രചന : സെഹ്റാൻ✍
കഥയിലൂടെ നടക്കവേ
പതിനാറാം നമ്പർ തെരുവിൽ നിന്നും
നഗരത്തിലേക്കുള്ള തിരിവിൽ വെച്ചാണ്
എൻ്റെ മുമ്പിലൊരു സൈക്കിൾറിക്ഷ
പ്രത്യക്ഷപ്പെട്ടത്!
ഏതോ പ്രേരണയിൽ ഞാനതിൽ കയറിയിരിക്കുകയും, തത്സമയമത് ആകാശത്തേക്ക് പൊങ്ങിപ്പറക്കുകയുമുണ്ടായി!
(എന്നിലത് വലിയ പരിഭ്രാന്തിയുണർത്തി.)
“എനിക്ക് താഴെയിറങ്ങണം. കഥയിൽ നിന്നും, ഈ റിക്ഷയിൽ നിന്നും…”
താഴെ നിന്ന ജനക്കൂട്ടത്തോടായി ഞാൻ അലറിവിളിച്ചു.
“നിങ്ങൾ ആകാശത്തിന്റെ ഭാഷ സംസാരിക്കുന്നു. ഞങ്ങൾക്കത് ഗ്രഹിക്കാനാവുന്നില്ല. ഭൂമിയുടെ ഭാഷയിൽ പറയൂ. ഭൂമിയുടെ ഭാഷയിൽ…”
മറുപടിയായ് ജനം ആർത്തു.
ഞാൻ വിയർത്തു. എനിക്കത് സാധിച്ചില്ല. ഭൂമിയുടെ ഭാഷ ഞാൻ മറന്നുപോയിരുന്നു!
അസംബന്ധങ്ങളുടെയീ കഥയിൽ നിന്നും വേതാളമൊരു ചോദ്യം ഉരുവപ്പെടുത്തുമെന്നും, വിക്രമാദിത്യനോടത് കൗശലപൂർവം ആരായുമെന്നും, വിക്രമാദിത്യനതിന് കൃത്യമായി മറുപടി പറഞ്ഞ് കഥയിൽ നിന്നുമെന്നെ മോചിപ്പിക്കുമെന്നും ഞാനപ്പോൾ ഭ്രാന്തമായി വിശ്വസിക്കാൻ തുടങ്ങി.
എന്നാൽ, എൻ്റെ കണക്കുകൂട്ടലുകളാകെ കീഴ്മേൽ മറിച്ച് ഷെഹറാസാദ് ഷെഹരിയാർ രാജാവിനോടാ കഥ പറഞ്ഞുതുടങ്ങുകയും, പിന്നെയത് പാതിയിൽ നിർത്തി ആവേശപൂർവ്വമൊരു ഇണചേരലിനുശേഷം
ക്ഷീണിതരായി ഉറങ്ങിപ്പോവുകയുമാണുണ്ടായത്!!
🧿