കാറിനുള്ളിൽ പെർഫ്യൂമിന്റെ മണം നിറഞ്ഞിരുന്നു! വരണ്ട അന്തരീക്ഷമായിരുന്നതിനാൽ പുറം കാഴ്ച്ചകൾക്ക് അത്ര ഭംഗിയില്ല! വഴിക്കിരുവശവും നിന്നിരുന്ന വാകമരങ്ങളിൽ ചുവപ്പ് പൂക്കൾ നിറഞ്ഞിരുന്നെങ്കിലും, വെയിലേറ്റ് പൊള്ളിയ ഇലകളിൽ നിന്ന് പച്ചനിറം കുറച്ചെങ്കിലും മങ്ങിയിട്ടുണ്ടായിരുന്നു!
എന്നോടൊപ്പം ആദ്യമായാണ് അവൾ യാത്ര ചെയ്യുന്നത്! വലിയ കണ്ണുകൾക്കും കനമുള്ള പുരികങ്ങൾക്കും ചതുരക്കളം തീർത്ത, കറുത്ത ഫ്രെയിമുള്ള കണ്ണടക്കാലുകൾ തട്ടി, നെറ്റിയിൽ കുരിശു വരച്ചതിന്റെ അടയാളം കുറച്ചെങ്കിലും മാഞ്ഞിട്ടുണ്ടായിരുന്നു. കഴുത്തിൽ സ്വർണ്ണമാലക്ക് പുറമേ, മാതാവിന്റ രൂപം അടയാളപ്പെടുത്തിയ നീലനിറമുള്ള ലോക്കറ്റുള്ള വെഞ്ചരിച്ച മാലയും അവൾ അണിഞ്ഞിരുന്നു.
ചായം പുരളാത്ത നഖങ്ങൾക്ക് തിളങ്ങുന്ന വെളുപ്പ് നിറമായിരുന്നു, ചുണ്ടുകൾക്ക് ഇളം റോസ് നിറവും, മുഖത്തിന് ചന്ദന നിറവുമുണ്ടായിരുന്നു! അവളുടെ മുല്ലപ്പൂ മണമുള്ള പെർഫ്യൂമിന്റെ മണമാണ് കാറിൽ നിറയുന്നത്!
എന്റെ നോട്ടം അവളെ അസ്വസ്ഥതപ്പെടുത്താതിരിക്കാൻ, ഞാൻ പുറത്തേക്ക് നോട്ടം തിരിച്ച് വണ്ടിയോടിക്കുമ്പോൾ, അവളുടെ മുഖത്തുണ്ടായ ഊറിയ പുഞ്ചിരി എന്നിൽ ജാള്യതയുണ്ടാക്കി!
ഗൂഗിൾ മാപ്പ്, വഴി തെറ്റിക്കാതെ തന്നെ സ്ഥലത്തെത്തിച്ചെങ്കിലും, ചെന്നെത്തിയ സ്ഥലം എന്നിൽ അസ്വസ്ഥത പടർത്തി!
‘ജീവനം’ എന്ന പേരിലറിയപ്പെടുന്ന സ്ഥാപനം യഥാർത്ഥത്തിൽ മെന്റൽ ഹോസ്പിറ്റലല്ല; പലരും അങ്ങനെ വിവക്ഷിക്കപ്പെടുന്നുണ്ടെങ്കിലും!
എന്റെ മുഖത്തെ ചോദ്യഭാവത്തിന് മുകളിലേക്ക് തിളങ്ങുന്ന ചിരി സമ്മാനിക്കുകയും, മറുപടി പോലെ കൈത്തലത്തിൽ അമർത്തിപ്പിടിക്കുകയും ചെയ്തപ്പോൾ, തുടർച്ചോദ്യങ്ങളിൽ നിന്നും ഞാൻ വിലക്കപ്പെട്ടു!
അവളുടെ കൈകൾക്കുള്ളിൽ എന്റെ വിരലുകൾ അസ്വസ്ഥതപ്പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു! തിളങ്ങുന്ന ചന്ദനനിറമുള്ള കൈകൾക്കുള്ളിൽ അരിക് പൊട്ടിത്തുടങ്ങിയ നഖങ്ങളുള്ള എന്റെ വിരലുകൾ കറുത്ത് തടിച്ച് വിയർത്തു!
ഡോക്ടറെക്കണ്ട് തിരികെപ്പോരുന്ന വഴി, കിടങ്ങൂർ കവലയിലെത്തുന്നതിന് മുമ്പ്, കരിമ്പ് പാടങ്ങൾക്കുമപ്പുറത്ത് ചുടുകട്ട നിർമ്മിക്കുന്ന ചൂള കണ്ടപ്പോൾ, ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾക്കത് കാണണമെന്ന് പറഞ്ഞു. ഇവിടെ നിന്നും പാലായിലേക്ക് ഇനി കുറച്ച് ദൂരമേയുള്ളൂ!വണ്ടിയൊതുക്കി, ഇടതൂർന്ന് നിന്ന കരിമ്പ് ചെടികൾക്കിടയിലൂടെ ഞങ്ങൾ നടന്നു!
കറുപ്പ് നിറമുളള പുക മുകളിലേക്കുയർന്ന് കൊണ്ടിരുന്നു. ചുവപ്പ് നിറമുള്ള മണ്ണ് വലിയ കൂനകളാക്കിയിട്ടിരുന്നു. മീനച്ചിലാറ്റിൽ നിന്നും മോട്ടോർ വച്ച്, വെള്ളം ചൂളയുടെ ഒരു വശത്തുള്ള വലിയ ടാങ്കിലേക്ക് നിറച്ചു കൊണ്ടിരുന്നു. കാലപ്പഴക്കമുളള മോട്ടോർ കിതച്ചും ആയാസപ്പെട്ടും വലിയ ശബ്ദമുണ്ടാക്കിയാണ് പ്രവർത്തിക്കുന്നത്!
വലിയ കുട്ടകളിൽ മണ്ണ് ചുമന്ന് കൊണ്ട് പോകുന്ന സ്ത്രീകൾ, ഞങ്ങളെക്കണ്ട് അത്ഭുതത്തോടെ നോക്കി! പിന്നെ എന്തൊക്കെയോ അടക്കം പറഞ്ഞ് ചിരിച്ചു! അവരുടെ പല്ലുകളിൽ മുറുക്കാൻ കറയുണ്ടായിരുന്നു.
മുന്നോട്ട് നടന്ന് പോകവേ, കുഴലിന്റെ പൊട്ടലുകളിൽക്കൂടി വെള്ളം മുകളിലേക്കുയർന്നതിൽ മഴവിൽ ദൃശ്യം കണ്ടു!
മീനച്ചിലാറിന്റെ തീരത്ത് വാഹനങ്ങൾ കഴുകാൻ ഇറക്കുന്ന കടവിൽ, മുഖാമുഖം ഞങ്ങളിരിക്കവേ, ആകാംക്ഷക്ക് വിരാമമിട്ട് അവൾ പറഞ്ഞു തുടങ്ങി!
മാഷ് പേടിക്കണ്ട; ഭ്രാന്തൊന്നുമില്ല!
ചിരിച്ചു കൊണ്ടാണ് അവൾ പറഞ്ഞത്!
ഏറെ സ്നേഹിച്ച കൂട്ടുകാരി, തനിക്ക് ഒരു പുരസ്ക്കാരം ലഭിച്ചതിന് ശേഷം മിണ്ടാതായതിനെക്കുറിച്ചും, അകന്ന് പോയതിനെക്കുറിച്ചും, ബാല്യം മുതലേയുളള സുഹൃത്തിന്റെ അകൽച്ച തന്നിലുണ്ടാക്കിയ വിഷാദത്തെക്കുറിച്ചും, ഡിപ്രഷന്റെ പിടിയിൽ നിന്നും രക്ഷ തേടി ‘ജീവന’ത്തിലെത്തിയതിനെക്കുറിച്ചുമൊക്കെ അവൾ സംസാരിച്ചു കൊണ്ടിരുന്നു! ഇത്ര നിസ്സാരമായ ഒരു സംഭവം, ഒരാളിൽ ഡിപ്രഷനുണ്ടാക്കുമോയെന്ന് ഞാൻ അത്ഭുതപ്പെട്ടു! പക്ഷേ, അവളുടെ ശരീരഭാഷയിൽ തെല്ലും നാടകീയതയില്ലായിരുന്നു!
അവളുടെ സംസാരത്തിന് പ്രത്യേക താളമുണ്ടായിരുന്നു! ഗ്ലാസ്സ് താഴെ വീണ് പൊട്ടുന്നതു പോലെയായിരുന്നു ശബ്ദം! പൊക്കമില്ലാത്ത ചെരുപ്പുകൾ അലക്ഷ്യമായിക്കിടന്നിരുന്നു! വെള്ളത്തിൽ മുട്ടാതെ ഉയർത്തി വച്ചിരുന്ന കടും പച്ച നിറമുള്ള വസ്ത്രത്തിന് താഴെ, സ്വർണ്ണ നിറമുള്ള രോമങ്ങൾ തിളങ്ങി!
അവളുടെ കാലുകളുടെയോരത്ത്, നീട്ടി വച്ചിരുന്ന എന്റെ കാലുകളിലെ കുഴിനഖം അവൾ കാണാതിരിക്കുവാൻ ഞാൻ വെള്ളത്തിലേക്ക് കാല് താഴ്ത്തി! നഖത്തിന്റെ പൊട്ടലുകളിലേക്ക് തണുത്ത വെള്ളം കയറി എനിക്ക് നീറിത്തുടങ്ങി!
മാഷേ, എനിക്ക് കരിമ്പ് വേണം!
അവളുടെ ശാഠ്യം ഗ്ലാസ്സ് പോലെ പൊട്ടിച്ചിതറി വീണ് തുടങ്ങി!
കറപിടിച്ച ചിരിയുമായി നിന്ന സ്ത്രീക്ക് ഇരുപത് രൂപാ കൊടുത്ത് കരിമ്പ് വാങ്ങി ഞാൻ വരവേ, അവൾ തന്റെ ഫോണിൽ എന്റെ ചിത്രമെടുത്തു!
മാഷേ, ഇതൊന്ന് നോക്കിക്കേ!
മിനുസമാർന്ന കൈ വിരലുകളാൽ, ചിത്രം വലുതാക്കി കാണിക്കവേ, എന്റെ മുഖം കൂർത്തതും, വികൃതവുമായി കാണപ്പെട്ടതിന്റെ ജാള്യത എന്റെ മുഖത്തേക്ക് പടർന്നിരുന്നു!
അവൾ ചവച്ച് തുപ്പിയിട്ട കരിമ്പിൻ ചണ്ടികളിൽ മീനുകൾ കൊത്തുകയും, ഓരോ നാരുകളായി അടർത്തി, അവർ ആഴങ്ങളിലേക്ക് പോകുകയും വരികയും ചെയ്ത് കൊണ്ടിരുന്നു!
അപ്രതീക്ഷിതമായി അവളെ പരിചയപ്പെട്ട ദിവസങ്ങളേക്കുറിച്ചാണ് ഞാൻ അപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത്!
തിരക്കുകൾ ഒഴിയാതെ നിന്ന ദിവസത്തെ ഒരു രാത്രിയിൽ, അന്നത്തെ ദിവസത്തെ ചെയ്തികളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തി തിരികെ വരവേ, പ്രത്യേകതകളൊന്നുമില്ലാത്ത ദിവസമെന്ന്, ഞാൻ കരുതിയിരുന്നയിടത്തു നിന്നുമാണ് എല്ലാത്തിന്റെയും തുടക്കം!
അന്ന് തിരക്കേറിയ ദിവസമായിരുന്നു! അതാത് ദിവസം ചെയ്യാനുള്ളതും, എഴുതാനുള്ള വിഷയങ്ങളും മറ്റും കൈവെള്ളയിലേക്ക് കുറിച്ചിടുന്ന ശീലം പണ്ടേയെനിക്ക് ഉള്ളതാണ്! എനിക്ക് മാത്രം മനസിലാകുന്ന ഭാഷയിൽ കറുത്ത അക്ഷരങ്ങൾ, അന്ന് വിയർപ്പ് കുടിച്ച് വീർത്ത് പടർന്ന് കിടന്നിരുന്നു!
ഉള്ളം കയ്യിലെ കറുത്ത മറുകിനോട് ചേർന്ന് ഞാൻ താഴ്‌വര എന്ന് എഴുതിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ എഴുതിയ ഒരു ചെറുകഥയുടെ പേര് ഞാൻ എന്തിനായിരുന്നു കൈവെള്ളയിൽ എഴുതിയതെന്ന് സത്യത്തിൽ അപ്പോൾ ഞാൻ മറന്നു പോയിരുന്നു!
ഫെയ്സ്ബുക്കിലെ സാഹിത്യ ഗ്രൂപ്പുകളിൽ കഥകളും കവിതകളും എഴുതിയിടുന്നതോടൊപ്പം അവയെല്ലാം ചേർത്ത് ഒരു പുസ്തകമാക്കാനുളള ശ്രമത്തിലുമായിരുന്നു ഞാൻ! അതിനായി എഴുതിയ താഴ്‌വരയെന്ന കഥ വായിച്ച് നല്ല അഭിപ്രായവും , ചില അംഗീകാരങ്ങളും കിട്ടുകയും ചെയ്തിരുന്നതാണ്!
കഥയുടെ അഭിപ്രായങ്ങൾ എല്ലാവരും പറഞ്ഞു കഴിഞ്ഞതും, ദിവസങ്ങൾ പിന്നിട്ടതുമായിരുന്നതിനാൽ പിന്നെയും കയ്യിലേക്കത് എഴുതി സൂക്ഷിക്കേണ്ടതിന്റെ ആവശ്യമില്ലാത്തതാണ്!
കുറച്ചേറെ നേരം ആലോചിച്ചിട്ടും ഉത്തരം കിട്ടാതെ വന്നതോടെ ഞാൻ ആ വിഷയം ഉപേക്ഷിക്കുകയുണ്ടായി!
നാളത്തേക്കുള്ള കുറച്ച് ജോലികൾ തീർത്തു കൊണ്ടിരിക്കേ, മെസ്സൻജറിൽ എന്നെയും കാത്ത് സന്ദേശങ്ങൾ വന്ന് അടിയുന്നതിന്റെ ശബ്ദം കേട്ടു!
ഏതെങ്കിലും പ്രശ്നങ്ങളിലോ, സങ്കീർണ്ണതകളിലോ മനസ്സ് ആകുലപ്പെട്ട് നിൽക്കുമ്പോൾ, ഒരു ശുഭദിന ആശംസയും സങ്കീർണ്ണതയുടെ കുരുക്ക് അഴിക്കാൻ ഉതകില്ല എന്നറിയാവുന്നതിനാൽത്തന്നെ, സാധാരണ ഇത്തരം സന്ദേശങ്ങൾ അവഗണിക്കാറാണ് പതിവ്!
താഴ്‌വര എന്ന കഥയിലെ അനുഭവങ്ങൾ എന്റെ സ്വന്തം അനുഭവമാണോയെന്നും, ഏലച്ചെടികളേക്കുറിച്ചും, കാടിനേക്കുറിച്ചുമൊക്കെ എഴുതിയിരിക്കുന്നത് എന്റെയും ജീവിതത്തോട് ചേർന്ന് നിൽക്കുന്നുവെന്നുമുള്ള കുറിപ്പായിരുന്നു, മെസ്സൻജറിലുണ്ടായിരുന്ന ഒരു സന്ദേശം!
ജോലിത്തിരക്കിലായിരുന്നതിനാൽ തിരികെ വിളിക്കാമെന്ന് പറഞ്ഞ്, താഴ്‌വര എന്ന് കയ്യിലേക്ക് എഴുതിയിട്ടത് പെട്ടെന്ന് ഓർമ്മ വന്നു!
പിറ്റേ ദിവസം ജോലിക്ക് പോകാനുള്ള തിരക്കിൽ നിൽക്കവേ, മെസ്സൻജറിൽത്തന്നെ ഫോൺ വന്നു!
താഴ്‌വരയെക്കുറിച്ച് സംസാരിച്ച് തുടങ്ങി, വിഷയം കഥയിലൂടെയും, കവിതയിലൂടെയും ഊർന്നിറങ്ങി മെഡിറ്റേഷൻ, പൂർവ്വജന്മം മുതലായവയിലൂടെയെല്ലാം സഞ്ചരിച്ചു!
മനസ്സ് അസ്വസ്ഥതപ്പെടുന്നു; മാഷേ എനിക്കൊരു കഥ അയച്ചു തരുമോയെന്ന് ചോദിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ഇടക്കിടെ വന്ന് തുടങ്ങി!
പതിയെപ്പതിയെ, ഞാൻ എഴുതി വച്ചിട്ടുളള കഥകളെല്ലാം തികയാതെയായി!
അവളോട് പറയാൻ വേണ്ടി, ഞാൻ പുതിയ കഥകൾ സൃഷ്ടിച്ചു തുടങ്ങി! ഒന്നല്ല, രണ്ടല്ല; നൂറ് നൂറ് കഥകൾ! അങ്ങനെയങ്ങനെ അവൾ എന്റെ കഥക്കുട്ടിയായി മാറിത്തുടങ്ങി!
ശബ്ദ സന്ദേശങ്ങളായി ഞാൻ കഥകൾ അയച്ചു തുടങ്ങി!
കാടിന്റെ മക്കളുടെ ആവാസത്തിൽ അതിക്രമിച്ച് കയറിയ നാടിന്റെ മക്കൾ, കാട് കയ്യേറാനായി തീ വക്കവേ, പ്രാണരക്ഷാർത്ഥം ഓടിയ കാടിന്റെ ചെക്കനേയും പെണ്ണിനേയും കുറിച്ച്! കാട്ടുതീയിൽ കരിയുമ്പോഴും കൈകോർത്ത് പിടിച്ച് ഓടി, മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടവേ, ചിറക് മുളച്ച് ഇരട്ടവാലൻ കിളികളായി പുനർജനിച്ചവരെക്കുറിച്ച്!
പ്രണയം വിട്ടൊഴിയാതെ, ഇന്നും ഇരുവരുമൊന്നിച്ച് സായന്തനങ്ങളിൽ, ഈയലുകളെത്തേടി പറന്ന് നടക്കുന്നതിനെക്കുറിച്ച്! നാട് പേടിച്ച് ഇരുളേറുന്നതിന് മുമ്പേ കാട് കയറുന്ന ഇരട്ട വാലൻ കിളികളെക്കുറിച്ച്!
ഈയലുകൾ ശാപമോക്ഷം തേടിയെത്തുന്നവരാണെന്ന് ഞാൻ പറയവേ, ഈയലുകളുടെ കഥയെക്കുറിച്ച് അവൾ ശാഠ്യം പിടിച്ചു തുടങ്ങി!
അങ്ങനെ ഞാൻ ഈയലുകളെക്കുറിച്ച് പറഞ്ഞു തുടങ്ങി!
ചിതൽപ്പുറ്റിനുള്ളിലെ ഒളിവ് ജീവിതം അവസാനിപ്പിച്ച്, ചിതലുകൾക്ക് ചിറക് മുളച്ച് ഈയലുകളായിപറന്നുയർന്ന ദിവസമാണ് കാടിന് തീ വയ്ക്കപ്പെട്ടത്! ചിറക് പൊഴിച്ച് പരിണാമത്തിന് ശ്രമിച്ച ഈയലുകളുടെ കൊഴിഞ്ഞു വീണ ചിറകുകൾ, തീ പടരുന്നതിന് വേഗത കൂട്ടി! ഇരട്ടവാലൻ കിളികളായ ചെക്കനും പെണ്ണും, ഈയലുകളെ ശപിച്ചത്രേ; കുലം തിരിഞ്ഞ് പോകട്ടേയെന്ന്!
അന്ന് മുതൽ കുറച്ച് പേർ ഈയലുകളായും, കുറച്ച് പേർ ചിതലുകളായി പുറ്റിനുള്ളിലും വേർപിരിക്കപ്പെട്ടു! കുലം തിരിഞ്ഞ ചിതലുകൾ രണ്ട് ഗോത്രമായിപ്പിരിഞ്ഞ കഥകളിലേക്കാണ് ഈയലിന്റെ കഥ വളർന്നത്!
പറയൂ മാഷേ, കഥക്കുട്ടിക്ക് ആ കഥ കേൾക്കണം; അവൾ പറഞ്ഞു!
ഒരു കൂട്ടം ചിതലുകൾ ശാപം പേടിച്ച് മണ്ണിനടിയിലേക്ക്, മണൽക്കുഴികളുണ്ടാക്കി ഇറങ്ങുകയും, ഒരു കൂട്ടർ പുറംലോകം കാണരുതെന്ന ഉറപ്പ് പാലിച്ച് കൊണ്ട്, ആകാശത്തേക്ക് ഉയർന്ന വൻമരങ്ങളിലൂടെ മണ്ണിന് മുകളിൽ വാസമാക്കുകയും ചെയ്ത കഥ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു!
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, അവിടെ നിന്ന് വീണ്ടും മറ്റൊന്നിലേക്കായി, ഞാൻ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു!
എന്റെയും അവളുടെയും ലോകം, വലിയ വൃത്തങ്ങളിൽ നിന്ന് ഒരു ബിന്ദുവിലേക്കായി ചുരുങ്ങിത്തുടങ്ങി! ഞാനും അവളും മാത്രമുള്ള വൃത്തം! കഥകൾ അവയുടെ ആരക്കാലുകളായി മാറി!
നാളെ ഞാനൊരു കഥ പറയാമെന്ന് അവൾ പറയവേ, കഥ കേൾക്കാനായി ഞാനും തയ്യാറെടുത്തു! ഒരു യാത്രക്കൊടുവിൽ കഥ പറയാമെന്ന് അവൾ പറഞ്ഞെങ്കിലും, മീനച്ചിലാറിന്റെ തീരത്തിരുന്ന് അവൾക്ക് പറയാനുള്ള കഥയിൽ ‘ജീവനം’ ഒരു കഥാപാത്രമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല!
മാഷേ നേരം വൈകുന്നു, നമുക്ക് പോകണ്ടേ? അവൾ എന്നെ ചിന്തയിൽ നിന്ന് ഉണർത്തി!
ഹോസ്റ്റലിന് മുമ്പിൽ വണ്ടിയിൽ നിന്നിറങ്ങിപ്പോകവേ, നാളെ പുസ്തകോത്സവത്തിന് പോകുന്നതിനെക്കുറിച്ചും, വൈകുന്നേരത്തെ ഗസൽ സന്ധ്യയേക്കുറിച്ചും ഞാൻ അവളെ ഓർമ്മപ്പെടുത്തി!
ഇൻകം ടാക്സ് വകുപ്പിലെ ഉദ്യോഗസ്ഥയായ അവൾ, ആറ് മാസത്തെ അവധിയെടുത്ത് ഉപരിപഠനാർത്ഥമാണ് ഇവിടെയെത്തിയിട്ടുള്ളത്! അന്യജില്ലകളിൽ നിന്ന് പോലും വിദ്യാർത്ഥികളും, ഉദ്യോഗാർത്ഥികളും എത്താറുള്ള സ്റ്റഡി സെന്ററിൽ ജോയിൻ ചെയ്തിട്ട് അധിക നാളായില്ല. നിലവിൽ താമസിച്ചിരുന്ന ഹോസ്റ്റലിൽ നിന്നും മാറി, അവൾക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം തരപ്പെടുത്തി നൽകിയത് ഞാനായിരുന്നു!
ഞങ്ങളുടെ സായന്തന യാത്രകൾക്ക് ശേഷം, പലപ്പോഴും വൈകി ഹോസ്റ്റലിൽ എത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടത്, ഹോസ്റ്റൽ മാറ്റത്തിന്റെ ഒരു പ്രധാന കാരണവുമായിരുന്നു!
പരീക്ഷയിൽ വിജയിച്ചു എന്നറിയുന്ന ദിവസം, കഥക്കുട്ടിക്കായി ഞാൻ ഒരു സമ്മാനം തരുന്നുണ്ട്! ഒരിക്കൽ ഞാൻ പറഞ്ഞു!
പറയൂ മാഷേ, എന്ത് സമ്മാനമാണ്? ആകാംക്ഷ എന്റെ ഹൃദയമിടിപ്പ് കൂട്ടും കേട്ടോ!
കഥക്കുട്ടീ, അതൊരു വരമാണ്! ചോദിക്കുന്നതെന്തും തരുമെന്ന വരമാണ്, എന്റെ സമ്മാനം!
എങ്കിൽ മാഷിന്റെ കഥക്കുട്ടിക്ക്, വിജയത്തിൽ കുറഞ്ഞതൊന്നും ഇനി ചിന്തയിലില്ല! അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു!
‘മാഷിന്റെ കഥക്കുട്ടി’ എന്ന് സംസാരമധ്യേ അവൾ പറയുന്ന ശൈലിയിലൂടെയാണ്, പതിയെപ്പതിയെ അവൾ എന്റെ ഹൃദയത്തിലേക്ക് കയറിത്തുടങ്ങിയത്!
നികുതി വകുപ്പിലെ, എന്റെ ജോലിയിൽ ഞാൻ പ്രമോഷനിലേക്ക് അടുത്തു കൊണ്ടിരിക്കുകയായിരുന്നു! കേവലം പതിനായിരം കിലോമീറ്ററിൽ താഴെ മാത്രം ദൂരം സഞ്ചരിച്ചിട്ടുള്ള എന്റെ കാർ, ഇന്ന് പതിനായിരത്തിന്റെ പല ഗുണിതങ്ങൾ സഞ്ചരിച്ചിരിക്കുന്നു!
എന്റെ സൗഹൃദങ്ങൾ നന്നേ ചുരുങ്ങുകയും, ക്രമേണ അവളിലേക്ക് മാത്രം എത്തപ്പെടുകയും ചെയ്തത് ഞാനറിഞ്ഞു! അവളെ കാണിക്കുന്നതിന് വേണ്ടി മാത്രം, ഞാൻ കാഴ്ച്ചകൾ കണ്ടു തുടങ്ങി, അവളെ കേൾപ്പിക്കുന്നതിന് വേണ്ടി മാത്രം കേട്ടുതുടങ്ങി! അവൾക്കായി മാത്രം എഴുതിത്തുടങ്ങി!
ഗ്രാമങ്ങളിലൂടെ, പട്ടണങ്ങളിലൂടെ, നദീ തീരങ്ങളിലൂടെ, കാനന ഭംഗികളിലൂടെ, ചരിത്രശേഷിപ്പുകളിലൂടെയൊക്കെ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു!
പ്രതീക്ഷിച്ചിരുന്ന പ്രമോഷൻ ലഭിച്ചതിന്റെയന്ന്, ട്രീറ്റിനായി ആഫീസിൽ എല്ലാവരും നിർബന്ധിച്ചെങ്കിലും, മറ്റൊരു ദിവസമാകാമെന്ന് പറഞ്ഞത്, അവൾക്കരികിലെത്താനുള്ള വ്യഗ്രത കൊണ്ടായിരുന്നു!
അവൾക്കൊപ്പമിരുന്ന്, നാനും പനീർ മസാലയും കഴിക്കവേ, അവൾ പറഞ്ഞു; മാഷേ, ഞാൻ വിജയിച്ചിരിക്കുകയാണ്! എല്ലാക്കാര്യങ്ങളിലുമുള്ള സമാനതകൾ പോലെ, നമ്മൾ ഒരേ ദിവസം തന്നെ പ്രമോഷനായിരിക്കുന്നു!
പലകാര്യങ്ങളിലും ഞങ്ങളുടെ ചിന്തകൾ ഒരേ പോലെയായിരുന്നു! ഒരേ പദങ്ങൾ പോലും ഒരേ സമയം തന്നെ പരസ്പരം സംസാരിക്കുന്നതിലൂടെയാണ്, അങ്ങനെയൊരു പ്രത്യേകത ഞങ്ങൾ പോലും ശ്രദ്ധിച്ച് തുടങ്ങിയത്!
ഒരേ നിറങ്ങൾ, ഇഷ്ടങ്ങൾ, സ്ഥലങ്ങൾ എന്നിവയിൽ മാത്രമല്ല; അവൾ എഴുതി തിരുത്താൻ നൽകുന്ന വരികൾ പോലും, ഞാൻ എഴുതാൻ വച്ചതോ എഴുതിയവയോ ആയിരുന്നു! ജോലി സംബന്ധമായി കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങളിൽ നികുതിയും സമാനതകളിൽ ചേർന്നു! ഒരേ വർഷം, ഒരേ മാസം ജനിച്ചു എന്നതും സമാനതകളിൽ ഉൾപ്പെട്ടു!
മാഷ്, ഞാൻ ഇനി പറയാൻ പോകുന്ന കാര്യം, വിഷമമുണ്ടാക്കുമെന്ന് എനിക്കറിയാം! എങ്കിലും പല വിഷയങ്ങളിലും എനിക്ക് ഉപദേശം നൽകാറുള്ള മാഷ്, ആയത് വൈകാരികമാകാതെയെടുക്കണം!
അവളുടെ വാക്കുകളിൽ ഔപചാരികത നിറയുന്നതായി എനിക്ക് തോന്നി!
പ്രമോഷനോടെ, എനിക്ക് നിയമനം കേരളത്തിന് വെളിയിലാണ്! ആന്ധ്രാപ്രദേശിലെ നന്ദ്യാൽ എന്ന സ്ഥലത്താണ് നിയമനം!
എന്റെ കാൽപ്പാദങ്ങളിൽത്തുടങ്ങിയ ഒരു വിറയൽ മുകളിലേക്ക് പതിയെപ്പതിയെ പടർന്ന് കയറുന്നത് ഞാനറിഞ്ഞു!
ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും മാതൃ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യണമെന്നാണ് നിയമം! അവളുടെ ഇളം റോസ് നിറമുളള മിനുസമാർന്ന കവിളിൽക്കൂടി നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നത് ഞാൻ കണ്ടു!
ഒൻപത് ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട നഗരമാണ്, നന്ദ്യാൽ! പരമശിവന്റെ വാഹനമായ നന്ദികേശ്വര പ്രതിഷ്ഠക്ക് പ്രാധാന്യമുള്ള, ചരിത്ര പ്രസിദ്ധമായ ശ്രീ യാഗാന്ദി ഉമാ മഹേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന നന്ദ്യാൽ! അക്ഷരങ്ങളിലൂടെ മാത്രം കോറിയിടപ്പെട്ട നന്ദ്യാലിൽ, എന്നെങ്കിലും ഒരിക്കൽ പോകണമെന്ന് ഞാൻ വിചാരിച്ചിട്ടുള്ളതായിരുന്നു!
പ്രമോഷൻ ഉത്തരവ് അടിയന്തിരമായി നടപ്പാക്കണമെന്ന നിർദ്ദേശമുളളതിനാൽ ഉടനെ തന്നെ പോകേണ്ടിവരുമെന്ന് അവൾ പറയവേ, മൂന്ന് വർഷത്തേക്ക് അവധിയെടുത്ത് ഞാനും ഒപ്പം വരുമെന്ന് പറഞ്ഞത് അവളിൽ അമ്പരപ്പുണ്ടാക്കുകയുണ്ടായി!
അന്ന് തിരികെപ്പോകുമ്പോൾ മൂടിക്കെട്ടിയ ഒരു കനം കാറിനുള്ളിൽ നിറയുന്നത് ഞാൻ അറിഞ്ഞു!
പ്രമോഷൻ ലഭിച്ചതിന്റെ പിറ്റേദിവസം തന്നെ, നീണ്ട അവധിക്കുള്ള അപേക്ഷ ഞാൻ സമർപ്പിച്ചത്, ആഫീസിലുള്ളവരെ അത്ഭുതപ്പെടുത്തി! മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ, പുറത്തേക്കിറങ്ങി മുൻസിപ്പൽ സ്റ്റേഡിയത്തിനുളളിലെ സിമന്റ് പടവുകളിലിരിക്കവേ, മറ്റൊരു നാട്ടിലേക്കുളള പറിച്ചു മാറ്റത്തിന് വേണ്ട തയ്യാറെടുപ്പുകൾ, ഞാൻ കൈവെള്ളയിലേക്ക് കുറിച്ചു തുടങ്ങി!
എനിക്കരികിൽ മുല്ലപ്പൂവിന്റെ മണം നിറഞ്ഞു! വെള്ളയിൽ ഇളം റോസ് നിറത്തിലുള്ള, ജ്യാമിതീയ രൂപങ്ങൾ നിറഞ്ഞ സാരിയിൽ ഒരു മാലാഖയേപ്പോലെ അവൾ നിന്നു!
ഓറഞ്ച് നിറമുള്ള പാക്കറ്റ് തുറന്ന് ഞാൻ നീട്ടിയ കറുപ്പ് നിറമുള്ള സ്മാർട്ട് വാച്ച്, വെള്ളി നിറമുള്ള അവളുടെ വാച്ച് മാറ്റി അണിയുമ്പോൾ, ചന്ദന നിറമുള്ള കൈകളിൽ, വെയിലേൽക്കാതെ സൂക്ഷിക്കപ്പെട്ട, വെളുത്ത പാട് തെളിഞ്ഞ് നിന്നിരുന്നു!
അപ്രതീക്ഷിതമായി അവൾ ചോദിച്ചു; മാഷ് ഓർക്കുന്നോ എനിക്ക് തന്ന വരം? ചോദിക്കുന്നതെന്തും തരുമെന്ന വരം!
യാത്രയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഞാനെടുത്ത് സൂക്ഷിച്ചിരുന്ന പ്രൊവിഡന്റ് ഫണ്ട് വായ്പയുടെ പിൻബലത്തിൽ ഞാൻ പറഞ്ഞു; പറയൂ കഥക്കുട്ടീ, ഏത് ആഗ്രഹവും സാധിച്ച് തരുമെന്ന് ഞാൻ നൽകിയ, വരം ചോദിക്കൂ!
സ്റ്റേഡിയത്തെ ചുറ്റിയടിച്ച പൊടി നിറഞ്ഞ കാറ്റിൽ, എന്റെ മുഖവും, കൈകളും വരണ്ടിരുന്നു! അങ്ങ് ദൂരെയായി കുട്ടികൾ ഹാൻഡ് ബോൾ പരിശീലിക്കുന്നുണ്ടായിരുന്നു. അപ്പോൾ മാത്രം പറന്നുയർന്ന കാറ്റിന് ഹോട്ടലിലെ കറികളുടെ മസാല മണമുണ്ടായിരുന്നു!
മാഷ് എന്നോടൊപ്പം വരരുത്! അതാണ് എനിക്ക് തരേണ്ടുന്ന വരം!
എന്റെ മൂക്കിലും കണ്ണിലും അസ്വസ്ഥത പടർത്തി കാറ്റ് നിറഞ്ഞു. വരണ്ടുണങ്ങിയ മുഖത്തെ സൂക്ഷ്മമായ പോറലുകൾ നീറിത്തുടങ്ങി!
എത്രയോ പ്രമോഷനുകൾ ഇനിയും മാഷെത്തേടി എത്താനുണ്ട്. അപ്രതീക്ഷിതമായ പറിച്ചു നടൽ മാഷിന്റെ എഴുത്തുകളെത്തന്നെ ബാധിക്കും! ഇന്നാട്ടിൽ സ്നേഹിക്കുന്നവർ, ആഫീസിലുള്ളവർ, അങ്ങനെയങ്ങനെ എത്രയോ പേർക്കാണ് മാഷിനെ നഷ്ടപ്പെടുന്നത്! മൂന്ന് വർഷത്തെ ചെറിയൊരു മാറ്റമല്ലേ, അത് വളരെപ്പെട്ടെന്ന് കടന്ന് പോകും! മാഷ് വിഷമിക്കരുത്!
മുല്ലപ്പൂവിന്റെ മണം അകന്നകന്ന് പോയി! മസാലകളുടെ ചെകിടിച്ച മണം മാത്രം നിറഞ്ഞുനിന്നു!
ആഗ്രഹിച്ചതെന്തും നൽകുമെന്ന് ഞാൻ നൽകിയ വരം, ഒടുവിൽ എന്നെത്തന്നെ പുറത്താക്കിയിരിക്കുന്നു!
എന്റെ വിരലരികുകളിൽ നഖത്തിന്റെ മുൾക്കോണുകൾ പുറത്തേക്ക് നിന്നിരുന്നു. മുഖത്തുരഞ്ഞ് പാട് വീഴ്ത്താൻ കാത്തു നിന്ന നഖമുള്ളുകളെ ഞാൻ പൊട്ടിച്ചെടുത്തു!
വിരൽത്തുമ്പുകളിൽ നിന്ന് ചോരനനവ് ഊറിയിറങ്ങി, കൈവള്ളയിലെ എഴുത്തുകളിലേക്ക് പടർന്നു! കറുപ്പും ചുവപ്പും നിറങ്ങളിൽ എന്റെ കൈവെള്ള കുതിർന്നു!
അന്ന് രാത്രി ഞാൻ സ്റ്റേഡിയത്തിന് പുറത്തിറങ്ങിയതേയില്ല! രാത്രി കാവൽക്കാരൻ ഗേറ്റ് പൂട്ടാനെത്തുമ്പോൾ, സിമന്റ് പടവുകളിൽ ഞാൻ പതുങ്ങിക്കിടന്നു!
രാത്രിയിലെ മഞ്ഞുവീഴ്ച്ചയിൽ നനയവേ, എന്റെ ശരീരം കുളിർന്നു, തൊണ്ടക്കുഴിയിൽ കഫത്തിന്റെ നൂലുകൾ വലിഞ്ഞു! നന്നേ ശ്രമിച്ച് ഞാൻ ശ്വാസം വലിച്ച് തുടങ്ങി! സന്ധികളിൽ വേദന നിറഞ്ഞു! രാവിലെ ഗേറ്റ് തുറക്കുന്നതും കാത്ത് ഞാൻ ഇരുന്നു!
അവധി ഒരു മാസത്തേക്ക് ആക്കി പുതിയ അപേക്ഷ നൽകി, ഞാൻ പുറത്തിറങ്ങവേ, പതിവ് പോലെ പരിഹാസച്ചിരി മാത്രം നടത്തുന്നവർ അമർത്തിച്ചിരിക്കുന്നത് ഞാൻ കണ്ടു!
തലക്കുള്ളിലെ മൂളൽ വർദ്ദിച്ച് വരികയാണ്. കണ്ണിന് ചുറ്റും ഇരുട്ട് പടർന്നിറങ്ങുന്നു! ബെഡ്ഡിന്റെ തണുപ്പിലേക്കമർന്ന് ഞാൻ അട്ടയെപ്പോലെ ചുരുണ്ട് കിടന്നു!
അരികുകൾ പൊട്ടിക്കൊണ്ട്, നഖം വളർന്നു തുടങ്ങി! ചായം പുരളാതെ മുടിയും താടിയും ബ്രൗൺ നിറമാകുകയും, ക്രമേണ വെളുത്ത നിറം പ്രാപിക്കുകയും ചെയ്തു!
ഓർമ്മകൾക്ക് മുകളിൽ കൊഴുത്ത ദ്രാവകം നിറയുന്നതു പോലെ, വഴുക്കിത്തുടങ്ങി!
അക്ഷരങ്ങളും പദങ്ങളും ഞാൻ മറന്നു! എന്റെ കൈകൾ ശോഷിക്കുകയും, മുഖം വീണ്ടും കൂർത്ത് വികൃതമാകുകയും ചെയ്തു!
വെള്ളയിൽ നീല നിറത്തിലെഴുതിയ ഇൻകം ടാക്സ് എന്ന കേന്ദ്രസർക്കാർ ആഫീസിന്റെ പേര് പേര് തെരയവേ, കറുത്ത നിറമുള്ള എന്റെ കണ്ണടയുടെ ഫ്രയിം, അളവുകളുടെ വ്യതിയാനത്തിൽ പിടിച്ച് നിൽക്കാനാകാതെ, മുഖത്ത് നിന്ന് ഊർന്നിറങ്ങി!
സാർ, ഞാൻ സംസ്ഥാന നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്! ഇവിടെ ജോലി ചെയ്തിരുന്ന ജെസ്സി ഫ്രാൻസിസിന്റെ മേൽവിലാസം ഒന്ന് തരുമോ?
ജെസ്സിയോ? അങ്ങനെയൊരാൾ ഇവിടെ ജോലി ചെയ്തിരുന്നില്ലല്ലോ!
ഈയിടെ ആന്ധ്രാപ്രദേശിലേക്ക് പ്രമോഷനായി പോയ ആളെക്കുറിച്ചാണ് സാർ, ഞാൻ ചോദിക്കുന്നത്!
ഓ.. അത് ജെസ്സിയല്ല; ബിനീറ്റയാണ്, ബിനീറ്റ ഗ്രിഗറി! പ്രമോഷനായതല്ല; അവർ അവിടേക്ക് സ്വയം ട്രാൻസ്ഫർ വാങ്ങിപ്പോയതാണ്! മറ്റ് വ്യക്തിപരമായ വിവരങ്ങൾ നൽകുവാൻ സാധിക്കുകയില്ല, ക്ഷമിക്കണം! ആ ആഫീസർ തിരക്കിലേക്ക് കയറവേ, ഞാൻ പുറത്തേക്ക് നടന്നു.
ലിഫ്റ്റ് ഉപയോഗിക്കാതെ, ഓരോ പടികളായി ഞാൻ ഇറങ്ങിത്തുടങ്ങി. ഓരോ പടികളിറങ്ങുമ്പോഴും, എന്റെ മുഖത്തേക്ക് ചിരി വന്നു തുടങ്ങി!
ആദ്യം ഇടത് ചുണ്ട് കോട്ടിയും, പിന്നെ വലത് ചുണ്ട് കോട്ടിയും ഞാൻ ചിരിച്ചു! ചിരിയോടൊപ്പം വച്ച ഒരു കനമുള്ള കാലടിയിൽ ഉലഞ്ഞ് പല്ലുകൾക്കിടയിൽ എന്റെ നാവ് ഞെരിയുകയും, ചോരയുടെ രുചി നാവിൽ നിറയുകയും ചെയ്തു!
അവസാന പടിയിറങ്ങി, കാറിനരികിലേക്ക് നടക്കുമ്പോൾ, ഞാൻ പൊട്ടിപ്പൊട്ടി ചിരിച്ചു! ഉറക്കെയുറക്കെ ചിരിച്ചു കൊണ്ട്, ഡോർ തുറന്ന് അകത്ത് കടന്ന് വേഗതയിൽത്തന്നെ ഞാൻ വണ്ടിയോടിച്ചു!
എന്നിലേക്കെത്തുന്ന ശത്രുവിനെ ഞാൻ തിരിച്ചറിയുകയാണ്. എത്രയും വേഗം അതിന്റെ പിടിയിൽ നിന്നും പുറത്ത് കടക്കണം!
ഇടതു കൈ കൊണ്ട് സീറ്റിലേക്ക് അടിച്ചടിച്ച് ഞാൻ ചിരിച്ചു കൊണ്ടിരുന്നു!
വഴിക്കിരുവശവും നിന്നിരുന്ന വാകമരങ്ങളിൽ ചുവപ്പ് പൂക്കൾ നിറഞ്ഞിരുന്നെങ്കിലും, വെയിലേറ്റ് പൊള്ളിയ ഇലകളിൽ നിന്ന് പച്ചനിറം കുറച്ചെങ്കിലും മങ്ങിയിരുന്നത് ഞാൻ ശ്രദ്ധിച്ചു!
വണ്ടി നിർത്തിയിറങ്ങവേ, വേനൽച്ചൂട് നിറഞ്ഞ കാറ്റ് എന്നെക്കടന്ന് പോയി! അതിവേഗം നടകൾ കയറി, അപ്പോയിന്റ്മെന്റ് എടുത്ത് കാത്തിരിക്കവേ, നഴ്സ് എന്നോട് ചോദിച്ചു; പേഷ്യന്റ് വന്നിട്ടുണ്ടോയെന്ന്!
ചുണ്ടുകൾ കോട്ടിച്ചിരിച്ചു കൊണ്ട് തന്നെ, ഉണ്ടെന്ന് ഞാൻ പറഞ്ഞു!
‘ജീവനം’ എന്ന പേരെഴുതിയ ചീട്ട് ചെറുതായി ചുരുട്ടി, വലത് കണ്ണ് അടച്ചു പിടിച്ച്, ഇടതു കണ്ണിന് മുമ്പിൽ വച്ച്, ഞാൻ കൺമുമ്പിലൊരു വൃത്തം സൃഷ്ടിച്ചു!
പിന്നെ, ഞാൻ മാത്രം കണ്ട വൃത്തത്തിലൂടെ പുറം കാഴ്ച്ചകൾ നോക്കി ചിരിയോടെ ഇരുന്നു…!

By ivayana