” ചില ജീവിതങ്ങൾ കൂട്ടി
വായിക്കുമ്പോൾ “
എത്ര പെട്ടെന്നാണ്
ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെ
രണ്ട് പൂവുകൾക്കിടയിൽ കൊടുങ്കാറ്റും
പേമാരിയും ചിതറിവീണ്
രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്
കുതറിവീഴുന്നത് .
ജീവിതം വീണ്ടും കൂട്ടിവായിക്കുമ്പോൾ
ഒരു വീട്ടിലെ രണ്ട് മുറികൾക്കിടയിൽ
ഒരു കടൽ പ്രക്ഷുബ്ധമാവുന്നത്
രണ്ട് ഗ്രഹങ്ങളിലെന്ന പോലെ
അന്യമാവുന്നത്.
.
ഒരേ അടുക്കളയിൽ രണ്ട് അടുപ്പുകൾ
പിറക്കുന്നത് . രണ്ട് ഭൂപടങ്ങളിലെ
ചോരയിറ്റുന്ന വാക്കുകളായ്
തലകുത്തി മറിയുന്നത്.
കലമ്പി പിരിയുന്നത്.
.
മക്കളുടെ സ്വപ്നങ്ങൾക്ക് നിറം
കൊടുത്ത് പ്രതീക്ഷകൾക്ക് കുട പിടിച്ച്
പാതി മരവിച്ച വീടിനുള്ളിൽ നിന്നും
അച്ഛനും , അമ്മയും പടിക്ക് പുറത്ത്
അനാഥമാകുന്ന രണ്ട്
കണ്ണുനീർത്തുള്ളികളാവുന്നത്
ചവിട്ടിമെതിക്കപ്പെടുന്ന രണ്ട്
പാഴ് വാക്കുകളാവുന്നത് .
എത്ര പെട്ടെന്നാണ്
ചേർത്ത്പിടിക്കലുകൾ നഷ്ട്ടമായ
മലവെള്ളപ്പാച്ചിൽ പോലെ
ചില ജീവിതങ്ങൾ
രണ്ട് തുരുത്തുകളിലേക്ക് വഴുതി മാറി
നെഞ്ച് കുത്തിപ്പിടയുന്നത് .
ഒരു പക്ഷെ ഇലകൾക്കിടയിൽ വീണ്
ഉരുകിയൊലിക്കുന്ന മഞ്ഞ്തുള്ളികളെ
നമ്മൾ കാണാറേയില്ല കൊടും വെയില്
തൊടുമ്പോൾ വീണ്ടുമവ ചതഞ്ഞരഞ്ഞ്
ഒരോർമ്മക്കുറിപ്പ് മാത്രമാവുന്നതും
നമ്മളറിയാറേയില്ല…….
” വിശപ്പ് “
ചാറ്റൽമഴ നനയുന്ന നട്ടുച്ച.
നക്ഷത്രങ്ങൾ ഭൂമിയിലേക്ക്
.പറിച്ച് നട്ടത് പോലെ
.പുതുവസ്ത്ര തിളക്കങ്ങൾ വെയില്
കുത്തിവരയുന്ന മരക്കൂട്ടങ്ങൾക്കിടയി
ലൂടെ ഓണപ്പൊട്ടന് പിന്നാലെ
ചിതറിയോടുന്ന കുട്ടികളുടെ
കൂക്കിവിളികൾ.
അനാഥത്വത്തിന്റെ മുഖത്തെഴുതിവച്ച
വായിച്ചെടുക്കുവാനാവാത്ത വരികൾ
ഓണാരവങ്ങളിൽ തൊട്ട് ഒറ്റയ്ക്ക്
നിന്ന് പിടഞ്ഞു .
“പയ്ക്ക്ന്നമ്മേ ” മുഷിഞ്ഞ
സാരിതുമ്പിൽ തൂങ്ങി കുഞ്ഞ് കിതച്ചു .
നെഞ്ചിൽ വീണ് കുതറുന്ന
ഇടിമുഴക്കങ്ങൾ നീണ്ട് നീണ്ട്
ആകാശം കുത്തിപ്പൊളിച്ച് കാറ്റ്
ചിതറിവീണ കരിയിലകൾക്കിടയിൽ
മുഖം പൊത്തി കുതറി .
ചളി പുതഞ്ഞ ഇടവഴി പിന്നിട്ട്
അടുത്ത വീട്ടിലേക്ക് അവൾ കയറി
പട്ടുസാരിയിൽ പൊതിഞ്ഞ
പ്രൌഡയുടെ കണ്ണുകളിൽ അഗ്നി
ചിതറി. വാക്കുകൾ തലച്ചോറ് പിളർത്തി
ചത്ത കണ്ണുമായ്
.കോണിപ്പടികളിറങ്ങുമ്പോൾ
ചുവരിൽ അവൾ കണ്ടു
“മാതാഅമൃതാനന്ദമയീ ദേവിയുടെ “
ചില്ലിട്ട ഫോട്ടോ………….

ഷാജു. കെ. കടമേരി

By ivayana