ഒരിക്കലും പറയാതെ മനസ്സിൽ കാത്തുവെച്ച ഇഷ്ടത്തിന്… ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു കത്തുന്ന നെയ്ത്തിരി പോലൊരു നീറുന്ന സ്നേഹത്തിനവകാശിയായിട്ടുണ്ടോ നിങ്ങൾ
എന്നെങ്കിലും ഒരിക്കൽ അവൻ /അവൾ അത് തിരിച്ചറിയും എന്നൊരു തോന്നലിൽ ഹൃദയത്തിൽ ഒരിഷ്ടം എന്നോ അവർക്കായി മാറ്റിവെച്ചവർ
അറിഞ്ഞിട്ടും നഷ്ടപ്പെടാൻ വയ്യാത്തത് കൊണ്ട്‌ അറിയാത്ത പോലെ കൂടെ നടക്കുന്ന കുഞ്ഞു കള്ളങ്ങളുടെ കേദാരങ്ങൾ പോലെ ചിലർ കൂടെയില്ലേ ചിലർക്കെങ്കിലും
ഒരിക്കലെങ്കിലും തുറന്ന മനസോടെ ഹൃദയത്തിൽ ചേർത്ത് വെയ്ക്കുമെന്ന് കരുതി ആ സ്നേഹത്തിന്റെ കാലടിപ്പാടുകൾ മിണ്ടാതെ പിന്തുടർന്ന് പോയിട്ടില്ലേ !നിങ്ങൾ??
ഉള്ളിലൊരു കടലോളം സ്നേഹം തിരയടിക്കുമ്പോഴും നഷ്ടമാവുമെന്ന പേടികൊണ്ട് നിശ്ശബ്ദയായി വെറും,,,പരിചിത,,മാത്രമായി ഒരാൾക്കൊപ്പം കൂട്ടിരുന്നിട്ടുണ്ടാവില്ലേ ചിലർഇടയ്ക്ക് കാരണങ്ങളൊന്നുമില്ലാതെ എവിടെയോ അയാൾ മറയുമ്പോൾ ഒട്ടും കാണാതെയാവുമ്പോൾ അക്ഷരങ്ങൾ പോലും പിടിതരാതെ നെഞ്ചിടിപ്പിന്റെ താളം തെറ്റി മനസ്സ് ശ്വാസം മുട്ടി പിടഞ്ഞിട്ടുണ്ടാവില്ലേ അവർക്ക്
ഓരോ ഇലയനക്കങ്ങളിലും ഓരോ കുഞ്ഞു ശബ്ദങ്ങളിലും പോലും അത് അയാളാണോ എന്നോർത്തു മനസിന്റെ പടിവാതിൽ തുറന്നു സ്നേഹത്തിന്റെ മെഴുകുതിരി വെട്ടം കൊതിച്ചു നിരാശയോടെ മിഴി തുളുമ്പി പോയിട്ടുണ്ടാവും
നിനയ്ക്കാത്ത നേരത്ത് അലിവൂറുന്ന ആ വിളിയൊച്ചയിൽ നെഞ്ചിടിപ്പോടെ മനസ്സ് തേങ്ങി ഒറ്റയ്ക്കായിപ്പോയ കുഞ്ഞിനെപ്പോലെ ഒരാന്തലോടെ കൂടെയിരിക്കുമ്പോൾ മനസാർത്തു കരഞ്ഞിട്ടുമുണ്ടാവും
ചില സ്നേഹബന്ധങ്ങൾ അങ്ങനെയുമാണ് ഒരിക്കലും കൈവിട്ടു കളയാൻ പറ്റില്ല ഒന്നായില്ലെങ്കിലും ഒരകലം വെച്ച് സ്നേഹിക്കും തീവ്രമായ് തന്നെ
അയാൾ ഒരിക്കലും നെഞ്ചോട് ചേർത്ത് ഓമനിക്കില്ലെങ്കിലും നെഞ്ചിലെ മിടിപ്പിൽ തന്നെ കാത്തു വെച്ചിട്ടുണ്ടാവും അണയാത്ത സ്നേഹമായി ആ ഓർമ്മകൾ
ഒരുപാട് സ്വപ്‌നങ്ങൾ കാണാനൊരാകാശവും സ്വപ്നങ്ങൾക്ക് പറന്നുയരാനൊരു ചിറകുംസ്വയം തുന്നി നൽകിയിട്ടുണ്ടാവും
ഒന്നിച്ചു തന്നെ നടക്കുന്നുണ്ടാവും പക്ഷെ നിഴലനക്കങ്ങളിൽ പോലും തൊട്ടശുദ്ധമാക്കാൻ ശ്രമിക്കാതെ സ്നേഹമായി നിലാവായി ഒരാൾ…
ഒരുനാൾ എല്ലാ പ്രതിരോധവും തകർന്ന് വീഴുമെന്നറിഞ്ഞു പേടിയോടെ ഒരകലം കാക്കുന്നവർ ഒരിക്കലും ഒന്നായ് ചേരാതെ സാമാന്തര രേഖപോലെ രണ്ട് സഞ്ചാരികൾ മാത്രമാവാൻ വിധി തിരഞ്ഞെടുത്ത ഹതഭാഗ്യർ നമ്മളെപ്പോലെ
അറിയാതെയെന്നോണം വന്നുപോവുന്ന വാത്സല്യം നിറഞ്ഞ ഒരു വിളിയിൽ നീയെനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ ആളെന്നു പറയാതെ തന്നെ ഉറക്കെ പറയുന്നവർ
ഹൃദയത്തുടിപ്പുകൊണ്ട് സുരക്ഷയുടെ അടയാളപ്പെടുത്തലാണ്
എന്നിൽ നീയുണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ കൊണ്ട് അവർ എന്നോ നമ്മെ അവരുടെ സ്നേഹത്തിന്റെ തടവിലാക്കിയതാണ്
ഇടയ്ക്ക് മനസ്സ് മറന്നോ എന്നൊരു ചോദ്യത്തോടെ നോക്കിയാൽ മതി അതിനു ഞാൻ മരിക്കണമെന്ന് മിഴിമുന കൊണ്ട്
ഉത്തരമോതുന്നവർ

കൈക്കുമ്പിളിലെ തീർത്ഥ ജലം പോലെ സ്നേഹം തൂവുന്ന ഹൃദയവുമായി ഇഷ്ടത്തിന്റെ ഒരുകടൽ ആത്മാവിൽ കൊത്തിവെച്ച് എത്ര പേരാവുംആരോരുമറിയാതെ മൃതിയുടെ കൈപിടിച്ച് എങ്ങോ പോയ്‌ മറഞ്ഞിരിക്കുക
❤️ മീനു

By ivayana