻ
പലവട്ടം കേറിയിറങ്ങി പടിവാതിലെല്ലാം…..
പലതവണ കൊട്ടിയടച്ചവൾക്കു നേരെ
നിയമങ്ങളെല്ലാം ദുർനടത്ത
കാരിയെന്ന മുദ്രകുതി
പടിയടച്ചു പിണ്ഡം വെച്ചു സ്വന്തം വീട്ടുകാരും….
കാലങ്ങൾ കഴിഞ്ഞു…
പഴുതുകളെല്ലാം അടഞ്ഞു….
ഉള്ളിലെപകയുമെരിഞ്ഞടങ്ങി
അച്ഛന്റെ തണലിൽ വളർന്നവളിന്നു
ചേലൊത്തപെൺകൊടിയായി….
ഇന്നവളുടെ മനസമ്മതം
ഏഴാം നാളിൽ മംഗല്യ സൗഭാഗ്യം
നെയ്ത്തിരി കത്തിച്ചു പടിവാതിൽക്കൽ
തേങ്ങയുടച്ചെതിരേൽക്കുവാൻ….
മണിയറയിലവർക്കു പാലുംപഴവും
കോരി കൊടുക്കാൻ ഈയമ്മക്കാവില്ല മക്കളെ…..
എന്നും മനം നൊന്തു പ്രാർത്ഥിക്കുമീ
നിർഭാഗ്യവതിയാണു നിന്നമ്മ
കണ്ണടയും മുമ്പൊരിക്കലെങ്കിലും
കൺമുന്നിൽ വെച്ചൊന്നു കാണാനും
വാരിപ്പുണരുവാനുവാനും
അവൾക്കിഷ്ടമുള്ളതെല്ലാം കൊതിതീരെ
വാരിക്കൊടുക്കുവാൻ….
മാറോടണക്കുവാൻ….
മടിയിൽ കിടത്തിയുറക്കുവാൻ…
പെറ്റമ്മതൻ മനം നൊന്തു കേഴുന്നു….!

നവാസ് ഹനീഫ്

By ivayana