ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും ബദലായി ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യക്ക് ലഭിച്ചത് ഒരു കോടിയുടെ സമ്മാനം
സൂമിനും ഗൂഗിൾ മീറ്റിനും ബദലായി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാരൻ തയ്യാറാക്കിയ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ആപ്പായ വി കൺസോളിന് ജന്മം നൽകിയ മലയാളിക്ക് കയ്യടിച്ച് ഇന്ത്യക്കാർ. ആലപ്പുഴക്കാരൻ ജോയിയിലൂടെ പിറവിയെടുത്ത വി കൺസോൾ ആപ്പ് വഴിയാകും ഇനി കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കുക. ലോക്ഡൗൺ കാലത്തു കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ് ഇനി ഉയരങ്ങളിലേക്ക് പറപറക്കും.
വി കൺസോൾ എന്ന ആപ്പിന്റെ കണ്ടു പിടുത്തത്തോടെ ടെക്ജൻഷ്യ കമ്പനിക്ക് ഒരു കോടി രൂപയും കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കാനുള്ള മൂന്ന് വർഷത്തെ കരാറുമാണു സമ്മാനമായി ലഭിച്ചത്. ഇതിനായി നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻഐസി) മുഖേന വികൺസോൾ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുമെന്നാണു കരാർ. ഇതിന് 10 ലക്ഷം രൂപ വീതം വാർഷിക മെയിന്റനൻസ് ഗ്രാന്റ് ലഭിക്കും.
‘മേക്ക് ഇൻ ഇന്ത്യ’ വീഡിയോ കോൺഫറൻസിങ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റ്യൻ വിജയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈൻ ലൈവിലൂടെയാണു വിജയികളെ പ്രഖ്യാപിച്ചത്. രണ്ടായിരത്തോളം കമ്പനികളിൽനിന്നു 3 ഘട്ടങ്ങളിലാണു വിജയിയെ പ്രഖ്യാപിച്ചത്. ടെക്ജൻഷ്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി ജോയ് സെബാസ്റ്റ്യൻ. കമ്പനിയുടെ 5 ഡയറക്ടർമാരിൽ ഒരാളൊഴികെ എല്ലാവരും മലയാളികൾ.
പന്ത്രണ്ടായിരത്തിലേറെ കമ്പനികളിൽ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി മാറിയത്. അതും നിരവധി പ്രമുഖ കമ്പനികളോട് ഏറ്റുമുട്ടിയാണ് ഈ ആലപ്പുഴക്കാരന്റെ വിജയം. ചേർത്തല ഇൻഫോ പാർക്കിലുള്ള കമ്പനിയാണ് ടെക്‌ജെൻഷ്യ. ഇന്ത്യയിലെ ചില വൻ കമ്പനികൾ പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു. കേരളത്തിൽ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാൻ സാധിച്ചില്ല.
ആദ്യഘട്ടത്തിൽ ഇതിൽനിന്നു 30 ടീമുകളെ തിരഞ്ഞെടുത്തു. ഓൺലൈൻ പ്രസന്റേഷനു ശേഷം 12 ടീമുകളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. സോഫ്റ്റ്‌വെയറിന്റെ പ്രാഥമികരൂപം (prototype) അവതരിപ്പിക്കുകയായിരുന്നു ആദ്യ ദൗത്യം. അഞ്ച് ലക്ഷം രൂപ സഹായവും ലഭിച്ചു. പ്രോട്ടോടൈപ് അവലോകനത്തിൽ സോഹോ ഉൾപ്പെടെയുള്ളവ പുറത്തായി. ടെക്ജൻഷ്യ അവസാന മൂന്നിൽ ഇടം പിടിച്ചു. സാങ്കേതികത്തികവുള്ള സോഫ്റ്റ്‌വെയറാക്കി മാറ്റാൻ ഒരു മാസമായിരുന്നു സമയം. ഇതിനായി മൂന്ന് ടീമുകൾക്കും 20 ലക്ഷം രൂപ വീതം ഗ്രാന്റ് നൽകി. അവസാന ലാപ്പിലും ടെക്ജൻഷ്യയെ മറികടക്കാൻ മറ്റു രണ്ടു ടീമുകൾക്കുമായില്ല.
ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറുന്നതിനാൽ മീറ്റിങ്ങിനു തടസ്സമുണ്ടാകില്ല. സുരക്ഷ ഉറപ്പാക്കാൻ, മീറ്റിങ്ങിൽ ജോയിൻ ചെയ്യുന്നവർക്ക് ഒടിപി വാലിഡേഷൻ സൗകര്യവുമുണ്ട്. കാലാകാലങ്ങളായി കോടിക്കണക്കിനു രൂപയാണ് വിഡിയോ കോൺഫറൻസിങ് ഉപകരണങ്ങൾ വാങ്ങാൻ സർക്കാരുകൾ മുടക്കുന്നത്. നിലവിൽ വാങ്ങിയിട്ടുള്ള ഏത് ഉപകരണവുമായി ബന്ധിപ്പിച്ചും വികൺസോൾ പ്രവർത്തിപ്പിക്കാനാവും.