രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
നീ വരുന്നതും കാത്തുകാത്തുഞാ-
നോമലേയിരിക്കുന്നിതാ
ഭാവതീവ്രമാ,മെന്നനുരാഗ-
മേവമൊന്നെന്തേ യോർത്തിടാ
ആ മണിക്കിനാവെത്രകണ്ടുഞാ-
നാമലർ ശയ്യപൂകുവാൻ
കോമളാധര പീയൂഷംനുകർ-
ന്നാമൃദുമേനി പുൽകുവാൻ
സാമസംഗീതധാരയായെഴും
തൂമയോലും ത്വൽഗീതികൾ
മാമകാത്മ വിപഞ്ചികമീട്ടി-
യാമയങ്ങൾ മറന്നിദം,
ഉൾപ്പുളകമാർന്നേതുനേരവും
ശിൽപ്പഭംഗിയാർന്നാർദ്രമായ്
കൽപ്പങ്ങൾ മഹാകൽപ്പങ്ങൾതാണ്ടി-
യുൽപ്പലാക്ഷീ,പാടുന്നുഞാൻ!
ചോടുകൾവച്ചുദാരശീലയാ-
യോടിയോമൽനീയെത്തവേ;
പാടാതെങ്ങനെയാവുമീയെനി-
ക്കീടുറ്റോരാത്മശീലുകൾ
ജ്‌ഞാനവിജ്ഞനദായികേ,പ്രേമ-
ഗാനലോലേ,സുശീലേയെൻ
മാനസാന്തരവേദിയിൽ നിത്യ-
മാനന്ദ നൃത്തമാടുനീ
ധ്യാനലീനനിൻ പ്രേമസൗഭഗോ-
ദ്യാനമെത്ര സുരഭിലം
പൂനിലാത്തിങ്കൾ പോലവേയെത്തു-
മാ,നൽചിന്തെത്ര മാധുര്യം
ആമഹൽ പ്രണയപ്രഭാവമാ-
ണീമനസ്സിനുജ്ജീവനം
ആ മനോജ്ഞമാം തേൻമൊഴികളാ-
ണോമലേ തൂകുന്നുൻമാദം
ആരറിയുന്നൂ,നിൻവിശാലമാം
നേരുതിരുന്നോരുൾത്തടം
ചാരുമന്ദസ്മിതാഭ പൂണ്ടെത്തും
സാരസോൻമുഖകന്ദളം
വേദസാരസുധാരസം തൂകും,
നാദബ്രഹ്മത്തിൻ സ്പന്ദനം
ആദിമധ്യാന്തമേതുമില്ലാത്തൊ-
രാദിവ്യസ്നേഹ സൗഭഗം
വാരിളംകാറ്റായ് വീശിവന്നക-
താരിൽനീ കുളിർതൂകിടൂ
വാർമഴവിൽപോ,ലാർദ്രമങ്ങനെ;
നീർപെയ്താരുയിരേകിടൂ
ആലിലത്തുമ്പത്തിറ്റി നിൽക്കുമ-
ച്ചേലെഴും മഞ്ഞുതുള്ളിയിൽ
ആലോലംകളിയാടുമക്കുഞ്ഞു
സൂര്യനെപ്പോൽ നീയെത്തിടൂ
നിന്നിലെത്രമേലാഴ്ന്നിറങ്ങിലു-
മുൺമയെന്നതേയുത്തരം!
നിന്നിൽനീയായി നിൽക്കുമുൺമയ-
തെന്നിലെന്നതേയുത്തരം!
കാവ്യദേവതേ,താവകാഗമ-
മാവോ,യെത്രമേൽ സുന്ദരം
പൂർവജൻമത്തിൻ പുണ്യമൊന്നതേ-
യുർവിയിങ്കൽനിൻ സംഗമം
നിൻ്റെകൺകളിൽ കാൺമു,ഞാനെന്നു-
മെൻ്റെയാത്മസൂര്യോദയം
മൃൺമയപ്രഭയാർന്നുയർന്നിടും
ധർമ്മസാരസാന്ദ്രോദയം!
ജീവിതത്തിന്നനന്തഭാവനാ-
ഗീതികൾ സദായേകിയെൻ,
ജീവനെയുത്തരോത്തരംനിജ-
ജീവനിൽ ചേർത്തുനിർത്തിടൂ.