മതമൈത്രിയ്ക്കായ് ജീവിതം ഹോമിച്ചു
മാനവസേവയെ മന്നിൽ കണ്ടോൻ
സമത്വസുന്ദര ഭാരതം ദർശിച്ചു
സൃഷ്ടിയെസൃഷ്ടാവിൽ ചേർത്താമന്നൻ.

വഴികളെത്രയും ചെന്നു ചെല്ലുന്നിടം
ഊഴിയിൽ മാനവ നന്മയാക്കി
ആഴിയിൽ പെട്ടുലഞ്ഞീടുന്ന യാനത്തെ
പൊഴിയായ് ചേർത്തു പിടിച്ചമഹാൻ.

നന്മതിന്മകളെ കണ്ടറിഞ്ഞീടുവാൻ
നല്ലമനസ്സാക്ഷി രൂപം കൊള്ളാൻ
ദൈവപുരുഷനായ് വല്ലഭമോടവൻ
ദാനമായ് തന്നു ജനാധിപത്യം.

മതങ്ങൾ ഭാഷകൾ ജീവിതശൈലികൾ
മന്നിനുമാതൃകയായ ദേശം
ബഹുസ്വരതയ്ക്കു പേരുകേട്ടുള്ളിടം
ബലികഴിച്ചുവോ ബാലിശം നാം.

ദൈവത്തെ രാഷ്ട്രീയ വാളാക്കി വീശുന്നു
ദൈവേഷ്ടം കാറ്റിൽ പറത്തുന്നവർ
വൈരികൾ വാഴുന്നീ രാജ്യത്തെ റാഞ്ചുന്നു
വൈദേഹഭരണം പോലാക്കുന്നു.

സത്യത്തെ ഗ്രഹിക്കാനക്ഷീണം യത്നിച്ച
ഉത്തമനാം ഗുരുപോയ് മറഞ്ഞോ?
സത്യവും സ്നേഹവും വാഴുമീയവനി
അസത്യനീരാളിപ്പിടിയിലോ?

എന്തേ ജനങ്ങളാ ഭാഷ മറന്നെന്നോ
പന്തിയിൽ പക്ഷാ ഭേദത്തോടിന്നും?
സ്വന്തമാം ഗാന്ധിജി അന്യനായ് തീർന്നുവോ
സന്തതം വൈരവെടിയേറ്റീടെ?

ഹിംസയെ പുണർന്നുലകിലായെങ്ങുമേ
ഹത്യചെയ്തീടുന്നു സന്മാർഗത്തെ
അഹിംസാചാര്യന്റെ ആദർശമൊക്കെയും
ആറ്റിലൊഴുക്കുന്നു അധർമ്മികൾ.

വഴിവിളക്കെന്തേ കേട്ടുപോയോ, ജനം
കുഴിയിൽ വീണോയനിശ്ചിതമായ്
ഉച്ചനീചത്വത്തിൻ മ്ലേഛതയിൽ വീണു
സ്വച്ഛതയില്ലാതസ്വസ്ഥരായി.

ചിന്തിയ ചോരയെ തീപ്പന്തമാക്കുന്നാ
ചിന്തകൾ വംശീയഹത്യയാലെ.
വിങ്ങുന്നുണ്ടാമനം, തേങ്ങുന്ന മർത്യനെ
താങ്ങുവാനാകാതെയീയുലകിൽ.

തോമസ് കാവാലം.

By ivayana