അകലേക്കു പോയവരേ……
നിങ്ങൾക്കവിടെ ശാന്തിയില്ലേ?
അരികിൽ ഞാനെത്തുകയായ്
അവിടെ നിങ്ങൾ സ്വീകരിക്കുകില്ലേ?
അറിഞ്ഞീട്ടും ചെയ്തുകൂട്ടി ഞാൻ
അവിവേകം ക്ഷമിക്കുമല്ലോ?
അതു മറന്നെനിക്കു നൽകൂ…
മാപ്പ്…അർഹനല്ലെന്നറിയാം !
അരുമയായ് നിങ്ങളെന്നേ
സ്നേഹത്താൽ പൊതിഞ്ഞിരുന്നു
ചോരത്തളപ്പിലെല്ലാം മറന്നു
ചതിക്കുഴി ഞാനേറേ കുഴിച്ചു
സമ്പത്തു ഞാൻ കവർന്നു, എന്നിട്ടും
ശത്രുവായ് ഞാൻ വളർന്നു
സർവ്വവും പറിച്ചെടുത്തു, നിങ്ങൾ
വഴിയാധാരമായി മാറി
വഴി തെറ്റി ഞാൻ നടന്നൂ,, ഒടുവിൽ
ഗതികെട്ടു വഴിയടഞ്ഞു
രോഗിയായ് പിടഞ്ഞു വീണു, ആരും
തിരിഞ്ഞൊന്നു നോക്കാതെയായി
അടിതെറ്റി താഴെ വീണു ഞാൻ
അന്നത്തെ തെറ്റിനു ശിക്ഷയായത്
അറിയുന്നു ഞാനീ നിമിഷം മാറാ_
രോഗങ്ങൾ, പ്രതിഫലങ്ങൾ
അകലേക്കു ഞാനും വരുന്നു
അവിടെ നരകമാണെന്റെ സ്ഥാനം !
പറയുന്നു ഞാനിന്നു സത്യം
മനുഷ്യാ….നന്മകൾ മറക്കാതെ നീ….
ഇന്നു നീ ചെയ്യും പുണ്യകർമ്മം
നാളെ നിനക്കതു തിരിച്ചു കിട്ടും
എന്റെയീ ഗതിയൊരു പാഠമാക്കൂ
നേരുന്നു നിങ്ങൾക്കെൻ ശാന്തിമന്ത്രം.

മോഹനൻ താഴത്തേതിൽ

By ivayana