കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ ദിനമാണ്.


കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പയ്യം പുനത്തിൽ അലി മുസ്ലിയാരുടെയും മറിയുമ്മടെയും മകനായി ഒരു സാധാരണ കുടുംബത്തിലാണ് സി.എച്ച്. മുഹമ്മദ് കോയ ജനിച്ചത്.കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം.1961 ൽ കെ.എം.സീതി സാഹിബിന്റെ നിര്യാണത്തെ തുടർന്ന് നിയമസഭാ സ്പീപീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.1967-ലെ ഇ.എം.എസ്സ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ പല പുരോഗമനാശയങ്ങളും അദ്ദേഹം നടപ്പിലാക്കി. കേരളത്തിലെ സ്കൂളുകളിൽ വിവിധ കാരണങ്ങൾ കൊണ്ട് തോറ്റു പഠിക്കുന്നവരുടെ ഫീസ് ഒഴിവാക്കി വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.
മുസ്ലീം പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് ഏർപ്പെടുത്തി.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന മുസ്ലീം സമുദായത്തെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ പ്രാഥമിക വിദ്യാലയങ്ങളിൽ മുതൽ യൂണിവേഴ്‌സിറ്റി തലം വരെ അറബി ഭാഷ ഒരു പാഠ്യ വിഷയമാക്കി. ഒപ്പം എല്ലാ വിഭാഗങ്ങൾക്കും അറബി ഭാഷ പഠിക്കാൻ അവസരമൊരുക്കി .അതിന്റെ പ്രതിഫലനമാണ് സഹോദര സമുദായത്തിൽ നിന്നും കേരളത്തിൽ സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിലെ നിരവധി അറബിക് അധ്യാപകരും അറബിക് ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവരും .
ഇംഗ്ലീഷ് ഒഴിച്ചുള്ള ഒരു വിദേശ ഭാഷ കേരളത്തിൽ ഒരേ സമയം പന്ത്രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നത് ലോകത്തിലെ തന്നെ അപൂർവതകളിലൊന്നാണ് .മുസ്ലീം സമുദായത്തിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിൻറെ ഈ നീക്കങ്ങൾക്കു കഴിഞ്ഞു.അത് മാത്രമല്ല മലബാറിലേക്ക് തെക്കൻ കേരളത്തിൽ നിന്ന് വിവിധ മത വിഭാഗങ്ങളിലെ അധ്യാപകരെ വരുത്തിയതും ആളുകളിൽ നിന്ന് സൗജന്യമായി സ്ഥലങ്ങൾ വാങ്ങി സർക്കാർ സ്കൂളുകൾ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമായിരുന്നു .
വിദ്യാഭ്യാസ സംവരണത്തിന്റെ വക്താവായിരുന്നു സി.എച്ച്. മുസ്ലീം സമുദായത്തെ ഒ.ബി.സി.പട്ടികയിൽ ഉൾപ്പെടുത്തിയതും സർക്കാർ ഉദ്യോഗത്തിനു പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയതും മികച്ച ഉദാഹരങ്ങളാണ് . സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൌൺസിൽ എന്നീ സ്ഥാ‍പനങ്ങളിൽ സർവകലാശാലാ വിദ്യാർത്ഥികളുടെ പങ്കാളിത്തം നിലവിൽ വരുത്തിയത് സി.എച്ച്. ആയിരുന്നു. . മലപ്പുറം ജില്ല രൂപവത്കരിച്ചതിന്റെ പിന്നിലെ പ്രേരകശക്തിയും അദ്ദേഹമായിരുന്നു.
കാലിക്കറ്റ് സർവകലാശാല രൂപവത്കരിച്ചത് അദ്ദേഹത്തിന്റെ അശ്രാന്ത ശ്രമങ്ങളുടെ ഫലമായാണ്. കോഴിക്കോട്-മലപ്പുറം അതിർത്തിയിലെ അത്രയൊന്നും വികസിതമല്ലാത്ത ഒരു സ്ഥലം സർവകലാശാല ആസ്ഥാനമായി തിരഞ്ഞെടുത്തതുവഴി ആ സ്ഥലത്തിന്റെ പുരോഗതിക്കും അത് വഴിതെളിച്ചു.മോയിൻ കുട്ടി വൈദ്യരുടെ സ്മാരകത്തിനൊപ്പം പൂന്താനത്തിന്റെയും സ്മാരകം ഉയർത്തിയതും , മുഹറം പത്തും ,പെസഹാ വ്യാഴവും, അഷ്ടമി രോഹിണിയും സർക്കാർ അവധി ദിവസമാക്കിയതുൾപ്പടെ മതേതരത്വം ഉറപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . കേരളത്തിലെ മുസ്ലിം സമുദായത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിൽ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമഫലമാണെന്നു നിസംശയം പറയാം. അദ്ദേഹത്തിന്റെ നർമവും ചിന്താശകലങ്ങളും കലർന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ കാത്തിരിക്കുമായിരുന്നു.മാത്രമോ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ആദ്യ പുസ്തകം ” ലിയാഖത്ത് അലീഖാൻ”,പിന്നീട് “നിയമസഭാ ചട്ടങ്ങൾ” തുടർന്ന് എന്റെ ഹജ്ജ് യാത്ര ,ഞാൻ കണ്ട മലേഷ്യ ,കൊ-ലണ്ടൻ കെയ്‌റോ. ശ്രീലങ്കയിൽ അഞ്ചു ദിവസം, സോവിയറ്റ് യൂണ്യനിൽ,ഗൾഫ് രാജ്യങ്ങളിൽ, ലിബിയൻ ജമാഹിരിരിയിൽ തുടങ്ങിയ യാത്രാവിവരണ ഗ്രന്ഥങ്ങൾ” ഇന്ത്യയിലെ മുസ്ലീം ഭരണകാലം കഥകളിലൂടെ “ഉൾപ്പടെ യുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ യാത്രാവിവരണഗ്രന്ഥങ്ങളെ അപഗ്രഥിച്ച് പത്രപ്രവർത്തകനായ റഹ്മാൻ തായലങ്ങാടി “സഞ്ചാര സാഹിത്യകാരനായ സി.എച്ച്”. എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടാതെ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളും പുറത്തു വന്നിട്ടുണ്ട്
1962മുതൽ 1967 വരെയും 1973 മുതൽ 77 വരെയും ലോക്സഭാംഗമായിരുന്നു .മങ്കട നിയോജക മണ്ഡലത്തിൽ എതിരാളികൾ തോൽപ്പിക്കുമെന്നു പറഞ്ഞപ്പോൾ എങ്കിൽ പ്രചാരണത്തിന് എത്തുന്നില്ല എന്ന് പ്രഖ്യാപിച്ചു അങ്ങനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ചരിത്രം കൂടി അദ്ദേഹത്തിനുണ്ട്. സ്വസമുദായയത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചന്ദ്രിക ദിനപത്രത്തിലൂടെ അദ്ദേഹം നിരന്തരം ശബ്ദിച്ചു. കേരളത്തിൽ ജീവിതത്തിലെ ചുരുങ്ങിയ കാലം കൊണ്ട് എം.ൽ .എ, എം .പി .നിയമ സഭാ സ്പീക്കർ,ആഭ്യന്തരം ,ധനകാര്യം ,പൊതുമരാ മത് ,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി,ഉപ മുഖ്യമന്ത്രി , മുഖ്യമന്ത്രി , അങ്ങനെ ഇത്രയും സ്ഥാനങ്ങൾ വഹിച്ചിരുന്ന മറ്റൊരു നേതാവും കേരള രാഷ്‌ട്രീയത്തിലില്ല .
എങ്കിലും മുഖ്യമന്ത്രി കസേര ഒഴിഞ്ഞു പോകുമ്പോൾ വണ്ടി കൂലിക്കു സഹ പ്രവർത്തകനോട് കടം വാങ്ങി വീട്ടിലേക്കു പോയ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം പുതു തലമുറയ്ക്ക് അത്ഭുതമായി തോന്നാം .സി .എച് 1983 സെപ്തംബര് 28 നു വിട പറയുമ്പോൾ കേരളത്തിന് നഷ്ടമായത് ക്രാന്ത ദർശിയായ ഭരണാധികാരിയെയും ആധുനിക കേരള ത്തിന്റെ നവോഥാന നായകനെയും ആയിരുന്നു .എങ്കിലും അദ്ദേഹത്തിന്റെ സംഭാവനകൾ കേരളം ഉള്ളടത്തോളം നില നിൽക്കും .ഒപ്പം അദ്ദേഹം മുൻപോട്ടു വെച്ച ലാളിത്യം, എളിമ, അഴിമതി വിരുദ്ധ സമീപനം ഒക്കെയും വർത്തമാന കാലത്തു രാഷ്ട്രീയ ക്കാർക്കു ഒന്നടങ്കം മാതൃക ആക്കാവുന്നതാണ് …….✍

അഫ്സൽ ബഷീർ തൃക്കോമല

By ivayana