പമ്പാനദിയും അച്ചന്കോവിലാറിന്റെ കൈവഴിയും ഒന്നിച്ചു ചേർന്ന് ആലപ്പുഴയിലേക്ക് ഒഴുകുന്ന വഴിയിൽ തണ്ടപ്രാ ബോട്ട് ജെട്ടിക്കു കിഴക്കുവശം പാണ്ടിക്കു പടിഞ്ഞാറുവശം, അതിവിജനമായ വെള്ളം മാത്രം നാലുചുറ്റും കാണപ്പെടുന്ന നദീസംഗമങ്ങൾക്ക് വേദിയാണ് തണ്ടപ്രാ പുങ്ക് .
രാത്രിയാമങ്ങളിൽ പുങ്കിൽ നിൽക്കുന്ന വെന്തേക്കും മറ്റുമരങ്ങളുമൊക്കെ നിലാവെളിച്ചത്തിൽ പ്രേതസ്മരണകളുണർത്തി തലയുയർത്തി നിൽക്കുന്നത് കണ്ടാൽ ആരും ഭയന്നുപോകും. എങ്കിലും പുങ്കിനു പടിഞ്ഞാറേക്കരയിൽ ഒരു കുടുംബം ഉണ്ട്. ഒരു ചായക്കടയും. അത് കുഞ്ചയുടെ ചായക്കടയാണ്. കൊയ്ത്തു കാലത്തു കുഞ്ചയുടെ ബോണ്ടയും കേക്കും വളരെ പ്രസിദ്ധമാണ്. ആനാരിയിലും മറ്റു പ്രദേശങ്ങളിലും ഉള്ളവർ കൊയ്യാൻ കെട്ടുവള്ളങ്ങൾ തുഴഞ്ഞുപോകുന്നത് ഞങ്ങളുടെ മുന്നിലെ തോട്ടിൽക്കൂടിയായിരുന്നു. വളരെ വെളുപ്പാൻകാലത്തു കൊയ്ത്തുകാർ വള്ളം തുഴഞ്ഞു പോകുന്നത് വീട്ടിൽ കിടക്കുമ്പോൾ കേൾക്കാം, ബ്ലും ബ്ലും എന്ന ഒരേ താളത്തിൽ തുഴവീഴുന്ന ആ ശബ്ദം അങ്ങ് ദൂരെപ്പോയി നിർത്തില്ലാതാകുന്നത് വരെ ശ്രവിച്ചുകിടക്കുന്നതു ദിനചര്യയുടെ ഭാഗമായിരുന്നു അന്നൊക്കെ.
തണ്ടപ്രാ ജെട്ടിക്കു മറ്റൊരു പേരുകൂടിയുണ്ട് , കുഞ്ചയുടെ ജെട്ടി. അക്കാലത്തു വെട്ടുകൊളഞ്ഞി കടത്തുകടവ് വിട്ടാൽ പിന്നെ തകഴിയെത്തുന്നതു വരെ ഈ ഒരു ചായക്കടമാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടനാട്ടിൽ പണ്ട് കേവുവള്ളങ്ങൾ വാണിജ്യ സാധനങ്ങളുമായി പോയിരുന്ന കാലത്തു കെട്ടുവള്ളങ്ങളിൽ എത്തുന്നവർക്ക് കുഞ്ചയുടെ ചായക്കട ഒരനുഗ്രഹമായിരുന്നു. പുങ്ക് എന്ന ഭീതിജനകമായ ഈ പ്രദേശത്തു പ്രകൃതിയോട് , അതായതു നാലുവശത്തും നിന്നും നദികൾ സംഗമിക്കുന്ന ഈ ഭാഗത്തു വെള്ളപ്പക്ക കാലമൊക്കെ അതിജീവിച്ചു ഇവിടെ ഒരു കടയും തുടങ്ങി ജീവിച്ച കുഞ്ചയുടെ കുടുംബവും അവരുടെ ധൈര്യവും എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അമ്പലപ്പുഴ സൈന്യവും കായംകുളം രാജാവിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നിരവധി സൈനികർ അരിഞ്ഞു വീഴ്ത്തപ്പെട്ട അഗാധമായ നദീഭാഗമാണ് പുങ്ക് എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. രാത്രി ആ ഭാഗത്തൂടെ പോകുമ്പോൾ അലർച്ചകൾ കേട്ടിട്ടുണ്ട് എന്ന അതിശയോക്തി കലർന്ന കഥകൾ കേട്ട് തലവഴി പുതപ്പും ചൂടി പേടിച്ചു കിടന്നിട്ടുണ്ട് ചെറുപ്പത്തിൽ ഞാൻ. പുങ്കിൽ നിന്നും തെക്കോട്ടു തിരിഞ്ഞാൽ ചെറുതന വഴി കായംകുളം കായലിലേയ്ക്കും , കിഴക്കോട്ടു തിരിഞ്ഞാൽ പാണ്ടിവഴി മാന്നാറിലേക്കും , വടക്കോട്ടു പോയാൽ കേളമംഗലം,തകഴിവഴി ആലപ്പുഴയിലേക്കും പടിഞ്ഞാട്ടു തിരിഞ്ഞാൽ കുന്നുമ്മ വഴി പുറക്കാട്ടേക്കും എത്തപ്പെടാം. പമ്പയും അച്ചൻകോവിലും ധാരാളമായി എക്കൽ നിക്ഷേപിക്കുന്ന ഇതിന്റെ നാലുപുറങ്ങളിലും ഉള്ള പാടങ്ങൾ നൂറും അറുപതും മേനി നൽകുന്ന പാടശേഖരങ്ങളാണ്.
കോട്ടയം മാന്നാർ , കോട്ടയം ആലപ്പുഴ , ആലപ്പുഴ പായിപ്പാട് ബോട്ട് സർവീസുകൾ ഉണ്ടായിരുന്ന പഴയകാലത്തു പുങ്കിനു വലിയ സ്ഥാനം ഉണ്ടായിരുന്നു. കുട്ടനാട്ടിൽ കൊയ്ത്തിനു പോയി വരുമ്പോൾ വല്യമ്മച്ചി കുഞ്ചയുടെ കടയിലെ ബോളിയും ബോണ്ടയും കേക്കും വാങ്ങി കൊണ്ടുവരുമായിരുന്നു. ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദായിരുന്നു അവയ്ക്കെല്ലാം .
ഒരിക്കൽ കേടായ ഞങ്ങളുടെ പുഞ്ചയിൽ വെള്ളം വറ്റിക്കുന്ന ഇരുപതു ഹോഴ്സ്പവർ മോട്ടോർ റീ വയന്റിങ് ചെയ്യിക്കാൻ തകഴിയിൽ പോയിട്ട് ഏകദേശം പത്തുമണി കഴിഞ്ഞു പുങ്കിലൂടെ കൊച്ചുവള്ളം തുഴഞ്ഞു ഒറ്റയ്ക്ക് വന്ന ഒരു ഏക്സ്‌പീരിയൻസ് ഉണ്ട് എനിക്ക്. തകഴിയിലെ പ്രസിദ്ധനായ എൻജിനീയർ ചന്ദ്രൻ ചേട്ടനാണ് കുട്ടനാട്ടിലെ മോട്ടോറുകൾ അക്കാലത്തു റിപ്പയർ ചെയ്യന്നത് . അവിടെ കാലത്തു ചെന്നതാണ് ഞാൻ. സന്ധ്യയായി , രണ്ടാമത്തെ ബോട്ടും പോയി. എന്നോട് അവിടെ കിടന്നുകൊള്ളൂ , കാലത്തു ബോട്ടിൽ പോകാം എന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ അവരുടെ ഒരു കൊച്ചുവള്ളത്തിൽ കയറി ഞാൻ തിരിക്കുകയായിരുന്നു; വീട്ടിലേക്ക് . തകഴിയിൽ നിന്നും മുക്കാൽ മണിക്കൂർ തുഴഞ്ഞാൽ പുങ്കിലെത്താം. ഒഴുക്ക് അനുകൂലമല്ലാത്തതിനാൽ കൂടുതൽ സമയം എനിക്ക് വേണ്ടിവന്നു. ആറ്റിന്റെ കരയോടു ചേർത്ത് തുഴയുന്നതു രാത്രിയിൽ അപകടമാണ്. വല്ല ഇഴജന്തുക്കളും കയറിവന്നേക്കാം എന്നതുകൊണ്ട് അല്പം അകറ്റിയാണ് ഞാൻ തുഴഞ്ഞുപോകുന്നത്. ഞാൻ ഒറ്റക്കെയുള്ളതിനാൽ ഒരു ഭയം എന്നിൽ പുങ്കടുക്കാറാകുംതോറും അരിച്ചുകയറിത്തുടങ്ങി. ഒരു ധൈര്യത്തിന് ഞാൻ മൂളിപ്പാട്ട് പാടിക്കൊണ്ടാണ് തുഴയുന്നത്. ഇടക്കെപ്പോഴോ ചത്തുമലച്ച ഒരു പുളകന് വടക്കോട്ടു ഒഴുകിപ്പോകുന്നു. ആ സ്മെല്ലടിച്ചപ്പോൾ മനസ്സിൽ ഒരു ഭയം വന്നു; ഇനി വല്ല ശവമോമറ്റോ ആണോ ഒഴുകുന്നത് ? ഞാൻ ആഞ്ഞുതുഴഞ്ഞു.
ഇരുട്ടത്ത് ഒറ്റയ്ക്ക് കൊച്ചുവള്ളം തുഴഞ്ഞു വരണം, പുങ്കിന്റെ ഭാഗത്തുകൂടി. ചുറ്റുപാടും നിലാവെട്ടത്തു നദിമാത്രമേ കാണൂ. വിജനമായ ആ പ്രദേശത്തു മരിച്ചുവീണ സൈനികരുടെ ആർത്തനാദം പോലെ കൊളക്കോഴി കൂവും. അങ്ങ് ദൂരെ കരയിലേക്ക് നോക്കിയാൽ ഒരു വിളക്കോ വെട്ടാമോ കാണുകയില്ല.
ചിലപ്പോൾ വലയിടുന്ന വള്ളക്കാരോ , കൊഞ്ചുകുത്തുന്ന ചൂണ്ടക്കാരോ ഉണ്ടായാൽ ഭാഗ്യം. മിന്നായം പോലെ കാറ്റത്താടുന്ന നാളങ്ങൾ ഉള്ള പാട്ടവിളക്കുകൾ അവരുടെ കൊച്ചുവള്ളങ്ങളിൽ കണ്ടേക്കാം. മഴയാണെങ്കിൽ അതും ഉണ്ടാവില്ല. എന്തായാലും ഞാൻ പുങ്കിനടുത്തുകൂടെ തുഴഞ്ഞു പോകുമ്പോൾ കിഴക്കോട്ടു നോക്കി. അവിടെ ആരൊക്കെയോ നിൽക്കുന്നുവോ ? എന്നിൽ ഭീതിയേറി. കൈയിലും കാലിലും ഒരു മരവിപ്പ് . പിന്നെ അറിയാവുന്നതും അറിവില്ലാത്തതുമായ സർവ്വ ദൈവങ്ങളെയും വിളിച്ചൊരു തുഴച്ചിലായിരുന്നു. ഏകദേശം പതിനൊന്നര ആയപ്പോൾ ഞാൻ പുങ്കിന്റെ ഭാഗത്തുനിന്നും മാതിരമ്പള്ളി ജെട്ടിയിൽ എത്തി. അവിടുന്ന് അരമണിക്കൂർ കൊണ്ട് വീട്ടിലും. വീട്ടിൽ എത്തിയപ്പോൾ വല്യച്ഛൻ ഒരുമൂസല് തെറി. പട്ടാപ്പകലുപോലും മാനുംമനുഷ്യനുമില്ലാത്ത ആ പ്രദേശത്തുകൂടി രാത്രി വള്ളം തുഴഞ്ഞതിനു ശരിക്കും വഴക്കുപറഞ്ഞു വീട്ടിൽ എല്ലാരും. എന്നാൽ അഡ്വഞ്ചർ സിറ്റുവേഷൻസ് ആസ്വദിക്കുന്ന എനിക്ക് അതും ഒരു സ്‌പീരിയൻസ് ആയെന്നു പറഞ്ഞാൽ മതിയെല്ലോ. എന്തായാലും പിറ്റേന്നും തിരിച്ചു തുഴഞ്ഞു ഞാൻ പോയി തകഴിക്ക്. തുടർച്ചയായി മൂന്നു ദിവസം പോയതിനു ശേഷമാണു മോട്ടോർ ശരിയായി കിട്ടിയത്.
പകൽ സമയങ്ങളിൽ പോലും ഭീതിതോന്നിക്കും പുങ്കിന്റെ വഴിയെയുള്ള സഞ്ചാരം. ഓർമ്മകളിൽ പമ്പാനദിയെപ്പറ്റി ഓർക്കുമ്പോൾ പലർക്കും ഭീതിതോന്നുന്ന ഒരു പ്രദേശമാണ് പുങ്ക് . ദേശാടനക്കിളികൾ കൂടുകൂട്ടുന്ന ഒരു ഒറ്റത്തുരുത്ത് . ഇന്നിപ്പോൾ യാത്രാബോട്ടുകൾ ഇല്ല. കെട്ടുവള്ളങ്ങൾ ഇല്ല. കൊയ്ത്തുകാർ ഇല്ല , കുഞ്ചയുടെ കടയും ഉണ്ടാവില്ല. എങ്കിലും ഒരല്പം ഹുങ്കോടെ പുങ്കവിടെ ഇപ്പോഴും കാണും.
എൻ. കെ അജിത് ആനാരി